ഒമാന്റെ നിർമിത ബുദ്ധി സംരംഭത്തിൽ ചേർത്തല മെർപ് സിസ്റ്റംസ് പങ്കാളി
Mail This Article
മസ്കത്ത് ∙ ഒമാൻ സർക്കാരിന്റെ നിർമിത ബുദ്ധി സംരംഭത്തിൽ ചേർത്തല ഇൻഫോ പാർക്ക് ആസ്ഥാനമായ മെർപ് സിസ്റ്റംസ് പങ്കാളി. 2040ൽ ഡിജിറ്റൽ എഐയിലേക്കുള്ള മാറ്റം പൂർണമാക്കുന്നതിന് ഒമാൻ സർക്കാർ പ്രഖ്യാപിച്ച ട്രാൻസ്ഫർമേഷൻ പദ്ധതിക്കു വേഗം കൂട്ടുന്നതിന് മൈക്രോസോഫ്റ്റ് എഐ ടെക്നോളജീസുമായി ചേർന്നാണ് മെർപ് സിസ്റ്റംസ് പ്രവർത്തിക്കുക. ഇതുമായി ബന്ധപ്പെട്ട കരാർ ഒമാൻ ടെല്ലുമായി ഒപ്പുവച്ചു.
ഒമാനിലെ ഡിജിറ്റൽ അടിസ്ഥാന സൗകര്യങ്ങളും സേവനങ്ങളും പരിഷ്കരിക്കുന്നതിന്റ ഭാഗമായാണ് അത്യാധുനിക എഐ സാങ്കേതികവിദ്യ ഉൾപ്പെടുത്തുന്നത്. പ്രവർത്തന ക്ഷമത വർധിപ്പിക്കൽ, ഉപഭോക്തൃ സേവനം മെച്ചപ്പെടുത്തൽ, നൂതന ഡിജിറ്റൽ ഉത്പന്നങ്ങൾ വികസിപ്പിക്കൽ തുടങ്ങിയവയാണ് ഈ കരാറിലൂടെ ലക്ഷ്യമിടുന്നത്. ഒമാൻ സർക്കാരിന്റെ വിവിധ സേവനങ്ങൾ പൂർണമായും ഡിജിറ്റൽവത്കരിക്കും. പേപ്പർ രേഖകൾ, ഡിജിറ്റൽ രേഖകൾ എന്നിവ ഓർഗനൈസ്ഡ് ഡേറ്റ രൂപത്തിലേക്ക് മാറ്റും. സർക്കാർ സേവനങ്ങൾ ലളിതവൽക്കരിക്കും.
എഐ ഉപയോഗിച്ച് മനുഷ്യവിഭവ ശേഷി ഉപയോഗവും പരിഷ്കരിക്കും. അഭിമുഖമടക്കമുള്ള കാര്യങ്ങൾക്ക് എഐ അവതാർ ടൂൾ ഉപയോഗിക്കും. ഒമാൻ ടെല്ലിന്റെ ശൃംഖല മെച്ചപ്പെടുത്തുന്നതു വഴി അതിവേഗ ഇന്റർനെറ്റ് സാധ്യമാക്കും. ഒമാനി പ്രഫഷനലുകൾക്ക് നിർമിതബുദ്ധിയിൽ പരിശീലനവും കരാറിന്റെ ഭാഗമാണ്. ഡിജിറ്റൽ മികവിലേക്കുള്ള യാത്രയിൽ മെർപ് സിസ്റ്റംസുമായുള്ള സഹകരണം നാഴികക്കല്ലാണെന്ന് ഒമാൻടെൽ സിഇഒ തലാൽ അൽ മാമാരി പറഞ്ഞു. ഒമാനെ പൂർണമായും ഡിജിറ്റൽ കണക്ടിവിറ്റിയുള്ള രാജ്യമാക്കി മാറ്റുകയാണ് ലക്ഷ്യമെന്നും അദ്ദേഹം പറഞ്ഞു. ഈ ലക്ഷ്യത്തിലേക്കുള്ള പ്രധാന പങ്കാളിയാണ് മെർപ് സിസ്റ്റംസെന്നും അദ്ദേഹം പറഞ്ഞു. ആധുനികവൽക്കരണത്തിലൂടെ നേതൃനിരയിലേക്ക് ഉയരുക എന്ന നയത്തിന്റെ ചുവടുപിടിച്ചാണ് ഒമാൻ ടെല്ലുമായുള്ള കരാർ യാഥാർഥ്യമാക്കിയതെന്ന് മെർപ് സിസ്റ്റംസ് സിഇഒ പ്രേം നായർ പറഞ്ഞു.