ADVERTISEMENT

അബുദാബി ∙ ബലാത്സംഗം, ബന്ധുക്കളിൽ നിന്നോ കുടുംബാംഗങ്ങളിൽ നിന്നോ പീഡനം എന്നിവ മൂലമുണ്ടാകുന്ന ഗർഭം അലസിപ്പിക്കേണ്ട സാഹചര്യത്തിൽ ഗർഭഛിദ്രത്തിന് വിധേയരാകാൻ സ്ത്രീകളെ അനുവദിച്ച്  യുഎഇ. നടപടി വിപ്ലവകരമായ മാറ്റമായി നിയമവിദഗ്ധർ വിലയിരുത്തുന്നു. യുഎഇ നിയമങ്ങളിലെ സുപ്രധാന നാഴികക്കല്ലാണ് ഈ തീരുമാനം. മെഡിക്കൽ ബാധ്യതാ നിയമവുമായി ബന്ധപ്പെട്ട 2024-ലെ മന്ത്രിസഭാ പ്രമേയം (44) നിബന്ധനകൾക്ക് അനുസൃതമായി ഗർഭഛിദ്രം അനുവദനീയമാണെന്ന് പ്രസ്‌താവിക്കുന്നു.

കുറഞ്ഞത് ഒരു വർഷമെങ്കിലും യുഎഇയിലുള്ളവർക്ക് നിയമം ബാധകം
ഒരു സ്ത്രീയുടെ ഇഷ്ടത്തിന് വിരുദ്ധമായോ അവളുടെ സമ്മതമില്ലാതെയോ ഉള്ള ലൈംഗിക ബന്ധത്തിന്റെ ഫലമായാണ് ഗർഭമുണ്ടായത്, അല്ലെങ്കിൽ, ഉത്തരവാദി സ്ത്രീയുടെ  ബന്ധുക്കളിൽ ആരെങ്കിലും ആണെങ്കിലുമാണ് ഗർഭഛിദ്രം അനുവദിക്കുക. ബലാത്സംഗം നടന്നെങ്കിൽ ഉടൻ അധികൃതരെ അറിയിക്കുകയും പിന്നീട് പബ്ലിക് പ്രോസിക്യൂഷന്റെ ഔദ്യോഗിക റിപ്പോർട്ട് വഴി തെളിയിക്കുകയും വേണം. ഗർഭഛിദ്രം നടക്കുമ്പോൾ ഭ്രൂണത്തിന് 120 ദിവസത്തില്‍ താഴെ വളർച്ച മാത്രമേ പാടുള്ളൂ എന്നും പ്രസ്താവനയിൽ പറയുന്നു. ഗർഭിണിയുടെ ജീവന് ഭീഷണിയുണ്ടാക്കാതെയും ഏതെങ്കിലും തരത്തിലുള്ള മെഡിക്കൽ സങ്കീർണതകൾ ഇല്ലാതെയുമായിരിക്കണം ഗർഭഛിദ്രം നടത്താൻ. കുറഞ്ഞത് ഒരു വർഷമെങ്കിലും യുഎഇയിൽ താമസിച്ചവർക്ക് മാത്രമേ നിയമം ബാധകമാകുകയുള്ളൂ.

 പലപ്പോഴും സ്ത്രീകൾ ലൈസൻസില്ലാത്ത ക്ലിനിക്കുകളെ സമീപിക്കുകയോ ഗർഭഛിദ്രത്തിനായി വിദേശത്തേക്ക് പോകുകയോ ചെയ്യുന്നു. ഇത് അവരുടെ ജീവൻ അപകടത്തിലാക്കുന്നു.

ക്രൈംസ് ആൻഡ് പെനാൽറ്റി നിയമ(ആർട്ടിക്കിൾ 406) മനുസരിച്ച് ബലാത്സംഗ കേസിലെ ഇരയ്ക്ക് 18 വയസ്സിന് താഴെയോ ശാരീരിക വൈകല്യമോ ആരോഗ്യപ്രശ്നമോ ഉണ്ടെങ്കിൽ പ്രതിക്ക് ജീവപര്യന്തം തടവും വധശിക്ഷയുമാണ് വിധിക്കുക. പ്രതി ഇരയുടെ ബന്ധുക്കളിൽ ഒരാളോ അല്ലെങ്കിൽ വിവാഹം കഴിക്കാൻ പാടില്ലാത്ത വ്യക്തിയോ ആണെങ്കിലും ഇതേ ശിക്ഷ ലഭിക്കും. യുഎഇയുടെ ഔദ്യോഗിക ഗസറ്റിൽ പ്രഖ്യാപിക്കുന്ന മുറയ്ക്ക് മന്ത്രിസഭാ തീരുമാനം പ്രാബല്യത്തിൽ വരുമെന്നും അധികൃതർ പറഞ്ഞു.

കർശനമായ നിബന്ധനകൾ
യുഎഇയിൽ അനുവദനീയമായ ഗർഭഛിദ്രം സംബന്ധിച്ച കേസുകൾ നിർവചിക്കുന്നതിനും നിയന്ത്രിക്കുന്നതിനുമായി ഈ മാസം ആദ്യം ആരോഗ്യ-പ്രതിരോധ മന്ത്രാലയം പുതിയ പ്രോട്ടോക്കോളുകൾ പുറപ്പെടുവിച്ചിരുന്നു. ആരോഗ്യമന്ത്രിയോ എമിറേറ്റ് ഹെൽത്ത് അതോറിറ്റി തലവനോ രൂപീകരിക്കുന്ന സമിതിയാണ് ഗർഭഛിദ്ര അഭ്യർഥനകളിൽ തീരുമാനമെടുക്കേണ്ടതെന്ന് പുതിയ നിയന്ത്രണങ്ങൾ അനുശാസിക്കുന്നു.

കമ്മിറ്റിയിൽ മൂന്ന് ഡോക്ടർമാർ ഉൾപ്പെടണം. ലൈസൻസുള്ള ഒരു ആരോഗ്യകേന്ദ്രത്തിൽ ഗർഭഛിദ്രം നടത്തണമെന്നും ഇത് ഏതെങ്കിലും തരത്തിലുള്ള മെഡിക്കൽ സങ്കീർണതകളില്ലാത്തതായിരിക്കണമെന്നും അനുശാസിക്കുന്നു. ഗർഭിണിയായ സ്ത്രീയുടെ ജീവൻ അപകടത്തിലാകാതിരിക്കാനാണ് ഇൗ നിബന്ധനകൾ. കൂടാതെ, നടപടിക്രമത്തിന് മുൻപും ശേഷവും സ്ത്രീകൾ  കൗൺസിലിങ്ങിന് വിധേയമാകണം.

English Summary:

UAE Allows Women to have Abortions

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com