സൗദിയിൽ കഴിഞ്ഞ വര്‍ഷം ഉല്പാദിപ്പിച്ചത് നാലര ലക്ഷം ഔണ്‍സ് സ്വര്‍ണം; ലോഹേതര ധാതുക്കളാലും രാജ്യം സമ്പന്നം
Mail This Article
ജിദ്ദ ∙ സൗദിയിലെ സ്വര്‍ണ ഖനികളില്‍ നിന്ന് കഴിഞ്ഞ വര്‍ഷം 4,57,720 ഔണ്‍സ് (12976.13 കിലോഗ്രം) സ്വര്‍ണം ഉല്‍പാദിപ്പിച്ചതായി വ്യവസായ, ധാതുവിഭവ മന്ത്രാലയ വക്താവ് ജറാഹ് അല്‍ജറാഹ് അറിയിച്ചു. സൗദിയുടെ വിവിധ പ്രവിശ്യകളിലായുള്ള എട്ടു സ്വര്‍ണ ഖനികളിൽനിന്നാണ് ഇത്രയും സ്വർണ്ണം ഉൽപ്പാദിപ്പിച്ചത്. കഴിഞ്ഞ വര്‍ഷാവസാനത്തോടെ സൗദിയിലുള്ള കരുതല്‍ സ്വര്‍ണ ശേഖരം 323 ടണ്‍ ആയി ഉയര്‍ന്നു. കഴിഞ്ഞ വർഷം സൗദിയില്‍ 2,39,380 ഔണ്‍സ് വെള്ളിയും ഉല്‍പാദിപ്പിച്ചു.
സൗദിയില്‍ സ്ഥിരീകരിക്കപ്പെട്ട ധാതുവിഭവ ശേഖരത്തിന്റെ ആകെ മൂല്യം കഴിഞ്ഞ ജനുവരിയോടെ 90 ശതമാനം ഉയര്‍ന്ന് 9.375 ട്രില്യൻ റിയാലായി. 2016 ല്‍ ഇത് അഞ്ചു ട്രില്യൻ റിയാലായിരുന്നു. സൗദിയില്‍ അറേബ്യന്‍ ഷീല്‍ഡിന്റെ വിസ്തീര്‍ണം ഏകദേശം 6,30,000 ചതുരശ്ര കിലോമീറ്ററാണ്. ഇത് സൗദി അറേബ്യയുടെ ആകെ വിസ്തൃതിയുടെ മൂന്നിലൊന്നാണ്. സ്വര്‍ണം, വെള്ളി, അടിസ്ഥാന ലോഹങ്ങള്‍, ഫോസ്‌ഫേറ്റുകള്‍, അപൂര്‍വമായ ധാതുക്കള്‍ എന്നിവയാല്‍ സമ്പന്നമാണ് അറേബ്യന്‍ ഷീല്‍ഡ്.
സൗദിയില്‍ 52 ലേറെ ധാതുക്കളുണ്ടെന്നാണ് കണക്കാക്കുന്നത്. ഇരുമ്പ്, അലൂമിനിയം, ചെമ്പ്, സിങ്ക്, സ്വര്‍ണം പോലുള്ള ലോഹ ധാതുക്കളുടെയും ഫോസ്‌ഫേറ്റ് വളങ്ങള്‍, സിമന്റ്, ഗ്ലാസ്, സെറാമിക്‌സ് പോലുള്ള ലോഹേതര ധാതുക്കളുടെയും ശേഖരത്താൽ സൗദി സമ്പന്നമാണ്. കഴിഞ്ഞ വര്‍ഷം മൊത്തം ആഭ്യന്തരോല്‍പാദനത്തിലേക്ക് 83 ബില്യൻ റിയാലാണ് ഖനന മേഖലയുടെ വിഹിതം. 2017 ല്‍ ഇത് 64 ബില്യൻ റിയാലായിരുന്നു. 2030 ഓടെ മൊത്തം ആഭ്യന്തരോല്‍പാദനത്തില്‍ ഖനന മേഖലയുടെ സംഭാവന 240 ബില്യൻ റിയാലായി ഉയര്‍ത്തുകയാണ് ലക്ഷ്യം.