ADVERTISEMENT

കഥകളിൽ ഒരുമിച്ച് കൂടി അവധിക്കാല യാത്രകൾ പറയാതെ തരമില്ല. കാരണം, മലയാളികൾ ഒന്നിനു പിറകെ ഒന്നായി നാടണയാൻ തുടങ്ങിയിരിക്കുന്നു. വിമാനത്താവളങ്ങൾ തിരക്കിൽ മുങ്ങിത്തുടങ്ങി. തിരക്കിന്റെ കാര്യം നോക്കിയാൽ കടകളിൽ, വീടുകളിൽ, വിമാനത്താവളങ്ങളിൽ, എല്ലായിടത്തും സർവത്ര തിരക്കാണ്.. അൽപം ശമനമുള്ളത് റോഡുകളിൽ മാത്രം. സ്കൂളുകൾ അടച്ചതോടെ അതിന്റേതായ തിരക്ക് കുറവുണ്ട് റോഡുകളിൽ.  

യാത്ര സ്വന്തം നാട്ടിലേക്കാണെങ്കിലും നാട്ടിലെത്തുന്ന പ്രവാസി ഏറക്കുറെ അതിഥിയാണ്. വർഷത്തിൽ 11 മാസവും താമസിക്കുന്ന വീടു വിട്ട് ഇറങ്ങുമ്പോൾ പിടിപ്പതു പണി തീർക്കാനുണ്ട്. വീട് അടിച്ചുവാരി വൃത്തിയാക്കുന്നതു മുതൽ ജോലികളുടെ തിരക്കാണ്. ചിങ്ങം പിറക്കുമ്പോൾ വീടും പരിസരവും വൃത്തിയാക്കുന്നൊരു ശീലമുണ്ട് മലയാളിക്ക്. അതിന്റെ ഗൾഫ് പകർപ്പാണ് ഇപ്പോൾ ഇവിടെ കാണുന്നത്. അവധിക്കു പോകുന്നവർ വീടിന്റെ മുക്കും മൂലയും അടിച്ചു വൃത്തിയാക്കും. വേണ്ടാത്ത സാധനങ്ങളൊക്കെ കളയും. നാട്ടിലേക്കു വാങ്ങിയ സാധനങ്ങളുടെ കവറുകളൊക്കെ ഗാർബേജിലേക്ക് മാറ്റും. കിടപ്പുമുറിയും ഹാളും അടുക്കളയും വെടിപ്പാക്കിയില്ലെങ്കിൽ അവധി കഴിഞ്ഞു വരുമ്പോൾ പാറ്റകളുടെ ആഗോള സമ്മേളനമായിരിക്കും ഇവിടെ. 

മലയാളികൾ ഒന്നിനു പിറകെ ഒന്നായി നാടണയാൻ തുടങ്ങിയിരിക്കുന്നു. Image Credits: kurmyshov/Istockphoto.com
മലയാളികൾ ഒന്നിനു പിറകെ ഒന്നായി നാടണയാൻ തുടങ്ങിയിരിക്കുന്നു. Image Credits: kurmyshov/Istockphoto.com

ഫ്രിജ് കാലിയാക്കൽ
പലപ്പോഴായി ഫ്രിജിൽ കയറ്റിയ സാധനങ്ങൾ ഓരോന്നായി ഗാർബേജിൽ തള്ളുന്ന ചടങ്ങാണ് അടുത്തത്. നാളെ കഴിക്കാം എന്നു പറഞ്ഞ് എടുത്തുവച്ചത്, സൊമാലിയയിൽ പട്ടിണി കിടക്കുന്നവരെ ഓർത്തപ്പോൾ എടുത്തുവച്ചത്, ഇത്രയും വില കൊടുത്തു വാങ്ങിയതു കളയണോ എന്നു കരുതി എടുത്തുവച്ചത് ഉൾപ്പെടെ ഫ്രിജിന്റെ തണുപ്പിൽ ഏതോ കാലത്തു കുത്തിക്കയറ്റിയ സാധനങ്ങളെല്ലാം ഈ ദിവസങ്ങളിൽ പുറത്തുചാടും. നാരങ്ങയുടെ പകുതി മുറി മുതൽ റസ്റ്ററന്റിൽ കഴിച്ചപ്പോൾ അധികം വന്ന ഭക്ഷണം വരെ ഇക്കൂട്ടത്തിലുണ്ടാകും. ഫ്രിജ് കാലിയാക്കി ഓഫാക്കിയില്ലെങ്കിൽ മടങ്ങിവരുമ്പോഴേക്കും ഉള്ളിൽ പൂപ്പൽ കയറിയിട്ടുണ്ടാകും. മാത്രമല്ല, ഇറങ്ങും മുൻപ് മെയിൻ സ്വിച്ച് ഓഫാക്കും എന്നതിനാൽ, ഫ്രിജിൽ ഒന്നും സൂക്ഷിക്കാൻ കഴിയില്ല. യാത്രയ്ക്കു മുൻപ് എല്ലാ ബില്ലുകളും അടച്ചു തീർക്കും. ഫോൺ, ഇന്റർനെറ്റ്, ക്രെഡിറ്റ് കാർഡ് ബില്ലുകളാണ് ഇവയിൽ പ്രധാനം. എല്ലാ ടാപ്പുകളും അടച്ചുവെന്ന് ഉറപ്പു വരുത്തും. ചിലർ ട്രാവലിങ് ബിൽ ആക്ടിവേറ്റ് ചെയ്യും. വീട്ടിൽ ആളില്ലാത്തപ്പോൾ, പൈപ്പിൽ ലീക്കോ മറ്റോ ഉണ്ടായി, ഉയർന്ന ബില്ല് വരുന്നതു തടയാനിത് ഉപകരിക്കും. 

ഇന്റർനെറ്റ് ഓഫാക്കണം. കഴിയുമെങ്കിൽ അടുത്ത ബന്ധുവിനെയോ തൊട്ടടുത്ത താമസക്കാരെയോ വീടിന്റെ ഒരു സ്പെയർ കീ ഏൽപ്പിക്കും. ഇടയ്ക്ക് ഒന്നു തുറന്നു നോക്കണേ എന്ന സ്നേഹനിർഭരമായ അപേക്ഷയോടെ. ഇനിയുള്ള വെല്ലുവിളി വാഹനമാണ്. ലൈസൻസുള്ള ബന്ധുക്കൾക്കും സുഹൃത്തുക്കൾക്കും ഡിമാൻഡ് കൂടുന്ന മാസങ്ങളാണിത്. വണ്ടി ഇടയ്ക്കൊന്നു സ്റ്റാർട്ടാക്കി ഇടാൻ ഇവരുടെ സഹായം കൂടിയേ തീരു. അതിനു സാധിക്കാത്തവർ ബാറ്ററി ഊരിവച്ചിട്ടു പോകും. കെട്ടിടങ്ങളുടെ ഉള്ളിൽ പാർക്കിങ് ഉള്ളവർ വണ്ടി വൃത്തിയാക്കുന്ന കാര്യത്തിൽ അത്ര ആശങ്കപ്പെടില്ല. 

കാറിനും വേണം വൃത്തി
എന്നാൽ, വീടുകൾക്ക് പുറത്തു പാർക്ക് ചെയ്യുന്നവർക്ക് വണ്ടിയുടെ വൃത്തി പ്രശ്നം തന്നെയാണ്. പൊടി പിടിച്ചു വണ്ടി വൃത്തികേടായി വഴിയിൽ കിടന്നാൽ, വൻ തുകയാണ് പിഴ നൽകേണ്ടി വരിക. 500 – 3000 ദിർഹം വരെ ഇത്തരത്തിൽ പിഴ കിട്ടിയ പ്രവാസികളുണ്ട്. പാർക്കിങ് സ്ഥലങ്ങളിൽ വണ്ടി കഴുകാൻ എത്തുന്നവരാണ് ഇത്തരം സന്ദർഭങ്ങളിൽ സഹായം. മാസം 100 – 150 രൂപ നിരക്കിൽ വണ്ടി കഴുകുന്നവരുണ്ട്. അവരെ ഏൽപ്പിച്ചു പോയാൽ, രണ്ടു ദിവസം കൂടുമ്പോൾ അവർ വൃത്തിയാക്കിക്കൊള്ളും. ചിലർ വണ്ടി കവർ ഇട്ടു മൂടിയും പോകാറുണ്ട്. വീട്ടിലെ കാര്യങ്ങൾ മാത്രം ക്രമപ്പെടുത്തിയാൽ പോരാ, പുറത്തു കിടക്കുന്ന വണ്ടിയുടെ കാര്യം വരെ പ്രവാസി ഉറപ്പാക്കണമെന്നു ചുരുക്കം. 

അങ്ങനെ, ചെയ്തു തീർക്കേണ്ട നീണ്ട പണികൾ ഓരോന്നായി പൂർത്തിയാക്കിയെന്ന് ഉറപ്പാക്കിയ ശേഷമാകും ഓരോ പ്രവാസിയും നാട്ടിലേക്കു വിമാനം കയറുക. ഇനി അവധി, എല്ലാം മറന്ന് കുടുംബമൊത്ത് ആഘോഷിക്കാനുള്ള ദിവസങ്ങൾ. ഈ അവധികൾക്കൊരു പ്രത്യേകതയുണ്ട്. കണ്ണടച്ചു തുറക്കുന്നതാണ് ഇതിന്റെ വേഗം. എല്ലാ പ്രവാസികൾക്കും ആസ്വാദ്യകരമായ അവധി ആശംസിക്കുന്നു.

English Summary:

Expatriates are busy cleaning the house before leaving for home - Karama Kathakal

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com