എയർ കേരള യഥാർഥ്യമാകുന്നു; വൻ തൊഴിലവസരങ്ങളുമായി അടുത്ത വർഷം ‘പറന്നുയരും’
Mail This Article
ദുബായ് ∙ പ്രവാസി സംരംഭകരുടെ നേതൃത്വത്തിലുള്ള എയർ കേരള വിമാന സർവീസിന് സിവിൽ വ്യോമയാന മന്ത്രാലയത്തിന്‍റെ പ്രവർത്തനാനുമതി (എൻഒസി) ലഭിച്ചതായി അധികൃതർ അറിയിച്ചു. അടുത്ത വർഷം ആദ്യപാദത്തിൽ 2 വിമാനങ്ങളുമായി ആഭ്യന്തര സർവീസുകൾ ആരംഭിക്കാനാണ് ലക്ഷ്യമിടുന്നത്. 20 വിമാനങ്ങൾ സ്വന്തമാക്കിയ ശേഷം ഗൾഫ് ഉൾപ്പെടെയുള്ള രാജ്യാന്തര സർവീസുകളും ആരംഭിക്കുമെന്ന് പ്രാദേശിക എയർലൈൻ കമ്പനിയായ സെറ്റ്ഫ്ലൈ ഏവിയേഷൻ ചെയർമാനും പ്രവാസി വ്യവസായിയുമായ അഫി അഹമ്മദ് വ്യക്തമാക്കി.
∙ കേരളത്തിന്‍റെ വിമാനക്കമ്പനി
നേരത്തെ ഉമ്മൻചാണ്ടി സർക്കാർ ആരംഭിക്കാൻ പദ്ധതിയിട്ടിരുന്ന എയർ കേരള പദ്ധതി പിന്നീട് ഉപേക്ഷിച്ച പോലെയായിരുന്നു. എന്നാൽ, കഴിഞ്ഞ വർഷം എയർ കേരള വെബ്സൈറ്റ് ഉദ്ഘാടനം ചെയ്തു. ഇപ്പോൾ സിവിൽ വ്യോമയാന മന്ത്രാലയത്തിന്‍റെ അനുമതി ലഭിച്ചതോടെയാണ് കേരളത്തിന് സ്വന്തമായ ഒരു വിമാനകമ്പനി എന്ന സ്വപ്നം യാഥാർഥ്യത്തിലേക്ക് പറന്ന് ഉയരാൻ തയ്യാറെടുക്കുന്നത്.
∙പ്രവാസികളുടെ ദീർഘകാല സ്വപ്നം
പ്രവാസി മലയാളികളുടെ ഏറെക്കാലത്തെ സ്വപ്നമായിരുന്നു എയർകേരള. ആഭ്യന്തര സർവീസുകൾ തുടങ്ങുന്നതിനുള്ള അനുമതിയാണ് ഇപ്പോൾ ലഭിച്ചിരിക്കുന്നത്. എയർകേരള സർവീസ് ആരംഭിക്കുന്നതോടെ കേരളത്തിന്‍റെ ടൂറിസം, ട്രാവൽ മേഖലയിൽ വിപ്ലവം സൃഷ്ടിക്കപ്പെടുമെന്ന് പ്രതീക്ഷിക്കുന്നു. കുത്തനെ ഉയർന്ന വിമാന ടിക്കറ്റ് നിരക്കുകൾ ഉൾപ്പെടെ കേരള പ്രവാസികൾ നേരിടുന്ന വിമാനയാത്രാ പ്രശ്നങ്ങൾക്ക് വരും വർഷങ്ങളിൽ പരിഹാരം കാണാൻ സാധിക്കുമെന്ന് സെറ്റ്ഫ്ലൈ ഏവിയേഷൻ വൈസ്ചെയർമാൻ അയ്യൂബ് കല്ലട പ്രതീക്ഷ പ്രകടിപ്പിച്ചു.
∙തുടക്കത്തിൽ ടയർ2, ടയർ3 നഗരങ്ങളെ ബന്ധിപ്പിക്കും
തുടക്കത്തിൽ ടയർ2, ടയർ3 നഗരങ്ങളെ ബന്ധിപ്പിച്ചായിരിക്കും സർവീസ്. ഇതിനായി 3 എ.ടി.ആർ 72-600 വിമാനങ്ങളാണ് ഉപയോഗിക്കുക. നിർമാതാക്കളിൽ നിന്ന് വിമാനങ്ങൾ നേരിട്ട് സ്വന്തമാക്കാനുള്ള സാധ്യതകളും തേടുന്നുണ്ട്. സ്ഥാപനത്തിലേക്ക് കേരളത്തിൽ നിന്നുള്ള വ്യോമയാന മേഖലയിൽ വൈദഗ്ധ്യമുള്ളവരെയും പരിഗണിക്കും. അധികം വൈകാതെ വിമാനങ്ങളുടെ എണ്ണം 20 ആക്കി ഉയർത്തി വിദേശ രാജ്യങ്ങളിലേയ്ക്ക് സർവീസുകൾ വ്യാപിപ്പിക്കാനാണ് പദ്ധതി. ഇത് മലയാളി പ്രവാസികൾക്ക് നൽകുന്ന ഒരു സമ്മാനം കൂടിയാണ്. കമ്പനി സിഇഒ ഉൾപ്പെടെ പ്രാധാന തസ്തികയിലേക്ക് ഉള്ളവരെ നിർദ്ദേശിച്ചു കഴിഞ്ഞു. ബന്ധപ്പെട്ട പ്രഖ്യാപനങ്ങൾ ഉചിതമായ സമയത്ത് ഉണ്ടാവും. മലയാളി സമൂഹത്തിനുള്ള ഏറ്റവും വലിയ അംഗീകാരമായിട്ടാണ് ഇതിനെ കാണുന്നത്. ആദ്യമായി കേരളം ആസ്ഥാനമായി വരുന്ന വിമാനകമ്പനി, പ്രവാസി തുടങ്ങുന്ന വിമാനകമ്പനി എന്നിങ്ങനെ ഒട്ടേറെ പ്രത്യേകതകൾ ഇതിനുണ്ട്. എയർകേരള (airkerala.com) എന്ന ബ്രാൻഡിലാകും കമ്പനി സർവീസുകൾ നടത്തുകയെന്നും അഫിഅഹമ്മദ് പറഞ്ഞു. പ്രവാസികൾ ഉൾപ്പെടെയുള്ള എല്ലാ മലയാളികളെയും ഇതിന്‍റെ ഭാഗമാക്കാൻ വേണ്ട കാര്യങ്ങൾ ആലോചനയിലാണെന്നും അറിയിച്ചു.
∙ വ്യോമയാന മേഖലയിൽ 350ലേറെ തൊഴിലവസരങ്ങൾ
കമ്പനി യാഥാർഥ്യമാകുന്നതോടെ ആദ്യ വർഷം തന്നെ കേരളത്തിൽ മാത്രം വ്യോമയാന മേഖലയിൽ 350 ലേറെ തൊഴിലവസരങ്ങൾ ഉണ്ടാകുമെന്നാണ് പ്രതീക്ഷ. ഒരു വര്‍ഷം മുൻപാണ് അഫി അഹമ്മദ് 10 ലക്ഷം ദിർഹം (ഏകദേശം 2 .2 കോടി രൂപ ) നൽകി എയർകേരള ഡോട് കോം ഡൊമൈൻ സ്വന്തമാക്കിയത്. വാർത്ത സമ്മേളനത്തിൽ കമ്പനി സെക്രട്ടറി ആഷിഖ് , ജനറൽ മാനേജർ സഫീർ മഹമൂദ്, നിയമോപദേഷ്ടാവ് ശിഹാബ് തങ്ങൾ എന്നിവരും സംബന്ധിച്ചു.