റിക്രൂട്ട്‌മെന്‍റ് മുതൽ തിരികെ മടങ്ങും വരെ നിരീക്ഷണം; പ്രവാസികളുടെ അവകാശ സംരക്ഷണത്തിനായി കുവൈത്ത്
Mail This Article
കുവൈത്ത് സിറ്റി ∙ രാജ്യത്തെ പ്രവാസി തൊഴിലാളികളുടെ അവകാശങ്ങൾ സംരക്ഷിക്കുക എന്ന ലക്ഷ്യത്തോടെ പബ്ലിക് അതോറിറ്റി ഫോർ മാൻപവർ പ്രഖ്യാപിച്ച 'ടുഗതർ 4' പദ്ധതിക്ക് തിങ്കളാഴ്ച തുടക്കമായി. രാജ്യത്തെ മുഴുവൻ പ്രവാസി തൊഴിലാളികളുടെയും അവകാശങ്ങൾ ഉറപ്പുവരുത്തുന്നതിനുള്ള എല്ലാ നടപടിക്രമങ്ങളും അവലോകനം ചെയ്യാൻ അതോറിറ്റി ശ്രമിക്കുന്നതായി പാം ലേബർ പ്രൊട്ടക്ഷൻ സെക്ടർ ആക്ടിങ് ഡപ്യൂട്ടി ഡയറക്ടർ ജനറൽ ഡോ. ഫഹദ് അൽ മുറാദ് വാർത്താസമ്മേളനത്തിൽ അറിയിച്ചു.
റിക്രൂട്ട്‌മെന്‍റ് ഘട്ടം മുതൽ തൊഴിലാളികൾ സ്വദേശങ്ങളിലേക്ക് മടങ്ങുന്നത് വരെയുള്ള നടപടികളുടെ എല്ലാ വശങ്ങളും ഇത്തരത്തിൽ വിലയിരുത്തും. സിവിൽ സൊസൈറ്റി സ്ഥാപനങ്ങളുമായും, സാമൂഹ്യ കൂട്ടായ്മകളുമായും സഹകരിച്ചു കൊണ്ടാണ് 'ടുഗെദർ 4' ദേശീയ പദ്ധതി നടപ്പാക്കുകയെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. പദ്ധതിയുടെ ഭാഗമായി തൊഴിലാളികൾക്ക് സാമൂഹികവും മാനസികവും നിയമപരവുമായ പിന്തുണ ഉറപ്പാക്കുമെന്നും ആറ് വ്യത്യസ്ത ഭാഷകളിൽ ഹോട്ട്‌ലൈൻ വഴി കൺസൾട്ടേഷനുകൾ നൽകുമെന്നും കുവൈത്ത് സൊസൈറ്റി ഫോർ ഹ്യൂമൻ റൈറ്റ്‌സ് ഡയറക്ടർ ബോർഡ് ചെയർമാൻ ഖാലിദ് അൽ ഹുമൈദി പറഞ്ഞു