മഴക്കെടുതിയിൽ ഷാർജയിൽ വീടുകൾ നശിച്ചവർക്കുള്ള നഷ്ടപരിഹാര തുക 50,000 ദിർഹമായി ഉയർത്തും
Mail This Article
ഷാർജ ∙ ഏപ്രിലിലെ മഴക്കെടുതിയിൽ ഷാർജയിൽ വീടുകൾ നശിച്ചവർക്കുള്ള നഷ്ടപരിഹാര തുക 50,000 ദിർഹമായി ഉയർത്തും. യുഎഇ സുപ്രീം കൗൺസിൽ അംഗവും ഷാർജ ഭരണാധികാരിയുമായ ഷെയ്ഖ് ഡോ. സുൽത്താൻ ബിൻ മുഹമ്മദ് അൽ ഖാസിമിയാണ് ഇക്കാര്യം പ്രഖ്യാപിച്ചത്. 618 പേർക്ക് ഇതുവരെ നഷ്ടപരിഹാരത്തുക ലഭിച്ചിട്ടുണ്ട്.
നഷ്ടപരിഹാരത്തിനായി ആകെ1,53,30,000 ദിർഹം നേരത്തെ അനുവദിച്ചിരുന്നു. അത് ഗുണഭോക്താക്കൾക്ക് ഉടനടി വിതരണം ചെയ്യണമെന്ന് ഷെയ്ഖ് ഡോ.സുൽത്താൻ ഷാർജ സോഷ്യൽ സർവീസസ് വകുപ്പിന് നിർദ്ദേശം നൽകി. ഏപ്രിലിൽ ഭരണാധികാരിയുടെ നിർദ്ദേശപ്രകാരം ഷാർജ എക്‌സിക്യൂട്ടീവ് കൗൺസിൽ പ്രളയം പോലെ ഭാവി സാഹചര്യങ്ങൾ നേരിടുന്നതിനായി സജീവമായ പദ്ധതികൾ തയാറാക്കുന്നതിന്‍റെ ഭാഗമായി സുരക്ഷാ നടപടികൾ വർദ്ധിപ്പിച്ചിരുന്നു.
മഴക്കെടുതിയിൽ ദുരിതമനുഭവിക്കുന്ന വീട്ടുകാർക്ക് സഹായം ലഭിക്കുമെന്നും ഷാർജ ഡിജിറ്റൽ പ്ലാറ്റ്‌ഫോം വഴി അപേക്ഷിക്കാമെന്നും അറിയിച്ചു. പ്ലാറ്റ്‌ഫോം വഴി നാശനഷ്ടങ്ങളുടെ വ്യാപ്തി തെളിയിക്കുന്ന ഒരു റിപോർട്ട് നൽകണം. ഇത് വ്യക്തികൾക്ക് സഹായം ലഭ്യമാക്കാൻ പ്രാപ്തരാക്കുമെന്നും അറിയിച്ചു. 75 വർഷത്തിനിടയിലെ ഏറ്റവും ശക്തമായ മഴയ്ക്ക് യുഎഇ സാക്ഷ്യം വഹിച്ചതിന് ശേഷം വാണിജ്യ സ്ഥാപനങ്ങളുടെ റജിസ്ട്രേഷൻ പുതുക്കലും നിയമലംഘനവുമായി ബന്ധപ്പെട്ട ഫീസ് അടയ്ക്കലും കൗൺസിൽ ഒരു മാസത്തേക്ക് മാറ്റിവച്ചു.