സഞ്ചാരികളേ കാത്തിരിക്കുക, സൗദി ടൂറിസ്റ്റ് വീസ ഒരു മാസത്തിനു ശേഷം പുനരാരംഭിക്കും
Mail This Article
അബഹ ∙ സൗദി അറേബ്യയിലേക്ക് വരാൻ ഉദ്ദേശിക്കുന്ന വിനോദ സഞ്ചാരികളെ ലക്ഷ്യമിട്ടുള്ള ടൂറിസ്റ്റ് വീസ ഒരു മാസത്തിന് ശേഷം വീണ്ടും അനുവദിച്ചു തുടങ്ങുമെന്ന് ടൂറിസം മന്ത്രി അഹ്മദ് അല്‍ഖതീബ്. സൗദി സമ്മര്‍ സീസണ്‍ 2024 വിശദാംശങ്ങള്‍ അറിയിക്കാന്‍ അബഹയില്‍ സംഘടിപ്പിച്ച പത്രസമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു മന്ത്രി.
ജി-20 രാജ്യങ്ങളുടെ കൂട്ടത്തില്‍ ടൂറിസം മേഖലയില്‍ ഏറ്റവും വലിയ വളര്‍ച്ചയുള്ളത് സൗദിയിലാണെന്നും ഈ വര്‍ഷം ആദ്യ പകുതിയോടെ മൊത്തം ആഭ്യന്തരോല്‍പാദനത്തില്‍ വിനോദസഞ്ചാര വ്യവസായ മേഖലയുടെ സംഭാവന അഞ്ചു ശതമാനമായി ഉയര്‍ന്നുവെന്നും മന്ത്രി പറഞ്ഞു. നേരത്തെ ഇത് മൂന്നു ശതമാനമായിരുന്നു. സ്വകാര്യ മേഖലയ്ക്ക് പിന്തുണ നല്‍കാന്‍ ടൂറിസം വികസന നിധി സ്ഥാപിച്ചിട്ടുണ്ട്. ബന്ധപ്പെട്ട എല്ലാ വകുപ്പുകളും പരസ്പര ഏകോപനത്തോടെ പ്രവര്‍ത്തിച്ചതാണ് ടൂറിസം മേഖലയിലെ വിജയത്തിന് പ്രധാന കാരണമെന്നും അദ്ദേഹം വ്യക്തമാക്കി.
സൗദിയിലെ വൈവിധ്യമാര്‍ന്ന ഭൂപ്രദേശം ലോകരാജ്യങ്ങളില്‍ നിന്നുള്ള വിനോദസഞ്ചാരികളെ ആകര്‍ഷിക്കുന്നുണ്ട്. സൗദി ജനത ടൂറിസ്റ്റുകളെ സ്വാഗതം ചെയ്യുകയും ആതിഥ്യമരുളുകയും ചെയ്യുന്നു. ഈ വര്‍ഷം ആദ്യ പകുതിയില്‍ ആറു കോടി വിനോദ സഞ്ചാരികളാണ് സൗദിയിലെത്തിയത്. ഇവര്‍ 15,000 കോടി റിയാലാണ് സൗദിയിൽ ചെലവിട്ടതെന്നും മന്ത്രി പറഞ്ഞു.