ഒമാനിലെ നോട്ടുനിരോധനം: അസാധുവാക്കിയ നോട്ടുകള്‍ ഏതൊക്കെ?; മാറ്റിയെടുക്കേണ്ട അവസാന തീയതി എന്ന്?- അറിയേണ്ടതെല്ലാം
Mail This Article
മസ്‌കത്ത് ∙ ഒമാനില്‍ അസാധുവാകുന്ന വിവിധ നോട്ടുകള്‍ മാറ്റിയെടുക്കാന്‍ ഓര്‍മപ്പെടുത്തി സെന്‍ട്രല്‍ ബാങ്ക് ഓഫ് ഒമാന്‍ (സിബിഒ). അവസാന ദിവസങ്ങളിലെ തിരക്ക് ഒഴിവാക്കുന്നതിന് നോട്ടുകള്‍ നേരത്തെ തന്നെ മാറ്റിയെടുക്കണമെന്നും 2024 ഡിസംബര്‍ 31ന് ശേഷം ഇവ ഉപയോഗിക്കാന്‍ സാധിക്കില്ലെന്നും സെന്‍ട്രല്‍ ബാങ്ക് അറിയിച്ചു.
2020ന് മുമ്പുള്ള കാലങ്ങളിലായി സിബിഒ പുറത്തിറക്കിയ കറന്‍സികളുടെ ചില വിഭാഗങ്ങളുടെ ഉപയോഗമാണ് അവസാനിപ്പിച്ചിരിക്കുന്നത്. ജനുവരിയിലാണ് നോട്ടുകള്‍ പിന്‍വലിച്ചുള്ള ഉത്തരവ് പ്രഖ്യാപിച്ചത്. 360 ദിവസമാണ് സമയം അനുവദിച്ചിരിക്കുന്നത്. ഈ സമയപരിധി ഡിസംബര്‍ 31ന് അവസാനിക്കും. സെന്‍ട്രല്‍ ബാങ്ക് ഓഫ് ഒമാന്റെ റൂവി, സുഹാര്‍, സലാല ബ്രാഞ്ചുകളില്‍ നിന്നും രാജ്യത്തെ മറ്റു ബാങ്കുകളില്‍ നിന്നും നോട്ടുകള്‍ മാറ്റിലഭിക്കും.
∙ അസാധുവാക്കിയ നോട്ടുകള്‍
1995 നവംബറില്‍ സെന്‍ട്രല്‍ ബാങ്ക് ഓഫ് ഒമാന്‍ പുറത്തിറക്കിയ ഒരു റിയാല്‍, 500 ബൈസ, 200 ബൈസ, 100 ബൈസ, 2000 നവംബറില്‍ ഇഷ്യൂ ചെയ്ത 50, 20, 10, അഞ്ച് റിയാലുകള്‍, 2005ല്‍ പുറത്തിറക്കിയ ഒരു റിയാല്‍, 2010ല്‍ പുറത്തിറക്കിയ 20 റിയാല്‍, 2011, 2012 വര്‍ഷങ്ങളില്‍ സെന്‍ട്രല്‍ ബാങ്ക് ഓഫ് ഒമാന്‍ നല്‍കിയ 50, 10, അഞ്ച് റിയാലുകള്‍, 2015ല്‍ പുറത്തിറക്കിയ ഒരു റിയാല്‍, 2019ല്‍ നല്‍കിയ 50 റിയാല്‍.