ADVERTISEMENT

ദുബായ് ∙ പിടികൂടാൻ ക്യാമറയില്ലെന്ന് കരുതി അമിതവേഗത്തിലും സീറ്റ് ബെൽറ്റിടാതെയും മൊബൈൽ ഫോൺ ഉപയോഗിച്ചുകൊണ്ടുമൊക്കെ നിങ്ങളുടെ താമസസ്ഥല പരിസരത്ത് വാഹനം ഒാടിക്കാറുണ്ടോ? എങ്കിൽ സൂക്ഷിക്കുക, ഇത്തരം സ്ഥലങ്ങളിൽ ദുബായ് പൊലീസ്  'നിശബ്ദ റഡാറുകൾ' സ്ഥാപിക്കുന്നു. പരമ്പരാഗത റഡാറുകൾ പോലെ ഫ്ലാഷ് ചെയ്യാത്തതിനാലാണ് ഈ ഉപകരണങ്ങളെ 'സൈലൻ്റ്' എന്ന് വിളിക്കുന്നത്.  

∙പിഴയും ബ്ലാക്ക് പോയിൻ്റും പിന്നാലെ വരും
സീറ്റ് ബെൽറ്റ് ധരിക്കുക, മൊബൈൽ ഫോൺ ഉപയോഗിക്കാതിരിക്കുക തുടങ്ങിയ ശരിയായ സുരക്ഷാ സമ്പ്രദായങ്ങൾ പാലിക്കാൻ ഡ്രൈവർമാരെ പ്രോത്സാഹിപ്പിക്കുന്നതിനാണ് ഇത്തരം സംവിധാനം. അമിതവേഗത്തിലെ നിയമലംഘനങ്ങൾ മാത്രമല്ല, മറ്റു കുറ്റങ്ങളും കണ്ടെത്താനാണ് ഇവ ലക്ഷ്യമിടുന്നതെന്ന് ഉന്നത ഉദ്യോഗസ്ഥൻ പറഞ്ഞു.  ഒരാൾ താമസിക്കുന്ന തിരക്കില്ലാത്ത ചുറ്റുപാടുകളിൽ വാഹനമോടിച്ചാലും ട്രാഫിക് നിയമം ബാധകമാണ്. സീറ്റ് ബെൽറ്റ് ഉറപ്പിക്കുന്നതിൽ പരാജയപ്പെടുന്നത് 400 ദിർഹം പിഴയും 4 ബ്ലാക്ക് പോയിൻ്റുകളും, ഡ്രൈവിങ്ങിനിടെ ഫോൺ  ഉപയോഗിച്ചാൽ 800 ദിർഹം പിഴയും 4 ബ്ലാക്ക് പോയിൻ്റുകളും ലഭിക്കും. സൈലൻ്റ് റഡാറുകൾ എപ്പോൾ സ്ഥാപിക്കുമെന്ന് വ്യക്തമല്ലെന്നും അധികൃതർ പറഞ്ഞു.

വാഹനമോടിക്കുമ്പോൾ മൊബൈൽ ഫോണിൽ സംസാരിക്കുക, സീറ്റ് ബെൽറ്റ് ഇടാതിരിക്കുക തുടങ്ങിയ പെരുമാറ്റ ലംഘനങ്ങള്‍ക്ക്  ദുബായ് പൊലീസ് ഉദ്യോഗസ്ഥർ എപ്പോഴും പിഴ ഈടാക്കുമെന്ന് ട്രാഫിക് ബോധവൽക്കരണ വിഭാഗം മേധാവി സൽമ മുഹമ്മദ് റാഷിദ് അൽ മർറി പറഞ്ഞു.  അമിതവേഗം കണ്ടുപിടിക്കാൻ മാത്രമല്ല, ദുബായിൽ വ്യത്യസ്ത തരം റഡാറുകൾ ഉണ്ടെന്ന് ട്രാഫിക് ടെക്‌നോളജി ഡിപ്പാർട്ട്‌മെൻ്റിൽ നിന്നുള്ള ഹസ്സൻ അലി തലേബ് അൽ ഹാമർ വിശദീകരിച്ചു. പലരും വിചാരിക്കുന്നത് ക്യാമറകളും പൊലീസും അമിതവേഗം മാത്രമേ കണ്ടെത്തുകയുള്ളൂ എന്നാണ്. അവർ നിയമവിരുദ്ധമായ യു-ടേണുകളും മറ്റ് ട്രാഫിക് ലംഘനങ്ങളും പിടിക്കുന്നുവെന്നും അദ്ദേഹം വ്യക്തമാക്കി. അടുത്തിടെ മുഹൈസിന 4ൽ ഒട്ടും തിരക്കില്ലാത്ത, എന്നാൽ അനുവദനീയമല്ലാത്ത സ്ഥലത്ത് വാഹനനമോടിക്കാൻ ശ്രമിച്ച പത്തനംതിട്ട സ്വദേശിക്ക് 500 ദിർഹം പിഴ ലഭിച്ചിരുന്നു. ദുബായുടെ റോഡുകളിൽ "നൂതന ട്രാഫിക് നിയന്ത്രണ സാങ്കേതികവിദ്യകൾ" ഉണ്ടെന്നും ഡ്രൈവിങ് സമയത്ത് മൊബൈൽ ഫോൺ ഉപയോഗവും സീറ്റ് ബെൽറ്റ് ലംഘനങ്ങളും അവർ കണ്ടെത്തുന്നുവെന്നും ദുബായ് പൊലീസ് ഉദ്യോഗസ്ഥൻ പറഞ്ഞു. ദുബായ് റോഡുകളിൽ സ്ഥാപിച്ചിട്ടുള്ള റഡാറുകൾക്ക് രണ്ട് വശത്തെ പാതകൾ കൂടാതെ ഒരു ഹൈവേയിലെ ആറ് പ്രധാന പാതകൾ നിരീക്ഷിക്കാൻ കഴിയും. അവയ്ക്ക് ലൈസൻസ് പ്ലേറ്റുകൾ വായിക്കാനും അവ ഏതെങ്കിലും വിധത്തിൽ മറയ്ക്കുകയോ മറ്റോ  ചെയ്തിട്ടുണ്ടോ എന്ന് തിരിച്ചറിയാനും സാധിക്കും. ഈ ഹൈടെക് ഉപകരണങ്ങൾക്ക് മറ്റൊരു വാഹനം ഒരേ സമയം കടന്നുപോയാലും അമിതവേഗവും മറ്റ് നിയമലംഘനങ്ങളും കണ്ടെത്താനാകും. ദുബായിൽ വാഹനമോടിക്കുന്നവർ കാൽനട ക്രോസിങ്ങുകളിൽ പൂർണമായും നിർത്തണമെന്ന് സൽമ പറഞ്ഞു. കാൽനടക്കാരൻ പൂർണമായും കടന്നുപോകുന്നതുവരെ അവർ കാത്തിരിക്കണം. ഇതിൽ വീഴ്ച വരുത്തിയാൽ 500 ദിർഹം പിഴ ചുമത്തും.

∙കൺട്രോൾ സെൻ്ററിനുള്ളിലെ കൂറ്റൻ സ്‌ക്രീനുകളും നിരീക്ഷിക്കുന്നു
ഈ നൂതന റഡാറുകൾ മാത്രമല്ല, ദുബായ് പൊലീസ് കമാൻഡ് കൺട്രോൾ സെൻ്ററിനുള്ളിലെ കൂറ്റൻ സ്‌ക്രീനുകളും ദുബായിലെ റോഡുകൾ നിരീക്ഷിക്കുന്നു എന്ന് ഒാര്‍മിക്കുക. ദുബായ് പൊലീസ് കമാൻഡ് സെൻ്ററിൽ നിന്ന് റോഡിൽ എന്തെങ്കിലും ട്രാഫിക് ഉണ്ടോ, ഗതാഗത തടസ്സത്തിന് എന്തെങ്കിലും കാരണമാകുന്നുണ്ടോ, ഏതെങ്കിലും ഡ്രൈവർക്ക് സഹായം ആവശ്യമുണ്ടോ തുടങ്ങിയ കാര്യങ്ങൾ ക്യാമറകൾ പരിശോധിച്ച് കണ്ടെത്താനാകും. ഒരു പൊലീസ് പട്രോളിങ് നേരിട്ട് അയയ്ക്കുകയും കമാൻഡ് സെൻ്ററിൽ നിന്ന് സ്ഥിതിഗതികൾ മേൽനോട്ടം വഹിക്കുകയും വിലയിരുത്തുകയും ചെയ്യുമെന്ന് കമാൻഡ് കൺട്രോൾ സെൻ്റർ അസിസ്റ്റൻ്റ് ഡയറക്ടർ മേജർ മുഹമ്മദ് ഷഹ്രിയാർ അൽ ബലൂഷി പറഞ്ഞു. ദുബായ് പൊലീസ് ഒരു മുറിയിൽ നിന്ന് എല്ലാ റോഡുകളും നിരീക്ഷിക്കുന്നുവെന്ന്   സ്‌പെഷ്യലൈസ്ഡ് ഓപറേഷൻസ് തലവൻ ക്യാപ്റ്റൻ മജീദ് അൽ ഖാസിം പറഞ്ഞു.

ആംബുലൻസുകളും പട്രോളിങ് വാഹനങ്ങളും ദുബായിലെല്ലായിടത്തുമുണ്ട്. ഏത് അടിയന്തര സാഹചര്യത്തിലും അവയെ അയക്കാൻ തയാറാണെന്നും അദ്ദേഹം പറഞ്ഞു.  മാത്രമല്ല, വാഹനങ്ങൾ തമ്മിൽ സുരക്ഷിതമായയ അകലം പാലിക്കേണ്ടതിൻ്റെ പ്രാധാന്യത്തെക്കുറിച്ച് ബോധവൽക്കരിക്കാൻ ദുബായ് പൊലീസ്  വിഭാഗം സജീവമായി പ്രവർത്തിക്കുന്നു. ഈ ലംഘനത്തിന് 400 ദിർഹം വരെ പിഴ ഈടാക്കുന്നു. ഈ നൂതന സംവിധാനങ്ങളുടെ ലക്ഷ്യം പിഴ ഈടാക്കുക മാത്രമല്ല, റോഡുകൾ എല്ലാവരും സുരക്ഷിതമായി ഉപയോഗിക്കുക എന്നതാണെന്നും അധികൃതർ വ്യക്തമാക്കി.  

റഡാറുകളുടെ സ്ഥാനം പല ഡ്രൈവർമാർക്കും അറിയാമെന്നും അതിനനുസരിച്ച് വേഗം കുറയ്ക്കുന്ന പ്രവണതയുണ്ടെന്നും പൊലീസ് സമ്മതിക്കുന്നു. എങ്കിലും അമിതവേഗത്തിൽ സഞ്ചരിക്കുന്ന ഡ്രൈവർമാരെ പിടികൂടുന്നതിനുപകരം സ്ഥിരവും സുരക്ഷിതവുമായ ഡ്രൈവിങ് വേഗം നിലനിർത്താൻ അവരെ പ്രേരിപ്പിക്കുക എന്നതിനാണ് അധികൃതരുടെ പ്രഥമ പരിഗണന.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com