ADVERTISEMENT

ദുബായ് ∙ റസ്റ്ററന്റിൽ നിന്ന് ഭക്ഷണവും ഗ്രോസറിയിൽ നിന്ന് മറ്റു സാധനങ്ങളും ഒാർഡർ ചെയ്ത് വഴിക്കണ്ണുമായി ഇനിയധികം കാത്തിരിക്കേണ്ടി വരില്ല, അര മണിക്കൂറിനകം സ്മാർട്ടായ ഡെലിവറി റോബട്ടുകൾ നിങ്ങളുടെയടുത്ത് സാധനങ്ങളുമായി ഒാടിയെത്തും. മൂന്ന് ഓട്ടോണമസ് ഓൺ-ഡിമാൻഡ് ഡെലിവറി റോബട്ടുകൾ ആദ്യഘട്ടത്തിൽ സസ്റ്റൈനബിൾ സിറ്റി പ്ലാസ ഏരിയയിലെ താമസക്കാർക്ക് സേവനം ആരംഭിക്കുമെന്ന് അധികൃതർ അറിയിച്ചു. ദുബായ് ഫ്യൂച്ചർ ലാബ്‌സ്, ലൈവ് ഗ്ലോബൽ എന്നിവയുമായി സഹകരിച്ചാണ് ഈ വർഷം പൈലറ്റ് പ്രൊജക്‌ട് ആരംഭിക്കുക.  

ദുബായ് ഫ്യൂച്ചർ ലാബിൽ നിന്നുള്ള റോബട്ടിസ്റ്റുകളുടെയും എൻജിനീയർമാരുടെയും സംഘം പ്രാദേശികമായി വികസിപ്പിച്ചെടുത്ത ഈ ഡെലിവറി റോബട്ടുകളിൽ തത്സമയ ട്രാക്കിങ് സജ്ജീകരിച്ചിട്ടുള്ള ഫ്ലീറ്റ് മാനേജ്‌മെന്റ് സിസ്റ്റം, ലൈവ് ഗ്ലോബൽ വികസിപ്പിച്ചെടുത്ത ബായ്ക്ക്-എൻഡ് ഓർഡർ, ഡെലിവറി ഓപറേഷൻ സിസ്റ്റം എന്നിവയുൾപ്പെടെ ഒട്ടേറെ നൂതന സവിശേഷതകൾ സജ്ജീകരിച്ചിരിക്കുന്നു. കൂടാതെ സുരക്ഷിതമായ  ഡെലിവറിയും ഉറപ്പാക്കുന്നു. 

∙അരമണിക്കൂറിനുള്ളിൽ 'റോബട് ഡെലിവറി ബോയ്' സ്ഥലത്തെത്തും
ഡെലിവറി റോബട്ടുകൾ 30 മിനിറ്റിനുള്ളിൽ ഡെലിവറി വാഗ്ദാനം ചെയ്യുന്നു. ആവശ്യമുള്ളപ്പോൾ ചാർജിങ് സ്റ്റേഷനുകളും കണ്ടെത്തുന്ന ഇവ മനുഷ്യ ഇടപെടലിന്റെ ആവശ്യകത ഇല്ലാതാക്കുന്നു. 2030-നകം 25% യാത്രകളും സുഗമമാക്കാനുള്ള ദുബായുടെ ദൗത്യവുമായി ഈ സംരംഭം യോജിക്കുന്നു. ദുബായിലെ സിലിക്കൺ ഒയാസിസ് പോലുള്ള സമൂഹത്തിലാണ് ആദ്യം റോബട്ടുകളുടെ പരീക്ഷണങ്ങൾ നടത്തുകയെന്ന് ദുബായ് ഫ്യൂച്ചർ ഫൗണ്ടേഷനിലെ ദുബായ് ഫ്യൂച്ചർ ലാബ്‌സ് ഡയറക്ടർ ഖലീഫ അൽ ഖമ പറഞ്ഞു. വിവിധ ആശയങ്ങൾ പരീക്ഷിക്കുകയും സംയോജിപ്പിക്കുകയും ചെയ്യുന്നതായി എസ് ഇഇ ഹോൾഡിങ്ങിലെ എൻ ഇസഡ് ഇ സൊല്യൂഷൻസ് ജനറൽ മാനേജർ ഫാദി അൽഫാരിസ് പറഞ്ഞു. 

ഓട്ടോണമസ് ഡെലിവറി റോബട്ടുകളെ പൈലറ്റ് ചെയ്യുന്നതിനും അവയുടെ ഭാവി വിന്യാസത്തിനും അനുയോജ്യമായ സ്ഥലമാണിത്. കാർ-ഫ്രീ റസിഡൻഷ്യൽ ക്ലസ്റ്ററുകൾ ഉപയോഗിച്ച് രൂപകൽപന ചെയ്‌തിരിക്കുന്ന റോബട്ടകൾ അത്തരം നൂതന സാങ്കേതികവിദ്യകൾ പരീക്ഷിക്കുന്നതിനും പ്രവർത്തിപ്പിക്കുന്നതിനും സുരക്ഷിതവും അനുകൂലവുമായ അന്തരീക്ഷം പ്രദാനം ചെയ്യുന്നു. ഈ ക്രമീകരണം താമസക്കാരുടെ സുരക്ഷ ഉറപ്പാക്കുകയും ഡെലിവറി റോബട്ടുകളുടെ പ്രകടനം കാര്യക്ഷമമാക്കുകയും ചെയ്യുന്നതിന് നിയന്ത്രിത അന്തരീക്ഷം പ്രദാനം ചെയ്യുന്നു. ലോജിസ്റ്റിക്സിൽ വിപ്ലവം സൃഷ്ടിക്കുന്നതിനുള്ള സുപ്രധാന ചുവടുവയ്പ്പാണ് അത്യാധുനിക ഡെലിവറി റോബട്ടുകളെ വിന്യസിക്കുന്നത് എന്ന് ലൈവ് ഗ്ലോബൽ ചീഫ് എക്സിക്യൂട്ടീവ് ഓഫിസർ ഹസ്സൻ ഹല്ലാസ് പറഞ്ഞു.

English Summary:

Delivery robots will arrive with the goods

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com