സൗദി അറേബ്യയിൽ അത്തിപ്പഴ കൃഷിയിൽ വൻ കുതിപ്പ്; സ്വയം പര്യാപ്തത നേടിയെന്ന് മന്ത്രാലയം
Mail This Article
ജിദ്ദ∙ സൗദി അറേബ്യയിൽ അത്തിപ്പഴ കൃഷിയിൽ വൻ മുന്നേറ്റം. രാജ്യത്തെ വിവിധ പ്രദേശങ്ങളിലായി 1,421 ഹെക്ടറിൽ അത്തിപ്പഴ കൃഷി നടക്കുന്നു. ഇതോടെ അത്തിപ്പഴത്തിൽ സൗദി അറേബ്യ 111% സ്വയം പര്യാപ്തത കൈവരിച്ചതായി പരിസ്ഥിതി, ജലം, കൃഷി മന്ത്രാലയം സ്ഥിരീകരിച്ചു.
വാർഷിക ഉൽപാദനത്തിൽ ജിസാൻ മേഖലയാണ് മുന്നിൽ നിൽക്കുന്നത്. 9,906 ടൺ അത്തിപ്പഴം വാർഷികമായി ജിസാനിൽ നിന്ന് ലഭിക്കുന്നു. ഇതിനു പുറമെ റിയാദ് (8,010 ടൺ), അസീർ (3,970 ടൺ), മക്ക (1,635 ടൺ), അൽ ജൗഫ് (1,033 ടൺ), അൽ ബാഹ (874 ടൺ), അൽ ഖസിം (737 ടൺ), നജ്റാൻ (645 ടൺ), തബൂക്ക് (348 ടൺ), മദീന (245 ടൺ), വടക്കൻ അതിർത്തികൾ (36 ടൺ) എന്നീ പ്രദേശങ്ങളിലും അത്തിപ്പഴം വ്യാപകമായി കൃഷി ചെയ്യുന്നു.
ഓരോ വർഷവും ഫെബ്രുവരി മുതൽ നവംബർ വരെയാണ് സൗദി അറേബ്യയിൽ അത്തിപ്പഴ ഉൽപാദന സീസൺ. വിവിധ പ്രദേശങ്ങളിൽ വ്യത്യസ്ത അളവിൽ ഉൽപാദിപ്പിക്കപ്പെടുന്നതായി മന്ത്രാലയം സൂചിപ്പിച്ചു. സുസ്ഥിര കാർഷിക ഗ്രാമവികസന പരിപാടിയിലൂടെ അത്തിപ്പഴത്തിന്‍റെ ഉൽപ്പാദനവും വിപണനവും വികസിപ്പിക്കാൻ മന്ത്രാലയം പ്രവർത്തിക്കുന്നുണ്ട്. മദനി, ടർക്കിഷ്, നാടൻ, വസീരി, കടോടാ, വൈറ്റ് കിങ്ങ് തുടങ്ങി വിവിധതരം അത്തിപ്പഴങ്ങളുടെ ഉൽപാദനത്താൽ സൗദി അറേബ്യയിൽ കൃഷി ചെയ്യുന്നുണ്ട്.
രക്തസമ്മർദ്ദം കുറയ്ക്കുക, മുടിയുടെയും ചർമ്മത്തിന്‍റെയും ആരോഗ്യം മെച്ചപ്പെടുത്തുക, എല്ലുകളെ ശക്തിപ്പെടുത്തുക, രക്തത്തിലെ പഞ്ചസാരയുടെ അളവ് നിയന്ത്രിക്കുക എന്നിങ്ങനെ ഒന്നിലധികം ആരോഗ്യ ഗുണങ്ങൾ അത്തിപ്പഴത്തിന് ഉണ്ടെന്ന് മന്ത്രാലയം ചൂണ്ടിക്കാട്ടി. പ്രാദേശികമായി ഉൽപാദിപ്പിക്കുന്ന പഴങ്ങൾ അതിന്‍റെ ഉൽപാദന സീസണുകളിൽ കഴിക്കുന്നത് പരമാവധി പോഷകവും ആരോഗ്യപരവുമായ ഗുണങ്ങൾ നൽകുന്നുവെന്നും മന്ത്രാലയം അറിയിച്ചു.