ഒമാനിൽ എം പോക്‌സ് കേസുകള്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടില്ല
Mail This Article
മസ്‌കത്ത് ∙ ഒമാനില്‍ എം പോക്‌സ് കേസുകള്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടില്ലെന്ന് ആരോഗ്യ മന്ത്രാലയം അറിയിച്ചു. എം പോക്‌സ് വൈറസിനെ ചുറ്റിപറ്റിയുള്ള സംഭവവികാസങ്ങള്‍ സൂക്ഷമമായി നിരീക്ഷിച്ചുവരുന്നതായും ആഗോള തലത്തില്‍ നിരവധി കേസുകള്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടുണ്ടെങ്കിലും ഒമാന്‍ എം പോക്‌സ് കേസുകളില്‍ നിന്ന് മുക്തമാണെന്നും സെന്‍റര്‍ ഫോര്‍ ഡിസീസ് ആൻഡ് പ്രിവന്‍റ് ആൻഡ് എമര്‍ജന്‍സി കേസ് മാനേജ്‌മെന്‍റ് വിഭാഗം അറിയിച്ചു.
എംപോക്‌സുമായി ബന്ധപ്പെട്ട കാര്യങ്ങളും സ്ഥിതിഗതികളും ആരോഗ്യ മന്ത്രാലയം നിരന്തരം നിരീക്ഷിക്കുകയും ആവശ്യമായ നടപടികള്‍ സ്വീകരിക്കുകയും ചെയ്യുന്നുണ്ട്.
രാജ്യത്ത് ആവശ്യമായ ലബോറട്ടറി പരിശോധനകള്‍ ലഭ്യമാണെന്നും വൈറസിനെ നേരിടുന്നതിന് സന്നദ്ധമാണെന്നും മന്ത്രാലയം അറിയിച്ചു. പകര്‍ച്ചവ്യാധികള്‍ നിരീക്ഷിക്കുന്നതിന് ലോകാരോഗ്യ സംഘടനയുമായും പ്രസക്തമായ രാജ്യാന്തര, പ്രാദേശിക സംഘടനകളുമായും തുടരുന്ന ഏകോപനത്തിന് ഊന്നല്‍ നല്‍കുന്നുതായും മന്ത്രാലയം പ്രസ്താവനയില്‍ പറഞ്ഞു. എം പോക്‌സ് പടരുന്ന സാഹചര്യത്തില്‍ ലോകാരോഗ്യ സംഘടന ആഗോള അടിയന്തരാവസ്ഥ പ്രഖ്യാപിച്ചിരുന്നു.