സൗദിയിൽ വർക്ക് പെർമിറ്റുകളെ മൂന്ന് വിഭാഗങ്ങളായി വിഭജിക്കും; അഭിപ്രായം തേടി സർക്കാർ
Mail This Article
റിയാദ് ∙ സൗദിയിൽ വർക്ക് പെർമിറ്റുകളെ മൂന്ന് വിഭാഗങ്ങളായി വിഭജിക്കാൻ നീക്കം. നൈപുണ്യ നിലവാരത്തെ അടിസ്ഥാനമാക്കിയാണ് വിഭജിക്കുന്നത്. ഓരോ വർക്ക് പെർമിറ്റുകളും വീസകളും നൈപുണ്യ നിലവാരമനുസരിച്ച് മൂന്ന് വിഭാഗങ്ങളായി വിഭജിക്കുന്നതിനെ അടിസ്ഥാനമാക്കിയുള്ളതാണ് പദ്ധതി.
ഇതിനുള്ള കരട് പദ്ധതിയുമായി ബന്ധപ്പെട്ട നിരീക്ഷണങ്ങൾ സംബന്ധിച്ച് മന്ത്രാലയവുമായി ഏകോപനമുണ്ടാക്കുമെന്ന് മാനവ വിഭവശേഷി, സാമൂഹിക വികസന മന്ത്രാലയം വെളിപ്പെടുത്തി. ഇക്കാര്യത്തിൽ ലഭിച്ച പ്രധാന വീക്ഷണങ്ങളും നിരീക്ഷണങ്ങളും കണക്കിലെടുത്ത് യോജിപ്പിച്ച് പദ്ധതിയുടെ അന്തിമ പതിപ്പ് തയ്യാറാക്കാൻ ശ്രമിക്കുന്നതായി മന്ത്രാലയം വ്യക്തമാക്കി. ഉയർന്ന വൈദഗ്‌ധ്യം, വൈദഗ്‌ധ്യം, അടിസ്ഥാനം എന്നിങ്ങനെ മൂന്ന് വിഭാഗമായി വീസകളും വർക്ക് പെർമിറ്റുകളും തിരിക്കാൻ ആണ് ലക്ഷ്യമിടുന്നത്.
അതേ സമയം 20 ൽ താഴെ ജീവനക്കാരുള്ള ചെറുകിട കമ്പനികളെ പുതിയ റിക്രൂട്ട്മെന്റ് സിസ്റ്റത്തിന്റെ ചില നയങ്ങളിൽ നിന്ന് ഒഴിവാക്കിയിട്ടുണ്ടെന്നും റിപ്പോർട്ടുകൾ വ്യക്തമാക്കുന്നു. പദ്ധതിയുടെ അന്തിമ രൂപം രൂപപ്പെടുത്തുന്നതിന് മുൻപ് കരട് സ്കീമിനെക്കുറിച്ച് പൊതുജനങ്ങളും സ്ഥാപനങ്ങളും അവരുടെ അഭിപ്രായങ്ങൾ അയയ്ക്കാൻ മന്ത്രാലയം അഭ്യർഥിച്ചു.