ദാർസൈത്ത് ഇന്ത്യൻ സ്‌കൂളിൽ സ്വാതന്ത്ര്യദിനാഘോഷം
Mail This Article
മസ്‌കത്ത് ∙ ദാർസൈത്ത് ഇന്ത്യൻ സ്‌കൂളിൽ ഇന്ത്യൻ സ്വാതന്ത്ര്യദിനാഘോഷം വൈവിധ്യമാർന്ന പരിപാടികളോടെ അരങ്ങേറി. സീനിയർ സ്‌കൂൾ ഓഡിറ്റോറിയത്തിൽ നടന്ന പരിപാടി ദേശസ്‌നേഹത്തിന്റെ വിളംബരമായി.
ഇന്ത്യൻ സ്‌കൂൾ മാനേജ്‌മെന്റ് കമ്മിറ്റി പ്രസിഡന്റ് വിജയ ശരവണൻ ശങ്കരൻ മുഖ്യാതിഥിയായിരുന്നു. സ്‌കൂൾ മാനേജ്‌മെന്റ് കമ്മിറ്റി അംഗങ്ങൾ, രക്ഷിതാക്കൾ, അഭ്യുദയകാക്ഷികൾ എന്നിവരുടെ ആവേശകരമായ പങ്കാളിത്തം ചടങ്ങിന് മാറ്റുകൂട്ടി. ഏകത്വത്തിന്റെയും വൈവിധ്യങ്ങളുടെയും സമ്പന്നമായ സാംസ്‌കാരിക പൈതൃകത്തിന്റെയും ഉജ്വലമായ പ്രദർശനം പ്രതിഫലിപ്പിക്കുന്നതായിരുന്നു ആഘോഷ ചടങ്ങ്.
ഇന്ത്യൻ ദേശീയ ഗാനത്തോടെയാണ് പരിപാടികൾ ആരംഭിച്ചത്. ഹെഡ് ബോയ് ആദിൽ ഷഹാം സ്വാഗതം ആശംസിച്ചു. വിജയ ശരവണൻ ശങ്കരൻ തന്റെ പ്രസംഗത്തിൽ രാജ്യത്തിന്റെ പുരോഗതിയെക്കുറിച്ചും ഓരോ പൗരന്റെയും വിശേഷിച്ച് യുവതലമുറയുടെ ഉത്തരവാദിത്തങ്ങളെ കുറിച്ചും സംസാരിച്ചു. ഇന്ത്യൻ രാഷ്ട്രപതി ദ്രൗപതി മുർമുവിന്റെ സ്വാതന്ത്ര്യദിന സന്ദേശത്തിൽ നിന്നുള്ള ചില ഭാഗങ്ങളും അദ്ദേഹം പങ്കുവെച്ചു.
പ്രൈമറി വിങ് ഗായക സംഘം ജനപ്രിയ ദേശഭക്തി ഗാനങ്ങൾ കോർത്തിണക്കി അവതരിപ്പിച്ചു. പ്രൈമറി, സീനിയർ വിഭാഗങ്ങളിൽ നിന്നുള്ള വിദ്യാർഥികൾ ഇന്ത്യയുടെ വൈവിധ്യമാർന്ന സാംസ്‌കാരിക വിസ്മയങ്ങൾ ചിത്രീകരിക്കുന്ന ചടുലവും മനോഹരവുമായ നൃത്തങ്ങൾ അവതരിപ്പിച്ചു. സീനിയർ സ്‌കൂൾ ഗായക സംഘം ദേശഭക്തിഗാനങ്ങൾ അവതരിപ്പിച്ചു. മസ്‌കത്ത് ഇന്ത്യൻ എംബസിയിൽ രാവിലെ നടന്ന സ്വാതന്ത്ര്യദിനാഘോഷത്തിൽ സംഘം ഗാനങ്ങൾ അവതരിപ്പിച്ചിരുന്നു. പ്രൈമറി വിഭാഗം വിദ്യാർഥികൾ ഹൃദയസ്പർശിയായ സ്‌കിറ്റിലൂടെ ഇന്ത്യൻ സ്വാതന്ത്ര്യ സമരത്തിലെ വനിതാ പോരാളികളെ ആദരിച്ചു. ഹെഡ് ഗേൾ ആയിഷ സൽക്കയുടെ നന്ദി പ്രകാശനത്തോടെ പരിപാടികൾ സമാപിച്ചു.