പുതിയ എണ്ണ ടാങ്കറുകള്‍ വാങ്ങാന്‍ സൗദി; 375 കോടി റിയാലിന്റെ കരാർ
Mail This Article
ജിദ്ദ ∙ ഒൻപത് എണ്ണ ടാങ്കറുകള്‍ വാങ്ങാന്‍ കാപ്പിറ്റല്‍ മാരിറ്റൈം ആൻഡ് ട്രേഡിങ് കോര്‍പറേഷനുമായി 375 കോടി റിയാലിന്റെ കരാര്‍ ഒപ്പുവെച്ചതായി സൗദി നാഷനല്‍ ഷിപ്പിങ് കമ്പനി (ബഹ്‌രി) അറിയിച്ചു. ലോകത്തെ ഭീമന്‍ ക്രൂഡ് ഓയില്‍ ടാങ്കറുകളുടെ ഏറ്റവും വലിയ ഉടമകളില്‍ മുന്‍നിര സ്ഥാനം ഉറപ്പാക്കാൻ കരാര്‍ സഹായിക്കും. കമ്പനിക്ക് കീഴിലെ കാലഹരണപ്പെട്ട കപ്പലുകള്‍ സര്‍വീസില്‍ നിന്ന് നീക്കം ചെയ്യുന്ന പ്രക്രിയ കാര്യക്ഷമമാക്കാനും ഈ കരാര്‍ പ്രയോജനപ്പെടുത്തും.
പുതിയ കരാര്‍ കമ്പനിക്ക് കീഴിലെ കപ്പല്‍നിരകളുടെ മത്സരശേഷി ഗണ്യമായി വര്‍ധിപ്പിക്കും. പരിസ്ഥിതി സൗഹൃദവും ആധുനികവുമായ ടാങ്കറുകളിലൂടെ കമ്പനിയുടെ ലാഭവും വരുമാനവും വര്‍ധിക്കും. ഊര്‍ജ ഉപഭോഗത്തില്‍ ഉയര്‍ന്ന കാര്യക്ഷമത കൈവരിക്കുന്നതിലൂടെ പ്രവര്‍ത്തന ചെലവ് കുറയ്ക്കാന്‍ പുതിയ കപ്പലുകള്‍ സഹായിക്കും. അടുത്ത വര്‍ഷം ആദ്യ പാദാവസാനത്തിനു മുമ്പായി പല ബാച്ചുകളായി പുതിയ ടാങ്കറുകള്‍ ബഹ്‌രി കമ്പനിക്ക് ലഭിക്കും. കരാര്‍ ഒപ്പുവച്ചപ്പോള്‍ മൊത്തം ഇടപാട് മൂല്യത്തിന്റെ പത്തു ശതമാനം ബഹ്‌രി കമ്പനി നല്‍കി. ശേഷിക്കുന്ന തുക ടാങ്കറുകള്‍ സ്വീകരിക്കുമ്പോള്‍ കൈമാറും.
ഇടപാടിന് ആവശ്യമായ പണം ബാങ്കുകളില്‍ നിന്നും ആഭ്യന്തര സ്രോതസ്സുകളില്‍ നിന്നും കമ്പനി കണ്ടെത്തും. ക്രൂഡ് ഓയില്‍ കയറ്റുമതിക്കാണ് പുതിയ ടാങ്കറുകള്‍ ഉപയോഗിക്കുക. ബഹ്‌രി കമ്പനിക്കു കീഴില്‍ നിലവില്‍ 40 ഭീമന്‍ എണ്ണ ടാങ്കറുകളുണ്ട്. കപ്പല്‍നിര നവീകരിക്കാനും കാലഹരണപ്പെട്ട കപ്പലുകള്‍ നീക്കം ചെയ്യുന്ന പ്രക്രിയ സുഗമമായി പൂര്‍ത്തിയാക്കാനും പുതിയ ഇടപാട് സഹായിക്കുമെന്നും ബഹ്‌രി കമ്പനി പ്രസ്താവനയില്‍ പറഞ്ഞു.