ഷാർജയില്‍ പാലത്തിൽ നിന്ന് കാർ കടലിലേക്ക് മറിഞ്ഞ് നാല് യുവാക്കൾ മരിച്ചു
Mail This Article
ദുബായ് ∙ ഷാർജയില്‍ പാലത്തിൽ നിന്ന് കാർ കടലിലേക്ക് മറിഞ്ഞ് നാല് യുവാക്കൾ മരിച്ചു. സിറിയക്കാരായ 3 പേരും ഈജിപ്തുകാരനുമാണ് മരിച്ചത്. ഇവരെല്ലാം 21 നും 27 നും ഇടയിൽ പ്രായമുള്ളവരാണ്. വെള്ളിയാഴ്ച പുലർച്ചെ 2.45ന് സെൻട്രൽ മാർക്കറ്റിനും അൽ ജുബൈൽ സൂഖിനും സമീപം ഖാലിദ സ്ട്രീറ്റിലെ പാലത്തിലാണ് അപകടമുണ്ടായതെന്ന് ഷാർജ പൊലീസ് പറഞ്ഞു.
യാത്രക്കാരിൽ മൂന്ന് പേർ സംഭവസ്ഥലത്ത് തന്നെ മരിച്ചു. നാലാമൻ ഇന്ന് ആശുപത്രിയിലും. അപകടം നടന്നസമയം സംഭവസ്ഥലത്തുണ്ടായിരുന്നവർ അധികൃതരെ വിവരമറിയിച്ചതനുസരിച്ച് മാരിടൈം റെസ്ക്യൂ ടീമുകളും പൊലീസ് പട്രോളിങ്ങും ആംബുലൻസുകളും ഉടൻ സ്ഥലത്തെത്തി രക്ഷാപ്രവർത്തനം നടത്തിയെങ്കിലും ജീവൻ രക്ഷിക്കാനായില്ല. വാഹനം വെള്ളത്തിൽ നിന്ന് പുറത്തെടുത്ത് പുലർച്ചെ അഞ്ചോടെ മൃതദേഹങ്ങൾ ആശുപത്രിയിലേക്കും പിന്നീട് പോസ്റ്റ്‌മോർട്ടത്തിനായി ഫോറൻസിക് ലബോറട്ടറിയിലേക്കും മാറ്റി.
വെള്ളത്തിൽ ആഴത്തിൽ മുങ്ങിയ വാഹനത്തിൽ കുടുങ്ങിയ ഡ്രൈവറെയും യാത്രക്കാരെയും പുറത്തെടുക്കാൻ കാറിന്റെ വാതിൽ പെട്ടെന്ന് തുറക്കാൻ കഴിഞ്ഞില്ല. അബോധാവസ്ഥയിൽ കണ്ടെത്തിയ നാലാമനെ ഉടൻ ആശുപത്രിയിൽ എത്തിച്ചിരുന്നു. അമിത വേഗവും ഏകാഗ്രതയില്ലായ്മയും പെട്ടെന്നുള്ള തിരിച്ചിലുമാണ് അപകടത്തിന് കാരണമെന്ന് പൊലീസ് പറഞ്ഞു.