ADVERTISEMENT

ദുബായ് ∙ വയനാട് ഉരുൾപ്പൊട്ടൽ ദുരുന്തത്തെ മുൻകൂട്ടി കണ്ടെഴുതിയതുപോലെ പ്രവാസി മലയാളിയുടെ കവിത ആസ്വാദകരെ വിസ്മയിപ്പിക്കുന്നു. ദുബായിലെ സ്വകാര്യ കമ്പനിയിൽ മാർക്കറ്റിങ് വിഭാഗം തലവനായി ജോലി ചെയ്യുന്ന പത്തനംതിട്ട സ്വദേശി ജയകുമാർ മല്ലപ്പള്ളി എഴുതിയ 'അനിവാര്യത' എന്ന കവിതയാണ് പോസ്റ്റ് ചെയ്ത് ദിവസങ്ങൾക്കകം 30 ലക്ഷത്തോളം പേർ വായിച്ചത്. വരികളുടെ ശക്തികൊണ്ടും  ചലച്ചിത്ര പിന്നണി ഗായകൻ ബിജു നാരായണന്റെ ആലാപന മികവ് കൊണ്ടും കവിത വേറിട്ടുനിൽക്കുന്നു. വയനാട് ഉരുൾപ്പൊട്ടലിന് തൊട്ടുമുൻപാണ് പ്രകൃതിക്ഷോഭം വിഷയമായ കവിത വന്നത് എന്നതാണ് ആസ്വാദകരെ അമ്പരപ്പിക്കുന്നത്. 

2018ൽ കേരളത്തെ പിടിച്ചുകുലുക്കിയ പ്രളയത്തിന് ശേഷമാണ് ജയകുമാർ പരിസ്ഥിതി സംരക്ഷണത്തിന്റെ പ്രാധാന്യം പ്രമേയമാക്കിയ ഇൗ കവിത രചിച്ചത്. ഇതു കേട്ട് ഒരാളെങ്കിലും ഒരു ചെടി നട്ടുപിടിപ്പിച്ചെങ്കിൽ താൻ ധന്യനായെന്ന് ജയകുമാർ പറയുന്നു. പ്രകൃതിക്ഷോഭത്തിൽ നിന്ന് രക്ഷനേടാൻ നാമിനി ചെയ്യേണ്ടതെന്താണ് എന്നു ചൂണ്ടിക്കാണിക്കുന്ന കവിത 'വാകപ്പൂക്കൾ' എന്ന ഇദ്ദേഹത്തിന്റെ ആദ്യ കവിതാ സമാഹാരത്തിൽ നിന്നുള്ളതാണ്. കുറച്ച് നാളുകൾക്ക് മുൻപ് അത് ബിജു നാരായണനെ കൊണ്ട് ചൊല്ലിച്ച് വിഡിയോ ആക്കുകയായിരുന്നു. 

ജയകുമാർ
ജയകുമാർ

നിറഞ്ഞൊഴുകുന്ന പുഴകളും മറ്റുമുള്ള കേരളത്തിന്റെ മനോഹരമായ മഴക്കാല പ്രകൃതിയും മരങ്ങൾ വെട്ടിനശിപ്പിക്കുന്നതും വരണ്ട പുഴകളുമെല്ലാം പശ്ചാത്തലത്തിൽ ഉപയോഗിച്ചു. റിനിൽ ഗൗതമാണ് കവിതയ്ക്ക് ചടുലസംഗീതം പകർന്നത്. ആശയവും സംവിധാനവും അന്‍താര ജീവ്. അരുൺ ശശി വിഡിയോയിൽ അഭിനയിച്ചു. നിർമാണം: അജേഷ് രവീന്ദ്രൻ, ഛായാഗ്രഹണവും എഡിറ്റിങ്ങും: ഇ.എസ്. സുധീപ്. അവതരണം: എസ്എൻജി ഇവന്റ്സ് .ആത്മാവ് തൊട്ട് കവിത ചൊല്ലുന്ന പുതിയൊരു കവിയെ മലയാള കാവ്യ സാഹിത്യത്തിലേയ്ക്ക് ലഭിച്ചിരിക്കുന്നു എന്നായിരുന്നു പുസ്തകത്തിന്റെ പ്രകാശനവേളയിൽ കവി മുരുകൻ കാട്ടാക്കട അഭിപ്രായപ്പെട്ടത്. ഇതുവരെ 600 ലേറെ കവിതകൾ എഴുതിയിട്ടുള്ള  ജയകുമാർ വ്യത്യസ്ത വിഷയങ്ങളിന്മേലുള്ള കുറിപ്പുകളിലൂടെ നവമാധ്യമങ്ങളിലും സജീവമാണ്.  

കവിത തനിക്ക് പലപ്പോഴും തന്നോട് തന്നെയുള്ള കലഹവും പ്രണയവും അനീതിക്കും മൂല്യച്യുതികൾക്കും നേരെയുള്ള വിരൽചൂണ്ടലുകളും ചുറ്റുപാടുകളുമായുള്ള സംവാദവും അഭിനിവേശവുമാണെന്ന് ജയകുമാർ പറയുന്നു. 

2007 മുതൽ യുഎഇയിൽ പ്രവാസിയായ ഇദ്ദേഹം 'വാകപ്പൂക്കൾ' കൂടാതെ, 'ചില മൊണാലിസ കവിതകൾ' എന്നൊരു കവിതാ സമാഹാരവും പ്രസിദ്ധീകരിച്ചിട്ടുണ്ട്. ഹൃദയാഴങ്ങൾ എന്ന വിഡിയോ ബുക്കും പുറത്തിറക്കി.കുടുംബസമേതം ഷാർജയിലാണ് താമസം. ഭാര്യ ശ്രീജ, മകൻ ക്രിഷ് എന്നിവർ ജയകുമാറിന്റെ രചനകളുടെ ആസ്വാദകരും വിമർശകരുമാണ്.

അനിവാര്യത (കവിത)

കരമുത്തിയൊഴുകുന്ന പുഴയിതാ 

ഞാനിന്നു കരതേടിയലയുന്നൊരോർമ മാത്രം. 

നനവില്ലാതഴലുന്ന പുഴയിതാ 

ഞാനിന്ന് നനവോലും നാളുകൾ 

അന്യമായി കാറ്റില്ല കോളില്ല 

തീരം കറുത്തു പോയി 

കളകൾ നിറഞ്ഞൊരു കാട് മാത്രം 

ഉറവയില്ലിന്നെന്റെ മിഴികളിൽ പടരുന്നു 

തപ്തമാം കണ്ണീർ കിനാവു മാത്രം 

പുക പടർത്തീ കണ്ണിൽ കരിയോഴിച്ചു 

എന്റെ വിരിമാറിൽ നിങ്ങളോ ശവമടക്കി. 

മല നികത്തി നിങ്ങൾ വയൽ നിറച്ചു, 

നെല്ലിൻ വിളകൾക്ക് കതിരിലായ് വളവും വെച്ചു. 

വനമരിഞ്ഞു നിങ്ങൾ വിറകൊരുക്കി 

അതിൽ വറുതിയുടെ വറചട്ടി തീയിലേറ്റി. 

പുളിനങ്ങളൊക്കെയും പങ്കു വച്ചൂ നീയും 

പേക്കോലമാടിയീ പാതിരാവിൽ. 

ഹൃദയം പിളർത്തിച്ചു പോരാതെ 

നീയെന്റെ ഉദരം കുഴിച്ചതിൽ കിണറു കോരി. 

മൃതിയടുത്തെങ്കിലും ഇനിയുമുണ്ടാശകൾ 

കരമുട്ടിയൊന്നുകൂടൊഴുകിടേണം. 

കരളിൽ കനക്കുന്ന കനലുണ്ടെനിക്ക് 

ഞാൻ കനലാട്ടമാടിയാൽ കനവറ്റ്പോയിടും. 

കരയറ്റുപോയൊരു കരയുന്ന പുഴയല്ല 

കലിയേറ്റിരമ്പും കരിമ്പുഴയിന്നു ഞാൻ. 

കെട്ടിപ്പടുത്തി എൻ തീരം കവർന്ന 

നിൻ കൊട്ടാരമപ്പാടെ കാറ്റിൽ പറത്തിടും. 

കാടെടുക്കും പിന്നെ നാടെടുക്കും 

ഞാനോ കാട്ടിത്തരുന്നുണ്ട് കാട്ടുനീതി 

പ്രചണ്ഡ പ്രകർഷമായ് പെയ്യട്ടെ പ്രകൃതിയും 

പൊട്ടിത്തെറിക്കട്ടെ പ്രളയാഗ്നികൾ 

മല പൊട്ടിയൊഴുകുന്ന മലവെള്ളപ്പാച്ചിലിൽ 

മലയോരമാകവേ മാഞ്ഞു പോകും.. 

കരയുന്നുവോ നിങ്ങൾ കൈകൾ പിണച്ചെന്റെ

കനിവിനായ് കേഴുന്ന കാലം വിദൂരമോ. 

അലിവ് തോന്നില്ല ,നീ അനുഭവിക്കേണ്ടവൻ

അനിവാര്യം നിന്റെയീ മരണപത്രം.

English Summary:

Poem by t NRI is touching

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com