എണ്ണ ഇതര വിദേശ വ്യാപാരത്തിൽ റെക്കോർഡ് നേട്ടവുമായി യുഎഇ
Mail This Article
ദുബായ് ∙ എണ്ണ ഇതര വിദേശ വ്യാപാരത്തിൽ റെക്കോർഡ് നേട്ടവുമായി യുഎഇ. ആദ്യ 6 മാസം 1.39 ലക്ഷം കോടി ദിർഹത്തിന്റെ നേട്ടമാണ് യുഎഇ നേടിയത്. ഇത് രാജ്യത്തിന്റെ ചരിത്രത്തിലെ ഏറ്റവും ഉയർന്ന വരുമാനമാണെന്ന് യുഎഇ വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബായ് ഭരണാധികാരിയുമായ ഷെയ്ഖ് മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂം പറഞ്ഞു.
ലോക രാജ്യങ്ങളുമായുള്ള യുഎഇയുടെ സാമ്പത്തിക ബന്ധം ശക്തിപ്പെട്ടു. ഇന്ത്യയുമായുള്ള വ്യാപാരത്തിൽ 10% വർധനയുണ്ടായി. തുർക്കിയുമായി 15 ശതമാനവും ഇറാഖുമായി 41 ശതമാനവും വ്യാപാര വളർച്ചയുണ്ടായി. യുഎഇയിൽ നിന്നുള്ള കയറ്റുമതി ഏറ്റവും കൂടുതൽ ഇറാഖിലേക്കാണ്.
രണ്ടാം സ്ഥാനത്ത് ഇന്ത്യയും മൂന്നാം സ്ഥാനത്ത് തുർക്കിയുമാണ്. രാജ്യാന്തര തലത്തിൽ വിദേശ വ്യാപാര വളർച്ച 1.5 ശതമാനമായിരിക്കെ യുഎഇയുടെ വിദേശ വ്യാപാര വളർച്ച 11.2 ശതമാനമാണ്. യുഎഇ പ്രസിഡന്റ് ഷെയ്ഖ് മുഹമ്മദ് ബിൻ സായിദ് അൽ നഹ്യാൻ ലോക രാജ്യങ്ങളുമായി തുടരുന്ന മികച്ച ബന്ധമാണ് രാജ്യത്തെ പുരോഗതിയിലേക്കു നയിക്കുന്നത്. രാഷ്ട്ര നേതാക്കളുമായി ഷെയ്ഖ് മുഹമ്മദ് സ്ഥാപിച്ച ബന്ധവും പൊതു – സ്വകാര്യ മേഖലയിലെ സംരംഭകരുടെ പ്രയത്നവുമാണ് ഈ നേട്ടത്തിനു കാരണമെന്നും ഷെയ്ഖ് മുഹമ്മദ് പറഞ്ഞു.
യുഎഇയുടെ വ്യാപാര പങ്കാളികളിൽ ഏറ്റവും മുകളിലുള്ള 10 രാജ്യങ്ങളുമായുള്ള വ്യാപാരത്തിൽ 28.7 ശതമാനമാണ് വളർച്ച. സ്വർണം, ആഭരണങ്ങൾ, സിഗരറ്റ്, പെട്രോളിയം ഇതര എണ്ണകൾ, കോപ്പർ വയറുകൾ, അച്ചടിച്ച സാമഗ്രികൾ, വെള്ളി, ഇരുമ്പ്, പെർഫ്യൂമുകൾ എന്നിവയാണ് കഴിഞ്ഞ 6 മാസത്തിനിടെ യുഎഇ കയറ്റി അയച്ച പ്രധാന ഉൽപനങ്ങൾ. ഇവയുടെ കയറ്റുമതിയിൽ മുൻ വർഷത്തേക്കാൾ 36.8 ശതമാനം കൂടി. യുഎഇയിൽ എത്തിക്കുന്ന സാധനങ്ങൾ ഇവിടെ നിന്നു പുനർ കയറ്റുമതി ചെയ്തുള്ള വരുമാനം 34510 കോടിയായി. കഴിഞ്ഞ വർഷത്തേക്കാൾ 2.7 ശതമാനം വളർച്ച.
സൗദി, ഇറാഖ്, ഇന്ത്യ, യുഎസ്, കുവൈത്ത്, ഖത്തർ, ഖസാക്കിസ്ഥാൻ എന്നിവിടങ്ങളിൽ നിന്നുള്ള സാമഗ്രികളാണ് യുഎഇയിൽ നിന്നു ലോകത്തിന്റെ വിവിധ ഭാഗങ്ങളിലേക്കു പുനർ കയറ്റുമതി ചെയ്തത്. ടെലിഫോൺ, ഡയമണ്ട് എന്നിവയാണ് ഏറ്റവും കൂടുതൽ പുനർ കയറ്റുമതി ചെയ്തത്. വിമാനഭാഗങ്ങൾ, കാറുകൾ, ചരക്കു വാഹനങ്ങൾ എന്നിവയുടെ പുനർ കയറ്റുമതിയിലും വളർച്ചയുണ്ടായി.