സൗരവ് ഗാംഗുലിയുടെ ‘കമ്പനി’യിൽ ഓണാഘോഷം; ആവേശമായി ‘ഈജിപ്ഷ്യൻ’ മാവേലി
Mail This Article
ദുബായ്∙ മുൻ ഇന്ത്യൻ ക്രിക്കറ്റ് ടീം നായകൻ സൗരവ് ഗാംഗുലി ഡയറക്ടേഴ്സ് ബോർഡ് അംഗമായ ദുബായിലെ ബ്ലൂ ഓഷ്യൻ കോർപറേഷൻ ഓണാഘോഷം സംഘടിപ്പിച്ചു. കമ്പനിയിലെ ജീവനക്കാരായ 20ലേറെ രാജ്യക്കാർ പങ്കെടുത്ത ഓണ സദ്യയോടെയായിരുന്നു ആഘോഷം. ഇന്ത്യൻ ക്ലബിൽ നടന്ന പരിപാടിയിൽ പാട്ടും നൃത്തവുമടക്കമുള്ള കലാപരിപാടികളും അരങ്ങേറി.
പൂക്കളമൊരുക്കിയായിരുന്നു ആഘോഷത്തിന് തുടക്കം കുറിച്ചത്. യുഎഇ, സിറിയ, ഈജിപ്ത്, അൾജീരിയ, മൊറോക്കോ, ഫിലിപ്പീൻസ്, തുനീസിയ, സുഡാൻ, കാനഡ തുടങ്ങിയ രാജ്യക്കാരായ യുവതീയുവാക്കൾ സംഘമായി ഓണപ്പാട്ടുകൾ പാടുകയും പരമ്പരാഗത വസ്ത്രം ധരിച്ച് തിരുവാതിര അടക്കമുള്ള നൃത്തങ്ങള്‍ അവതരിപ്പിക്കുകയും ചെയ്തു. വടംവലി മത്സരവും അരങ്ങേറി. ഈജിപ്ഷ്യൻ ജീവനക്കാരൻ മൊൻസർ നവാറാണ് മാവേലിയുടെ വേഷമിട്ടത്. കഴിഞ്ഞ പ്രാവശ്യം സിറിയക്കാരനായിരുന്നു മാവേലിയായതെന്ന് അധികൃതർ പറഞ്ഞു.
കൺസൾട്ടിങ്, ട്രെയിനിങ് രംഗത്ത് പ്രമുഖരായ ബ്ലു ഓഷ്യൻ രാജ്യാന്തര തലത്തിൽ ഇന്ത്യയിലും ഇംഗ്ലണ്ടിലും പ്രവർത്തിക്കുന്നു. ഫ്രാൻസ്, ഈജിപ്ത് എന്നിവിടങ്ങളില്‍ വൈകാതെ പ്രവർത്തനം ആരംഭിക്കും. ചെയർമാൻ അബ്ദുൽ അസീസ് , സിഇഒ ഡോ.സത്യാ മേനോനും സംസാരിച്ചു. കേരള ടൂറിസം വിഭാഗത്തിന്‍റെ പിന്തുണയോടെ മൂന്നാർ, ആലപ്പുഴ എന്നിവിടങ്ങളിലായി നടന്ന ഗ്രൂപ്പിന്‍റെ 2023ലെ വാർഷികസമ്മേളനത്തിൽ ഇതര രാജ്യക്കാരായ ജീവനക്കാരെല്ലാം പങ്കെടുത്തിരുന്നു. അടുത്തിടെ ഷാർജയിലും മലയാളി കമ്പനിയുടെ നേതൃത്വത്തിൽ ഓണാഘോഷം നടന്നിരുന്നു.