മണി എക്സ്ചേഞ്ച്നേക്കാൾ വിനിമയ നിരക്ക് വാഗ്ദാനം ചെയ്ത് പണം കൈക്കലാക്കി; സ്വദേശി പൗരൻ അറസ്റ്റിൽ
Mail This Article
മനാമ ∙ മണി എക്സ്ചേഞ്ച് നൽകുന്നതിനേക്കാൾ തുക നൽകാമെന്ന് വാഗ്ദാനം ചെയ്ത് കബളിപ്പിച്ച രണ്ടു സംഭവങ്ങളിൽ ഉൾപ്പെട്ട സ്വദേശി പൗരനെ പൊലീസ് അറസ്റ്റ് ചെയ്തു. പ്രവാസികളായവരോട് നാട്ടിലേക്ക് പണം അയക്കുമ്പോൾ മണി എക്സ്‌ചെഞ്ചുകൾ നൽകുന്ന വിനിമയ നിരക്കിനേക്കാൾ കൂടുതൽ തുക നൽകാമെന്ന് പറഞ്ഞ ശേഷം പണം വാങ്ങുകയും അവരുടെ പക്കലുണ്ടായിരുന്ന പണം കൊള്ളയടിച്ച ശേഷം സംഭവസ്ഥലത്ത് നിന്ന് രക്ഷപ്പെടുകയും ചെയ്ത 39 കാരനായ സ്വദേശി പൗരനെയാണ് അറസ്റ്റ് ചെയ്തത്.
ഇത്തരത്തിൽ 5800 ദിനാറാണ് പ്രതി ഇരകളിൽ നിന്ന് തട്ടിയെടുത്തത്. തുടർന്ന് കബളിപ്പിക്കപ്പെട്ടവർ കേസ് നൽകിയതിനെ തുടർന്ന് അന്വേഷണം ആരംഭിക്കുകയും പ്രതിയെ തിരിച്ചറിയുകയും ചെയ്യുകയായിരുന്നു. കേസ് പബ്ലിക് പ്രോസിക്യൂഷന് കൈമാറി. അജ്ഞാതരുമായോ അനധികൃത പണമിടപാട് നടത്തുന്ന സംഘങ്ങളുമായോ ഇടപെടരുതെന്നും ഇക്കാര്യത്തിൽ പൊതുജനങ്ങൾ ജാഗ്രത പാലിക്കണമെന്നും ക്യാപിറ്റൽ ഗവർണറേറ്റ് പൊലീസ് ഡയറക്ടറേറ്റ് ആവശ്യപ്പെട്ടു.