ADVERTISEMENT

അബുദാബി ∙ യുഎഇയുടെയും ഓണത്തിന്റെയും ആശയങ്ങളും ആദർശങ്ങളും വയനാട് ദുരന്തത്തിലടക്കം പ്രകടമായ സമൂഹത്തിന്റെ ഒത്തൊരുമയും പ്രമേയമാക്കി കൂറ്റൻ പൂക്കളമൊരുക്കി യുഎഇ ബുർജീൽ മെഡിക്കൽ സിറ്റിയിലെ ആരോഗ്യപ്രവർത്തകർ. ഇന്ത്യയിൽ നിന്നെത്തിച്ച 600 കിലോഗ്രാം പൂക്കളുപയോഗിച്ചാണ് വിവിധ രാജ്യങ്ങളിൽ നിന്നുള്ള നൂറിലേറെ ആരോഗ്യപ്രവർത്തകർ വ്യത്യസ്തമായ ഈ പൂക്കളം തീർത്തത്. 

സഹിഷ്ണുത, ഐക്യം, സുസ്ഥിരത, സഹാനുഭൂതി തുടങ്ങി യുഎഇ മുന്നോട്ടുവയ്ക്കുന്ന ആശയങ്ങളാണ് പൂക്കളത്തിന് പ്രമേയം. ഐശ്വര്യവും സമത്വവും സാഹോദര്യവും നിലനിന്നിരുന്ന കാലത്തിന്റെ ഓർമയായ ഓണത്തെ അതേ ആശയങ്ങളിലൂടെ വരച്ച് കാട്ടുകയാണ്  ഈ പൂക്കളം. എല്ലാ രാജ്യക്കാരെയും ചേർത്തു നിർത്തുന്ന യുഎഇയുടെ സവിശേഷതയെയും പൊതുമാപ്പ് പ്രഖ്യാപനത്തെയും പൂക്കളം സൂചിപ്പിക്കുന്നു. ഇരുപതിലധികം രാജ്യങ്ങളിൽ നിന്നുള്ള ആരോഗ്യ പ്രവർത്തകർ പൂക്കളമൊരുക്കാൻ അണിനിരന്നു. 

bujreel-holdings-onam-celebration
ഓണത്തിന്റെയും യുഎഇയുടെയും ആശയങ്ങളെ ഒരുമിപ്പിച്ച് അബുദാബി ബുർജീൽ മെഡിക്കൽ സിറ്റിയിൽ ആരോഗ്യപ്രവർത്തകർ ഒരുക്കിയ കൂറ്റൻ പൂക്കളം. ചിത്രം: സ്പെഷൽ അറേഞ്ച്മെന്റ്.

വയനാട് മുണ്ടക്കൈയിൽ ഉരുൾപൊട്ടൽ ഒട്ടേറെ ജീവനുകളെടുത്തപ്പോൾ ദുരന്തത്തെ അതിജീവിച്ചവരെ ജീവിതത്തിലേയ്ക്ക് തിരികെ കൈപിടിച്ച് കയറ്റാൻ ആഗോള-പ്രാദേശിക സമൂഹങ്ങൾ ഒത്തുചേർന്നതിനെയും പൂക്കളം ഓർമപ്പെടുത്തുന്നുണ്ട്. ദുരന്തത്തിൽ ബാക്കിയായവരോട് ഐക്യദാർഢ്യം പ്രഖ്യാപിച്ച് ഇത്തവണ വലിയ ആഘോഷങ്ങൾ ഒഴിവാക്കിയിരിക്കുകയാണ് ബുർജീൽ.

bujreel-holdings-onam-celebration
ഓണത്തിന്റെയും യുഎഇയുടെയും ആശയങ്ങളെ ഒരുമിപ്പിച്ച് അബുദാബി ബുർജീൽ മെഡിക്കൽ സിറ്റിയിൽ ആരോഗ്യപ്രവർത്തകർ ഒരുക്കിയ കൂറ്റൻ പൂക്കളം. ചിത്രം: സ്പെഷൽ അറേഞ്ച്മെന്റ്.

ഉത്സവമെന്നതിനുപരി, കൂട്ടായ്മയെയും സാഹോദര്യത്തെയും കുറിച്ചുള്ള ഓർമപ്പെടുത്തലാണ് ഓണമെന്നും കേരളത്തിലെയും യുഎഇയിലെയും സംസ്കാരങ്ങൾ ഒരുപോലെ ഉയർത്തിപ്പിടിക്കുന്ന ആദർശങ്ങളെയാണ് ഈ പൂക്കളത്തിലൂടെ ആഘോഷിക്കുന്നതെന്നും ബുർജീൽ ഹോൾഡിങ്‌സ് ചീഫ് ഹ്യൂമൻ റിസോഴ്‌സസ് ഓഫിസർ ഡോ. സഞ്ജയ് കുമാർ പറഞ്ഞു. വ്യത്യസ്തമായ ഈ ഓണാഘോഷം പ്രത്യാശയുടെയും ഒരുമയുടെയും  സുസ്ഥിരതയുടെയും  ശക്തമായ സന്ദേശമാണ് ഉയർത്തിക്കാട്ടുന്നത്.

English Summary:

Bujreel Holdings Onam Celebration

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com