ADVERTISEMENT

മസ്‌കത്ത് ∙ തിരുവോണം പൊന്നോണമാക്കാന്‍ ഒരുക്കങ്ങള്‍ പൂര്‍ത്തിയാക്കി ഒമാനിലെ പ്രവാസി മലയാളികള്‍. പൊതുഅവധി ദിനമായതിനാല്‍ ആഘോഷം കെങ്കേമമാകും. ഇന്ത്യന്‍ സ്‌കൂളുകള്‍ക്കും നാളെ അവധിയാണ്. വാരാന്ത്യ അവധി ദിനങ്ങളിലും കൂട്ടായ്മകളുടെയും മറ്റും പ്രധാന ആഘോഷ പരിപാടികള്‍ അരങ്ങേറി. പൊന്നോണത്തെ വരവേല്‍ക്കാനുള്ള നെട്ടോട്ടത്തിലായിരുന്നു കഴിഞ്ഞ ദിവസങ്ങളില്‍ മലയാളികള്‍.

സൂപ്പര്‍-ഹൈപ്പര്‍ മാര്‍ക്കറ്റുകളിലും മറ്റു കടകളിലും വലിയ തിരക്ക് അനുഭവപ്പെട്ടു. വസ്ത്രങ്ങളും പച്ചക്കറി വിഭവങ്ങളും വാങ്ങാന്‍ ഇന്നലെ രാവിലെ മുതല്‍ മലയാളികള്‍ ഷോപ്പിങ് മാളിലേക്കും മറ്റും കുതിച്ചു. ഉത്രാടപ്പാച്ചില്‍ കഴിഞ്ഞ് മലയാളികള്‍ ഇന്നലെ രാത്രി മുതല്‍ ആഘോഷങ്ങള്‍ക്കായുള്ള അവസാന ഒരുക്കങ്ങള്‍ നടത്തി. റസ്‌റ്ററന്റുകളില്‍ നിന്ന് ഓര്‍ഡര്‍ ചെയ്താണ് ഇന്ന് പലരും സദ്യ കഴിക്കുന്നത്. സ്വദേശികള്‍ക്ക് പോലും ഓണം സദ്യയുടെ രുചികള്‍ പരിചിതമാണ്. അത്തം പിറന്നത് മുതല്‍ ആഘോഷങ്ങള്‍ ആരംഭിച്ച മലയാളി ആഘോഷങ്ങള്‍ വരും ദിവസങ്ങളിലും തുടരും.

expatriate-malayalis-in-oman-are-ready-to-celebrate-thiruvonam1
ചിത്രം: സ്പെഷൽ അറേഞ്ച്മെന്റ്

ഫ്ലാറ്റിലെ ചെറിയ സൗകര്യത്തില്‍ പൂക്കളമൊരുക്കാനും അലങ്കരിക്കാനും വീട്ടമ്മമാര്‍ പ്രത്യേകം ശ്രദ്ധിച്ചു. ലേബര്‍ ക്യാംപുകളിലും മറ്റും കഴിയുന്നവരുടെ ആഘോഷം മാനവ ഐക്യത്തിന്റെ പ്രതീകമായി മാറും. പലരുടെയും വീടുകളിലേക്ക് സ്‌പോണ്‍സര്‍മാരും ഒമാനി സുഹൃത്തുക്കളും സദ്യ കഴിക്കാൻ എത്തും. കേരളത്തിന്റെ പൈതൃകം പറയുന്ന പൊന്നോണം അറബികളുടെയും മറ്റ് രാജ്യക്കാരുടെയും ഇഷ്ട ആഘോഷം കൂടിയാണ്. മലയാളികുടുംബങ്ങളോടൊപ്പം മറ്റുനാട്ടുകാരും ആഘോഷ പരിപാടികളില്‍ പങ്കെടുക്കാനുള്ള തയാറെടുപ്പിലാണ്. പൊന്നോണം ആഗോള ഉല്‍സവമാകുന്ന അപൂര്‍വ വേള.

സദ്യ വിഭവങ്ങളില്‍ മത്സരിച്ച് റസ്‌റ്ററന്റുകളും ഹൈപ്പര്‍മാര്‍ക്കറ്റുകളും
മലയാളി റസ്റ്ററന്റുകളില്‍ ഓണസദ്യ ബുക്കിങ് പുരോഗമിക്കുകയാണ്. എല്ലായിടങ്ങളിലും തിരുവോണത്തിന് ഡൈനിങ്ങും ഹോം ഡെലിവറിയും ലഭ്യമാണ്. മുന്‍നിര മലയാളി റസ്റ്ററന്റുകളിലെല്ലാം അത്തം മുതല്‍ സദ്യ ലഭ്യമാണ്.

English Summary:

Expatriate Malayalis in Oman are ready to celebrate Thiruvonam

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com