ADVERTISEMENT

ഇന്ന് ഉത്രാടം! പ്രവാസ ലോകവും ഉത്രാടപാച്ചിലിന്റെ തിരക്കിലാണ്. കേരളത്തിലൊക്കെ എന്ത് ഓണം, ഓണമൊക്കെ കടൽ കടന്നില്ലേ? ഇനിയങ്ങോട്ട് ഓണനാളുകൾ. ഓണം – ഈദ്, ഓണം – നവരാത്രി ആഘോഷം, ഓണം – ദീപാവലി ആഘോഷം, ഓണം – ക്രിസ്മസ് ആഘോഷം, ഓണം – ന്യൂഇയർ ആഘോഷം,  അങ്ങനെ എത്രയെത്ര ഓണാഘോഷങ്ങൾ വരാനിരിക്കുന്നു. ഓഗസ്റ്റ് അവസാന വാരം തന്നെ ദുബായിൽ ഓണാഘോഷത്തിനു തുടക്കമായി. ഇനിയുള്ള വാരാന്ത്യ ദിവസങ്ങൾ ഓണത്തിനുള്ളതാണ്. 

ഓണം ചെറിയ ആഘോഷമല്ല പ്രവാസികൾക്ക്. നാട്ടിലെ സകല പച്ചക്കറികളും കൈത്തറിയും പൂക്കളും ഓണക്കാലത്ത് കടൽ കടന്നെത്തും. കൂടെ സദ്യ ഉണ്ടാക്കുന്നവരിലെ പ്രമുഖരും. പ്രവാസ ലോകത്ത് ഓണം മാത്രം എന്തേ ഇങ്ങനെ നീളുന്നതെന്നു ചോദിച്ചാൽ, ഒറ്റ ഉത്തരമേയുള്ളു. ഓണം അത്രമേൽ പ്രിയപ്പെട്ടതാണ് പ്രവാസിക്ക്. ഓണം മനസ്സിരുത്തി ആഘോഷിക്കണമെങ്കിൽ ശനിയും ഞായറും വേണം. അല്ലെങ്കിൽ മറ്റേതെങ്കിലും പൊതുഅവധി. മാസത്തിൽ ആകെ കിട്ടുന്നത് ശനിയും ഞായറും ചേർന്ന് 8 ദിവസം. അഘോഷിക്കാനാണെങ്കിൽ ആയിരക്കണക്കിന് സംഘടനകളും കൂട്ടായ്മകളും. എല്ലാവരും കൂടി ആഘോഷിച്ചു തീരുമ്പോഴേക്കും ക്രിസ്മസും കഴിഞ്ഞ് വിഷുവാകുന്നതിൽ അതിശയമൊന്നുമില്ല. പ്രവാസത്തിലെ ആഘോഷം നീളുന്നതിന്റെ എല്ലാ ഗുണവും കേരളത്തിനാണ്. അത്രയും നാൾ കേരളത്തിലെ പച്ചക്കറി കയറ്റുമതി ഉയർന്നു തന്നെ നിൽക്കും. 

Representative image. Photo Credit: Sahana-M-S/Shutterstock.com
Representative image. Photo Credit: Sahana-M-S/Shutterstock.com

ൈകത്തറി ഉൾപ്പെടെ കേരള വസ്ത്രങ്ങൾക്കും ഡിമാൻഡ് നിലനിൽക്കും. ഏറ്റവും നേട്ടം കലാകാരന്മാർക്കാണ്. ഓണാഘോഷ വേദികളെ ഊർജസ്വലമാക്കുന്നത് കേരളത്തിൽ നിന്നുള്ള കലാകാരന്മാരാണ്. എത്രയോ കലാകാരന്മാരെ രക്ഷപ്പെടുത്തിയതിൽ യുഎഇയിലെ വേദികൾ വഹിച്ച പങ്ക് ആർക്കു മറക്കാനാവും. മമ്മൂട്ടിയും മോഹൻലാലുമൊക്കെ ആദ്യ കാലങ്ങളിൽ ഗൾഫിലെത്തി അവതരിപ്പിച്ച സ്റ്റേജ് ഷോകൾ വിഡിയോ കസറ്റുകളായി ഇറങ്ങിയിരുന്ന ഒരു കാലമുണ്ടായിരുന്നു. ഇന്ന്, അത്തരം വിഡിയോ കസറ്റുകളുടെ സ്ഥാനം യുട്യൂബ് ലൈവ് കൊണ്ടുപോയി. 

Representative image. Photo Credit: MAHESWAR-DILEEP/Shutterstock.com
Representative image. Photo Credit: MAHESWAR-DILEEP/Shutterstock.com

ഡിസംബർ മുതൽ മേയ് വരെയാണ് കേരളത്തിൽ സ്റ്റേജ് പരിപാടികളുടെ സീസൺ. അമ്പലങ്ങളിലെ ഉത്സവവും പള്ളികളിലെ പെരുന്നാളും ക്ലബ് വാർഷികവുമൊക്കെയായി നീളുന്ന സീസൺ കഴിയുന്നതോടെ ഗൾഫിലെ സീസൺ തുടങ്ങും. അങ്ങനെ വർഷം മുഴുവൻ കലാകാരന്മാർക്ക് വരുമാനം ഉറപ്പിക്കാൻ ഈ ഓണാഘോഷം ഒന്നു മാത്രം മതി. പഴയിടം മോഹൻ നമ്പൂതിരി അടക്കം കേരളത്തിലെ പ്രധാന പാചക വിദഗ്ധരെല്ലാം ഓണക്കാലത്ത് വിദേശങ്ങളിലേക്കു കുടിയേറും. 



Representative image. Photo Credit:Rhinocreative/Shutterstock.com
Representative image. Photo Credit:Rhinocreative/Shutterstock.com

എല്ലാം കൊണ്ടുവന്നിട്ടും കൊണ്ടുവരാൻ പറ്റാതെ പോയ ഒന്നുണ്ട് പ്രവാസിക്ക്, ആന. ജീവനുള്ള ആന പോലിരിക്കുന്ന കൂറ്റൻ റോബോ ആനകളാണ് ഈ കുറവ് നികത്തുന്നത്. നാട്ടിലെ ആനകളുടെ അതേ അവസ്ഥയാണ് ഈ ആനകൾക്കും. ആഘോഷങ്ങൾ തീരും വരെ ഓട്ടത്തോടെ ഓട്ടം. ആനകളെ കിട്ടുന്നതിനു വേണ്ടി ആഘോഷ സംഘാടകർ തമ്മിലുള്ള മത്സരവും പ്രവാസ ലോകത്തെ കാഴ്ചകളിൽ പ്രധാനമാണ്. ഈ ആനകൾ ചെവിയാട്ടും തല കുലുക്കും. അങ്ങനെ ഒരു ആനയിൽ നിന്നു പ്രതീക്ഷിക്കുന്നതെല്ലാം ചെയ്യും. 

Photo credit : AALA IMAGES/ Shutterstock.com
Photo credit : AALA IMAGES/ Shutterstock.com

അപ്പോൾ,  ഓണം ആഘോഷിക്കണമെന്നു തോന്നുമ്പോൾ നാട്ടിലുള്ളവർക്ക് ദുബായിലേക്ക് ഒരു ടിക്കറ്റ് എടുക്കാം.  കുറ‍ഞ്ഞത് ഒരു 4 സദ്യയെങ്കിലും ഉണ്ടു മടങ്ങാം. നാട്ടിലെ ഒരു സുഹൃത്തിനോട് ഒക്ടോബറിലെ ഓണാഘോഷത്തെപ്പറ്റി പറഞ്ഞപ്പോൾ, തിരുത്തിക്കൊണ്ട് അദ്ദേഹം പരിഹാസത്തോടെ പറഞ്ഞു, അതേ ഓണം സെപ്റ്റംബറിലാണു കേട്ടോ? അദ്ദേഹത്തോട് ഒന്നേ പറയാനുള്ളു, തിരുവോണത്തിനു മാത്രം ഓണം ആഘോഷിക്കുന്ന നിങ്ങളെ പറഞ്ഞിട്ടു കാര്യമല്ല, ഓണം ഇവിടെ ഈ മണലാരണ്യത്തിലാണു ഹേ!

English Summary:

Karama Kathakal: Onam Celebration of Pravasi

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com