കെ. സി. വേണുഗോപാലിന് സി.എച്ച് രാഷ്ട്ര സേവാ പുരസ്കാരം
Mail This Article
ദുബായ് ∙ മുൻ മുഖ്യമന്ത്രിയും മുസ്‌ലിം ലീഗ് നേതാവുമായിരുന്ന സി. എച്ച് മുഹമ്മദ് കോയയുടെ സ്മരണയ്ക്കായി ദുബായ് കെഎംസിസി കോഴിക്കോട് ജില്ലാ കമ്മിറ്റി ഏർപ്പെടുത്തിയ സി.എച്ച് രാഷ്ട്രസേവാ പുരസ്കാരം എ ഐ സി സി ജനറൽ സെക്രട്ടറി കെ.സി.വേണുഗോപാൽ എംപിക്ക്. ഒക്ടോബർ 26 ന് ദുബായിൽ സംഘടിപ്പിക്കുന്ന സി.എച്ച് അനുസ്മരണ സമ്മേളനത്തിൽ ഒരു ലക്ഷം രൂപയും പ്രശസ്തി പത്രവും അടങ്ങുന്ന അവാർഡ് സമർപ്പിക്കും.
പാർലമെന്റിനകത്തും പുറത്തും ഇന്ത്യയുടെ ജനാധിപത്യ സംരക്ഷണത്തിനും മതേതര പൈതൃകത്തിന്റെ നിലനിൽപിനും വേണ്ടിയുള്ള പ്രവർത്തനമാണ് കെ. സി. വേണുഗോപാലിനെ തിരഞ്ഞെടുക്കാനുള്ള കാരണമെന്ന് ജൂറി ചെയർമാൻ സി. പി. ബാവ ഹാജി, ജൂറി അംഗം പി. എ. സൽമാൻ ഇബ്രാഹിം, ദുബായ് കോഴിക്കോട് ജില്ലാ കെ എം സി സി പ്രസിഡന്റ് കെ.പി. മുഹമ്മദ്, ജനറൽ സെക്രട്ടറി സയ്യിദ് ജലീൽ മഷ്ഹൂർ തങ്ങൾ, ട്രഷറർ ഹംസ കാവിൽ എന്നിവർ പറഞ്ഞു. എം.സി വടകര, സി.കെ സുബൈർ, ടി.ടി ഇസ്മായിൽ, പി.എ സൽമാൻ ഇബ്രാഹിം അംഗങ്ങളായ ജൂറിയാണ് അവാർഡ് ജേതാവിനെ തിരഞ്ഞെടുത്തത്.
മുൻ വർഷങ്ങളിൽ എൻ. കെ .പ്രേമചന്ദ്രൻ എം പി, സി .പി. ജോൺ, ശശി തരൂർ എം പി, ഇ. ടി. മുഹമ്മദ് ബഷീർ എം പി എന്നിവരായിരുന്നു രാഷ്ട്ര സേവാ പുരസ്കാര ജേതാക്കൾ. ഭാരവാഹികളായ നജീബ് തച്ച്ചംപൊയിൽ, തെക്കയിൽ മുഹമ്മദ്, മൊയ്തു അരൂർ, കെ.പി അബ്ദുൽവഹാബ്, ഷംസു മാത്തോട്ടം, ഷെരീജ് ചീക്കിലോട്, ജസീൽ കായണ്ണ എന്നിവരും വാർത്താ സമ്മേളനത്തിൽ പങ്കെടുത്തു.