ദേശീയ ദിനത്തോടനുബന്ധിച്ച് വ്യാജ ഓഫറുകൾ; മുന്നറിയിപ്പുമായി ബാങ്കിങ് മീഡിയ ആൻഡ് അവയർനസ് കമ്മിറ്റി
Mail This Article
റിയാദ് ∙ ദേശീയ ദിനം പോലുള്ള അവസരങ്ങളിലും സീസണുകളിലും വ്യാജ ഓഫറുകളും വ്യാജ വെബ്‌സൈറ്റുകളുമായി തട്ടിപ്പുകാർ രംഗത്ത് വരുന്നതായി സൗദി ബാങ്കിങ് മീഡിയ ആൻഡ് അവയർനസ് കമ്മിറ്റി മുന്നറിയിപ്പ് നൽകി. വ്യാജ ഓഫറുകൾ നൽകുന്നതിന് തട്ടിപ്പുകാർ പലതരം ബിസിനസ് പേരുകൾ ഉപയോഗിക്കുന്നു.
ദേശീയ ദിനത്തോടനുബന്ധിച്ച് വ്യാജ ഓഫറുകൾ അവതരിപ്പിക്കുന്നതിന് തട്ടിപ്പുകാർ അറിയപ്പെടുന്നതോ അറിയപ്പെടാത്തതോ ആയ പല വിധത്തിലുള്ള വാണിജ്യ കമ്പനികളുടെ പേരുകൾ ഉപയോഗിക്കുന്നതായി സമിതി വിശദീകരിച്ചു. വാങ്ങുന്നതിന് മുൻപ് വെബ്‌സൈറ്റുകളുടെ വിശ്വാസ്യത പരിശോധിക്കേണ്ടതിന്‍റെ ആവശ്യകതയും സംശയം തോന്നുന്ന ഓഫറുകളിൽ നിന്നും അകന്നു നിൽക്കണമെന്നും സമിതി നിർദേശിച്ചു.
ഓൺലൈൻ ഷോപ്പിങ് നടത്താൻ സുരക്ഷിതമായ പേയ്‌മെന്‍റ് രീതികൾ ഉപയോഗിക്കണം. പ്രൊട്ടക്ഷൻ പ്രോഗ്രാമുകൾ തുടർച്ചയായി അപ്‌ഡേറ്റ് ചെയ്യണം. കൂടാതെ ഉപഭോക്താവിന്‍റെ ഫോണിലേക്ക് അയച്ച വെരിഫിക്കേഷൻ കോഡ് ബാങ്കിൽ നിന്നോ സർക്കാർ അല്ലെങ്കിൽ സ്വകാര്യ സ്ഥാപനത്തിൽ നിന്നോ ആണെന്ന് അവകാശപ്പെടുന്ന ആരുമായും പങ്കിടരുത്.
സാമ്പത്തിക തട്ടിപ്പുകൾക്കെതിരെ ബോധവൽക്കരണം നടത്തുന്നതിനായി സൗദി ബാങ്കുകൾ പുറപ്പെടുവിച്ച മുന്നറിയിപ്പുകൾ, കിഴിവുകളും സമ്മാനങ്ങളും വാഗ്ദാനം ചെയ്തുകൊണ്ട് ദേശീയ ദിനം മുതലെടുക്കുന്ന തട്ടിപ്പുകാർക്കെതിരെ മുൻകരുതൽ എടുക്കാനാണ് ലക്ഷ്യമിടുന്നത്.