ADVERTISEMENT

ദുബായ്  കണ്ടന്‍റ് ക്രിയേഷനില്‍ കൗതുകകരമായ ആശയങ്ങള്‍ കയ്യിലുണ്ടോ, 2025 ലെ വണ്‍ ബില്ല്യൻ ഫോളോവേഴ്സ് സമ്മിറ്റില്‍ വണ്‍ ബില്ല്യൻ പിച്ചസ് മത്സരത്തിന് തയ്യാറായിക്കൊളളൂ. കണ്ടന്‍റ് ക്രിയേഷനില്‍ സംരംഭകത്വ ആശയങ്ങളുളള സ്റ്റാർട്അപ്പുകള്‍ക്കും വ്യക്തികള്‍ക്കും അവരുടെ സംരംഭത്തിന് പിന്തുണയും ധനസഹായവും നല്‍കുകയെന്നുളളതാണ് വണ്‍ ബില്ല്യൻ പിച്ചസ്  മത്സരത്തിലൂടെ ലക്ഷ്യമിടുന്നത്.

∙ വണ്‍ബില്ല്യൻ ഫോളോവേഴ്സ് സമ്മിറ്റ്
ലോകമെമ്പാടുമുളള സമൂഹമാധ്യമ ഇന്‍ഫ്ലുവന്‍സേഴ്സിനെ പങ്കെടുപ്പിച്ചുകൊണ്ട് 2022 ലാണ് വണ്‍ബില്ല്യൻ ഫോളോവേഴ്സ് സമ്മിറ്റ് ആദ്യമായി ദുബായില്‍ സംഘടിപ്പിച്ചത്. കണ്ടന്‍റ് ക്രിയേറ്റർമാരെയും വ്യവസായ പ്രമുഖരെയുമെല്ലാം കാണാനും ആശയങ്ങള്‍ പങ്കുവയ്ക്കാനുമുളള അവസരം സന്ദർശകർക്ക് നല്‍കുകയെന്നുളളതാണ് വണ്‍ബില്ല്യൻ ഫോളോവേഴ്സ് സമ്മിറ്റ് മുന്നോട്ടുവയ്ക്കുന്നത്.

ആശയ ഉളളടക്കത്തിന്‍റെ നിലവാരം വർധിപ്പിക്കുന്നത് മാത്രമല്ല നവമാധ്യമങ്ങളിലെ പുതിയ തരംഗങ്ങള്‍ മനസിലാക്കുന്നതിനും അതുവഴി കൂടുതല്‍ പേരിലേക്ക് ആശയങ്ങളെത്തിക്കാനുമെല്ലാം സമ്മിറ്റിലൂടെ സാധിക്കും. വിനോദസഞ്ചാരം മുതല്‍ വ്യാപാര വിപണന മേഖലകളിലെല്ലാം ശക്തമായ സാന്നിധ്യമാണ് സമൂഹമാധ്യമങ്ങള്‍. ഈ മേഖലയിലുളള പല വമ്പന്‍മാരും ആശയങ്ങള്‍ പ്രചരിപ്പിക്കാന്‍ തിരഞ്ഞെടുക്കുന്നത് ഇന്‍ഫ്ലുവന്‍സേഴ്സിനെയാണ്. ഡിജിറ്റല്‍മാർക്കറ്റിങിലുളള ഭാവിയിലെ അവസരങ്ങള്‍ കൂടുതല്‍ വിപുലപ്പെടുത്താനും സമ്മിറ്റ് സഹായകരമാകും.

∙ വണ്‍ ബില്ല്യൻ പിച്ചസ്
കണ്ടന്‍റ് ക്രിയേറ്റർമാർക്ക് തങ്ങളുടെ പുതിയ ആശയം അവതരിപ്പിക്കാനുളള മത്സരവേദിയാണ് വണ്‍ ബില്ല്യൻ പിച്ചസ്. വിദഗ്ധരായ കണ്ടന്‍റ ക്രിയറ്റേഴ്സും ഇന്‍ഫ്ലുവന്‍സേഴ്സും നല്‍കുന്ന ക്ലാസുകള്‍ ലഭ്യമാക്കുന്ന ന്യൂ മീഡിയ അക്കാദമിയാണ് മത്സരത്തിന് പിന്നില്‍. ലോകത്തെങ്ങുമുളള കണ്ടന്‍റ് ക്രിയേറ്റർമാർക്കും സ്റ്റാർട് അപ് സംരംഭകർക്കും മത്സരത്തിനായി അപേക്ഷിക്കാം. ഈ രംഗത്തെ പുതുമുഖങ്ങള്‍ക്കും പരിചയസമ്പന്നർക്കും മത്സരത്തിന്‍റെ ഭാഗമാകാം. അപേക്ഷകന് 18 വയസ്സ് പൂർത്തിയായിരിക്കണം. റജിസ്ട്രർ ചെയ്ത ബിസിനസ് ഉണ്ടായിരിക്കണം. ഓരോ സ്റ്റാർട്ടപ്പിനും ഒരു ബിസിനസ് ആശയം സമർപ്പിക്കാൻ കഴിയും.

സ്റ്റാർട് അപ് ധനസമാഹരണം,പിച്ചിങ് നൂതന സാങ്കേതിക വിദ്യകള്‍, പിച്ച് ഡെക്കിന്‍റെ സമഗ്ര അവലോകനം തുടങ്ങിയവയില്‍ വിദഗ്ധരുമായി സംവദിക്കാനുളള അവസരവുമുണ്ടാകും. നിക്ഷേപകർക്ക് മുന്നില്‍ സംരംഭകത്വആശയം വിശദമായി പ്രതിപാദിക്കുന്ന അവതരണമാണ് പിച്ച് ഡെക്ക്. 

എങ്ങനെ അപേക്ഷിക്കാം
∙ https://www.1billionsummit.com/pitch-1b-2025 എന്ന വെബ് സൈറ്റിലൂടെയാണ് അപേക്ഷ നല്‍കേണ്ടത്.
∙ സ്റ്റാർട് അപ് വിവരങ്ങള്‍ നല്‍കാം
∙ എന്താണ് ആശയമെന്നത് ഒറ്റവരിയിലോ വിശദമായോ നല്‍കാം.
∙ നിങ്ങളുടെ ആശയം ഏത് പ്രശ്നമാണ് പരിഹരിക്കുക
∙ ഏത് തരത്തിലുളള ഓഡിയന്‍സിനെയാണ് ടാർഗറ്റ് ചെയ്യുന്നത്
∙ ആശയത്തില്‍ നിന്ന് യഥാർത്ഥ്യത്തിലേക്ക് എത്ര അകലത്തിലാണ്
∙ എന്തുകൊണ്ടാണ് നിങ്ങളുടെ ആശയം സമാനമല്ലാത്തതാകുന്നത്.
∙ സ്ഥാപനം റജിസ്ട്രേഡാണോ
∙ വാ‍ർഷിക ലാഭമെത്രയാണ്
∙ ഇത്രയും വിവരങ്ങള്‍ നല്‍കണം

ഇത് കൂടാതെ നിങ്ങളെ കുറിച്ചുളള വിവരങ്ങള്‍, പിച്ച് ഡെക്കിന്‍റെ ലിങ്ക്, വീഡിയോ എന്നിവയും സമർപ്പിക്കാം. അപേക്ഷിക്കേണ്ട അവസാന തിയതി സെപ്റ്റംബർ 20 ആണ്.

∙ നവീന ആശയങ്ങള്‍ക്ക് അവസരം
അപേക്ഷ സമർപ്പിച്ചവരില്‍ നിന്ന് നവീന ആശയങ്ങള്‍ സമർപ്പിച്ച 100 പേരെയാണ്  ആദ്യഘട്ടത്തില്‍ തിരഞ്ഞെടുക്കുക. തിരഞ്ഞെടുക്കപ്പെട്ടുകഴിഞ്ഞാല്‍ കൂടുതല്‍ വിശദമായ അപേക്ഷ നല്കണം. അതിനുശേഷം തിരഞ്ഞെടുക്കപ്പെടുന്ന മികച്ച 25 ആശയങ്ങള്‍ക്കായിരിക്കും വണ്‍ ബില്ല്യൻ ഫോളോവേഴ്സ് സമ്മിറ്റില്‍ പങ്കെടുക്കാനുളള അവസരം. സമ്മിറ്റില്‍ പങ്കെടുത്ത് മികച്ച ആശയങ്ങള്‍ പങ്കുവയ്ക്കുന്ന 10 പേർ രണ്ടാം ഘട്ടത്തിലെത്തും. 

മെൻ്റർഷിപ്പ് പ്രോഗ്രാമിന് പുറമെ സമ്മിറ്റിലെ ബൂത്തുകളില്‍ ആശയം അവതരിപ്പിക്കാനും  നിക്ഷേപകരുമായി കൂടികാഴ്ച നടത്താനുമുളള അവസരവുമുണ്ടാകും. യുഎഇയ്ക്ക് പുറത്തുളളവരാണെങ്കില്‍ യാത്ര ചെലവുള്‍പ്പടെ ലഭിക്കും. രണ്ടാം ഘട്ടത്തില്‍ മികച്ച രണ്ട് ആശയങ്ങള്‍ പങ്കുവച്ച രണ്ട് പേരെ  ജഡ്ജിങ് പാനല്‍ തിരഞ്ഞെടുക്കും. വോട്ടെടുപ്പുമുണ്ടാകും. നിക്ഷേപ അവസരങ്ങള്‍ക്കായി അവസാന റൗണ്ടില്‍ ഇവരായിരിക്കും മത്സരിക്കുക. വിജയിക്കുന്നവർക്ക് നിക്ഷേപ അവസരങ്ങള്‍ ലഭിക്കും. എമിറേറ്റ്സ് ടവറില്‍ 2025 ജനുവരി 11 മുതല്‍ 13 വരെയാണ് വണ്‍ ബില്ല്യൻ ഫോളോവേഴ്സ് സമ്മിറ്റ്.

English Summary:

Get Funding for Your Startup Idea – All you Need to Know About the ‘One Billion Pitches’ Competition

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com