ADVERTISEMENT

കുവൈത്ത്‌ സിറ്റി ∙  ആറര വര്‍ഷമായി നാട്ടില്‍ പോകാനാവാതെ കുവൈത്തില്‍ കുടുങ്ങിക്കിടക്കുകയാണ് ചെന്നിത്തല സ്വദേശിയായ ബാബു കുട്ടപ്പന്‍( 63). അഹമ്മദിയിലെ സ്വകാര്യകമ്പനിയില്‍ വെല്‍ഡറായി 1994 ലാണ് ബാബു കുട്ടപ്പന്‍ കുവൈത്തിലെത്തിയത്. 58-ാം വയസ്സില്‍ 2018 നവംബറില്‍ ജോലിയില്‍നിന്ന് കമ്പനി പിരിച്ചുവിട്ടു. അര്‍ഹത പ്രകാരം ലഭിക്കാനുള്ള ആനുകൂല്യങ്ങള്‍ കമ്പനി നല്‍കിയില്ല. ഇതേതുടർന്ന് ബാബു കുട്ടപ്പന്‍ കോടതിയെ സമീപിച്ചു. ഒപ്പം, കമ്പനിയില്‍നിന്ന് വിടുതല്‍ ലഭിക്കാന്‍ ഷൂണില്‍ പരാതിയും നല്‍കി. ജോലി ചെയ്തിരുന്ന കമ്പനിയുടെ വീസാ കാലവധി നിലനിന്നിതുകൊണ്ട് ബാബു കോടതിയെ സമീപിച്ചത് അറിഞ്ഞ കമ്പനി ഒളിച്ചോട്ടത്തിന് കേസും നല്‍കി.

ഷൂണില്‍നിന്നും അനുകൂല വിധി ലഭിച്ചപ്പോഴേക്കും ഇഖാമയുടെ കാലാവധി കഴിഞ്ഞിരുന്നു. മറ്റൊരു കമ്പനിയിലേക്ക് വീസ മാറ്റാന്‍ ഇതോടെ സാധിക്കാതെ വന്നു. ജോലി നഷ്ടമായതോടെ സ്വകാര്യ ബാങ്കില്‍നിന്നും എടുത്ത ലോണ്‍ അടവും മുടങ്ങി. അവരും ബാബുവിനെതിരെ നിയമനടപടികള്‍ സ്വീകരിച്ചു. അതോടെ, യാത്രാവിലക്കുമായി. ഇന്ത്യന്‍ എംബസി മുഖേന ശ്രമം നടത്തിയെങ്കിലും കോടതിയില്‍ കേസുള്ളതിനാല്‍ തടസ്സം നേരിട്ടു.

∙കോടതി വിധി തുണച്ചു
വിരമിക്കല്‍ ആനുകൂല്യങ്ങള്‍ക്കായി കോടതിയില്‍ സമര്‍പ്പിച്ച പരാതിയില്‍ 2022 ഫെബ്രുവരി 9-ന് കോടതി വിധി പറഞ്ഞു. 5104 കുവൈത്ത് ദിനാര്‍ (14 ലക്ഷത്തില്‍ അധികം രൂപ) ബാബുവിനു നല്‍കാനായിരുന്നു വിധി. എന്നാല്‍ കോടതി വിധിയനുസരിച്ചുള്ള തുക ഇതുവരെ ലഭിച്ചിട്ടില്ല. ഇതിനിടെ അഹമ്മദിയില്‍നിന്നും കമ്പനി കുവൈത്ത് സിറ്റിയിലേക്ക് മാറി. ഇഖാമ തീര്‍ന്നെങ്കിലും കമ്പനിയില്‍ നിരവധി തവണ നേരിട്ടും അഭിഭാഷകന്‍ മുഖേനയും സമ്മര്‍ദ്ദം ചെലുത്തിയിട്ടും നടപടിയൊന്നുമുണ്ടായില്ല.

1700 ദിനാറോളം ബാങ്ക് വായ്പാ കുടിശികയുണ്ട്. ബാബുവിന് കിട്ടാനുള്ള തുകയില്‍നിന്ന് ഇത് അടയ്ക്കാനുള്ള ശ്രമവും നടത്തിയിരുന്നു. യാത്ര വിലക്ക് വരുന്നതിന് മുമ്പ് പവര്‍ ഓഫ് അറ്റോര്‍ണി എംബസി പാനല്‍ അഭിഭാഷകര്‍ക്ക് നല്‍കിയിട്ട് നാട്ടിലേക്കുപോകാന്‍ എംബസി നിര്‍ദേശിച്ചിട്ടും ബാബു കൂട്ടാക്കിയില്ല. കുവൈത്തില്‍ ഇത്രനാളും കഷ്ടപ്പെട്ട തനിക്ക് അര്‍ഹമായത് ലഭിക്കാതെ നാട്ടിലേക്കു മടങ്ങിയാല്‍ കോടതി വിധി അനുസരിച്ചുള്ള ആനുകൂല്യങ്ങള്‍ ലഭിക്കാതെ പോകുമെന്ന ചിന്തയാണ് ബാബു നാട്ടിലേക്ക് മടങ്ങാതിരിക്കാനുള്ള കാരണം. തനിക്ക് ലഭിക്കാനുള്ള ആനുകൂല്യങ്ങള്‍ ലഭിക്കുന്നതിനായി രണ്ടുവര്‍ഷമായി ബാബു മുട്ടാത്ത വാതിലുകളില്ല.

യാത്രവിലക്ക് മാറ്റാന്‍ നാട്ടിലുള്ള വീടും സ്ഥലവും വില്‍ക്കാനുള്ള ശ്രമവും പാഴായി. ഇഖാമ ഇല്ലാത്തതിനാല്‍ ബാബുവിന്റെ പേരിലുള്ള സ്ഥലം വില്‍ക്കാനായി പവര്‍ ഓഫ് അറ്റോര്‍ണി സര്‍ട്ടിഫിക്കറ്റ് എംബസിക്ക് നല്‍കാന്‍ സാധിച്ചില്ല. ഇതിനിടെ ആരോഗ്യസ്ഥിതിയും മോശമായി. മംഗഫിലെ താമസസ്ഥലത്ത് രക്തം ഛര്‍ദിച്ചു അവശനായി കിടന്ന ബാബുവിന്റെ അവസ്ഥ മലയാളിയായ ഫ്ളാറ്റ് നടത്തിപ്പുകാരന്‍ സാമൂഹ്യപ്രവര്‍ത്തനായ സലീം കൊമേരിയെ അറിയിച്ചു. അദ്ദേഹത്തിന്റെ ഇടപെടലാണ് ബാബുവിനെ അദാന്‍ ആശുപത്രിയില്‍ എത്തിച്ചു. ആശുപത്രിയില്‍ അഡ്മിറ്റ് ചെയ്യാന്‍ ഇഖാമ ഇല്ലാത്തത് ബുദ്ധിമുട്ടായിരുന്നെങ്കില്ലും എംബസി ഇടപ്പെടലില്‍ അത് പരിഹരിച്ചു.

ബാബു എത്രയും വേഗം നാട്ടിലെത്തിയാല്‍ മതിയെന്നാണ് ഭാര്യയുടെയും മക്കളുടെയും പ്രാർഥന.ഇരുപതുവര്‍ഷം മുമ്പ് ലോണ്‍ എടുത്ത് ബാബു നിർമിച്ച വീട് വായ്പാത്തുക തിരിച്ചടയ്ക്കാത്തതിനെത്തുടര്‍ന്ന് മൂന്നുമാസം മുൻപ് ബാങ്ക് അധികൃതര്‍ ജപ്തി ചെയ്തു. ആകെയുണ്ടായിരുന്ന നാട്ടിലെ സമ്പാദ്യവും ഇതോടെ നഷ്ടമായി. ഭാര്യാസഹോദരന്റെ വീട്ടിലാണ് ബാബുവിന്റെ കുടുംബം ഇപ്പോള്‍ താമസിക്കുന്നത്. 26 വര്‍ഷം കുവൈത്തില്‍ പണിയെടുത്തിട്ട് നഷ്ടങ്ങളല്ലാതെ തനിക്കൊന്നും നേടാനായില്ലല്ലോയെന്ന ചിന്തയും ബാബുവിനെ മാനസികമായി അലട്ടുകയാണ്. ആരോഗ്യവും ക്ഷയിച്ചു. തനിക്കു ലഭിക്കാനുള്ള ആനുകൂല്യങ്ങള്‍ ലഭിച്ചാല്‍ നാട്ടിലേക്കു മടങ്ങാമെന്നും തന്റെ എല്ലാ പ്രശ്നങ്ങളും തീരുമെന്നുമാണ് ബാബുവിന്റെ പ്രതീക്ഷ. അതിനായി കമ്പനിയുടെ കനിവിനായി പ്രാര്‍ഥനയോടെ കാത്തിരിക്കുകയാണ് ബാബുവും കുടുംബവും.

English Summary:

Pravasi Malayali has been stuck in Kuwait for six and a half years, unable to go home

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com