സ്വദേശികള്‍ക്ക് 30 വരെ ബയോമെട്രിക് വിവരങ്ങള്‍ നൽകാം
Mail This Article
കുവൈത്ത് സിറ്റി ∙ ആഭ്യന്തര മന്ത്രാലയം ഷോപ്പിങ് മാളുകളില്‍ ഏര്‍പ്പെടുത്തിയിരിക്കുന്ന ബയോമെട്രിക് വിരലടയാള സേവനം ഈ മാസം 30ന് അവസാനിക്കും. സ്വദേശികള്‍ക്ക് ഈ മാസം അവസാനം വരെയാണ് ബയോമെട്രിക് വിരലടയാളം പൂര്‍ത്തിയാക്കാന്‍ സര്‍ക്കാര്‍ അനുവദിച്ചിരിക്കുന്നത്. എന്നാല്‍, ഒമ്പത് ലക്ഷം സ്വദേശികളില്‍ ഒരു ലക്ഷത്തോളം പേര്‍ ഇത്‌വരെ നടപടികള്‍ പൂര്‍ത്തികരിച്ചിട്ടില്ല.
സഹേല്‍ ആപ്ലിക്കേഷന്‍ വഴി റജിസ്റ്റര്‍ ചെയ്താല്‍ മുന്‍കൂര്‍ അപ്പോയിന്റ്‌മെന്റ് എടുക്കാതെ തന്നെ '360', 'ദി അവന്യൂസ്', 'അല്‍-കൂത്ത്, 'അല്‍-അസിമ' എന്നീ മാളുകളിലും, മിനിസ്ട്രി കോംപ്ലക്‌സുകളിലും ബയോമെട്രിക് സേവനം ലഭ്യമാണ്. രാവിലെ 8 മുതല്‍ രാത്രി 10 വരെയാണ് പ്രവൃത്തിസമയം. ബയോമെട്രിക് എടുക്കാത്തവരുടെ സര്‍ക്കാര്‍ സേവനങ്ങള്‍ തടയുമെന്ന് നേരത്തെ തന്നെ അധികൃതര്‍ വ്യക്തമാക്കിയിട്ടുണ്ട്.
ആദ്യ പടിയായി ബാങ്കുകളുടെ സേവനങ്ങള്‍ നിര്‍ത്തും. അതിന്റെ മുന്നോടിയായി ബാങ്ക് ഇടപാടുകാര്‍ക്ക് മുന്നറിയിപ്പ് സന്ദേശവും നല്‍കി തുടങ്ങിയിട്ടുണ്ട്. എന്നാല്‍, വിദേശത്ത് പഠിക്കുന്ന വിദ്യാര്‍ഥികള്‍ക്കും, വിദേശത്ത് ചികിത്സയിലുള്ള രോഗികള്‍ക്കും ഇതില്‍ ഇളവ് അനുവദിച്ചിട്ടുണ്ട്. വിദേശികള്‍ക്ക് ഡിസംബര്‍ 31വരെ സമയം അനുവദിച്ചിട്ടുണ്ട്. 26 ലക്ഷം വിദേശികളുള്ളതില്‍ ഏഴ് ലക്ഷത്തില്‍ അധികം പേര്‍ ബയോമെട്രിക് വിവരങ്ങൾ നൽകാനുണ്ട്.