വിലക്കയറ്റത്തിൽ വലഞ്ഞ് പ്രവാസികൾ; ഇന്ത്യയിൽ നിന്നുള്ള പച്ചക്കറികൾക്ക് വൻവില
Mail This Article
അബുദാബി ∙ ഗൾഫിൽ നിത്യോപയോഗ സാധനങ്ങളുടെ വില കുതിച്ചുയർന്നതോടെ കുടുംബ ബജറ്റ് ഒത്തുപോകാതെ പ്രവാസി കുടുംബങ്ങൾ. ഇന്ത്യയിലെ ഉൽപാദനക്കുറവും മധ്യപൂർവദേശത്തെ സംഘർഷവും ഷിപ്പിങ് ചാർജിലെ വർധനയുമെല്ലാമാണ് വിലക്കയറ്റത്തിന് കാരണമെന്ന് വ്യാപാരികൾ പറയുന്നു.
ഒരു കിലോ ഇന്ത്യൻ വെളുത്തുള്ളിക്ക് 30 ദിർഹമാണ് (684 രൂപ) ഇന്നലത്തെ വില. രാജസ്ഥാൻ, മധ്യപ്രദേശ്, മഹാരാഷ്ട്ര തുടങ്ങി വടക്കേ ഇന്ത്യൻ സംസ്ഥാനങ്ങളിലെ വെളുത്തുള്ളി ഉൽപാദനം കുറഞ്ഞതാണ് വിലക്കയറ്റത്തിനു കാരണമായതെന്നാണു വിശദീകരണം. ചൂട് കൂടിയതും വിളവെടുപ്പു സമയത്തെ മഴയും വെളുത്തുള്ളി ഉൽപാദനം കുറയാൻ കാരണമായിട്ടുണ്ടെന്നാണ് സൂചന.
ഇന്ത്യയിൽനിന്നു നേരത്തെ വരവ് നിലച്ച ബീൻസിനുപകരം വരുന്ന പാക്കിസ്ഥാൻ, ബംഗ്ലദേശ് ബീൻസ് ഒരു കിലോയ്ക്ക് 24 ദിർഹം (547 രൂപ) കൊടുക്കണം. മൊത്തക്കച്ചവടക്കാരുടെ വില 22 ദിർഹമാണ്.
2 ദിർഹം ലാഭമെടുത്തു വിറ്റാൽ പോലും വാങ്ങാൻ ആളില്ലെന്ന് കച്ചവടക്കാർ പറയുന്നു. അതുകൊണ്ടുതന്നെ മൊത്തക്കച്ചവടക്കാർ പലരും ബീൻസ് കൊണ്ടുവരാതായി. മുരിങ്ങക്കായയ്ക്കും ഇരട്ടി വിലയായി. 8 ദിർഹത്തിന് ലഭിച്ചിരുന്നത് ഇപ്പോൾ 16 ദിർഹം.
കേരളത്തിൽനിന്നുള്ള തേങ്ങയ്ക്കും വില കൂടി. നേരത്തെ 1.50ന് (34 രൂപ) കിട്ടിയിരുന്ന തേങ്ങ ഒന്നിന് ഇപ്പോൾ 3 ദിർഹം (68 രൂപ) നൽകണം. ചിരകിയതാണങ്കിൽ ചെറിയ പാക്കറ്റിന് 3 ദിർഹമും വലിയ പാക്കറ്റിന് 5.5 ദിർഹമും നൽകണം. വിലക്കയറ്റത്തിൽനിന്ന് പിടിച്ചുനിൽക്കാൻ നാട്ടിൽ പോയി വരുമ്പോൾ നാളികേരം കൊണ്ടുവരുന്ന കുടുംബങ്ങളും ഏറെയാണ്. ഒരു നാളികേരം ചിരകിയാൽ 3 പാക്കറ്റ് ലഭിക്കും. ഈയിനത്തിൽ തന്നെ 6 ദിർഹം ലാഭിക്കാമെന്നാണ് കുടുംബങ്ങൾ പറയുന്നത്. നാളികേരം മാത്രമല്ല പെട്ടെന്ന് കേടാകാത്ത ഭക്ഷ്യോൽപന്നങ്ങൾ കൊണ്ടുവരുന്നവരും ഏറെ.
കേരളത്തിൽ നാളികേര ഉൽപാദനം കുറഞ്ഞത് തേങ്ങ വില മാത്രമല്ല വെളിച്ചെണ്ണ വിലയും കൂട്ടിയിട്ടുണ്ട്. നിലവാരം കുറഞ്ഞവ വിലക്കുറവിൽ ലഭിക്കുന്നുമുണ്ട്. കയറ്റുമതി നിയന്ത്രണവും നികുതിയും എടുത്തുകളഞ്ഞിട്ടും അരിക്കും സവാളയ്ക്കും കൂടിയ വില ഇതുവരെ കുറച്ചിട്ടുമില്ല. മറ്റു രാജ്യങ്ങളിൽനിന്നുള്ള ഉൽപന്നങ്ങൾ താരതമ്യേന കുറഞ്ഞ വിലയ്ക്ക് ലഭ്യമാണെങ്കിലും ഗുണമേൻമയില്ലാത്തതാണ് പ്രവാസികളെ അകറ്റുന്നത്. നാടിന്റെ മണമുള്ള ഉൽപന്നങ്ങളാണ് പ്രവാസികൾക്കിഷ്ടം.