ADVERTISEMENT

കുവൈത്ത് സിറ്റി ∙ കുവൈത്തിലെ അര്‍ബുദ രോഗികള്‍ക്ക് സാന്ത്വനം പകര്‍ന്ന് അവരെ ചേര്‍ത്തു പിടിക്കാന്‍ കേരളത്തിന്റെ മരുമകളായ വനിതാ ഡോക്ടര്‍. ഒക്ടോബറില്‍ സ്തനാര്‍ബുദ ബോധവത്കരണം ആചരിക്കുമ്പോള്‍ മാത്രമല്ല, അര്‍ബുദം എന്ന് കേള്‍ക്കുമ്പോള്‍ തന്നെ കുവൈത്തിലുള്ളവരുടെ മനസില്‍ ആദ്യമെത്തുന്ന പേരാണ് ഡോ.സുശോഭന സുജിത് നായർ. അര്‍ബുദമെന്ന് കേള്‍ക്കുമ്പോള്‍ പേടിക്കേണ്ടതില്ലെന്നും, മനക്കരുത്തിലൂടെ നേരിട്ടാല്‍ വലിയൊരു ശതമാനം രോഗവും ഭേദമാകുമെന്നും കുവൈത്ത് കാന്‍സര്‍ സെന്ററിലെ (കെസിസി) ഓങ്കോളജിസ്റ്റായ ഡോ. സുശോഭന പറയുന്നു.

ചിത്രം: സ്പെഷൽ അറേഞ്ച്മെന്റ്.
ചിത്രം: സ്പെഷൽ അറേഞ്ച്മെന്റ്.

അര്‍ബുദം സംബന്ധിച്ച് ആര് എപ്പോള്‍ അവബോധം/രോഗനിര്‍ണയം നടത്താന്‍ ആവശ്യപ്പെട്ടാലും ഏതു തിരക്കിനിടയിലാണെങ്കിലും ഡോക്ടര്‍ അതിന് സൗകര്യം കണ്ടെത്തും. അര്‍ബുധ ബോധവത്കരണ ക്ലാസുകള്‍ നല്‍കുന്നത് കൂടാതെ, സൗജന്യ പരിശോധനയും ഡോ. സുശോഭന നടത്താറുണ്ട്. കഴിഞ്ഞ 14 വര്‍ഷത്തെ കുവൈത്ത് പ്രവാസത്തിനിടയില്‍ ഇവിടെയുള്ള എല്ലാ സമൂഹത്തിനും ഡോ. സുശോഭനയുടെ സേവനം ലഭ്യമായിട്ടുണ്ട്.  അര്‍ബുദം എന്നു കേള്‍ക്കുമ്പോള്‍തന്നെ എല്ലാവരിലും ആശങ്കയും സങ്കടവും നിറയും. മിക്കവാറും അര്‍ബുദ രോഗങ്ങള്‍ കണ്ടുപിടിക്കുന്നതു തന്നെ അതിന്റെ അവസാന ഘട്ടത്തിലായിരിക്കുമെന്നതാണ് എല്ലാവരെയും വിഷമത്തിലാക്കുന്നത്. 

ചിത്രം: സ്പെഷൽ അറേഞ്ച്മെന്റ്.
ചിത്രം: സ്പെഷൽ അറേഞ്ച്മെന്റ്.

ഇനിയൊന്നും ചെയ്യാനില്ല എന്ന ഡോക്ടറുടെ ഉപദേശംകൂടി കേള്‍ക്കുമ്പോള്‍ ആകെ തളര്‍ന്നുപോകും. മിക്ക കാന്‍സര്‍ രോഗങ്ങളും മുന്‍കൂട്ടിയുള്ള പരിശോധനകളിലൂടെ കണ്ടെത്തി, ചികിത്സയിലൂടെ സൗഖ്യം നേടാം. എന്നാല്‍, ഇക്കാര്യങ്ങളില്‍ തികഞ്ഞ ഉദാസീനത കാണിക്കുന്നവരാണ് ബഹുഭൂരിപക്ഷവും. സ്ത്രീകളുടെ ഇടയില്‍ സ്തനാര്‍ബുദം വ്യാപകമാകുന്ന കാലമാണിത്. സ്ഥിരമായി സ്വയമേവ ചെയ്യാവുന്ന ചില പരിശോധനകളിലൂടെ സ്തനാര്‍ബുദ ലക്ഷണമുണ്ടോയെന്ന് ഓരോ വ്യക്തിക്കും പരിശോധിക്കാവുന്നതാണ്. എന്തെങ്കിലും അസ്വഭാവികത കണ്ടെത്തിയാല്‍ ഡോക്ടര്‍മാരെ ആശ്രയിക്കുകയാണ് വേണ്ടത്.

ചിത്രം: സ്പെഷൽ അറേഞ്ച്മെന്റ്.
ചിത്രം: സ്പെഷൽ അറേഞ്ച്മെന്റ്.

 ∙ അവസാനഘട്ടത്തില്‍ പാഞ്ഞെത്തുന്നവർ 
2010-ലാണ് കുവൈത്ത് ആരോഗ്യ മന്ത്രാലയത്തിന്റെ കീഴില്‍ പ്രവര്‍ത്തിക്കുന്ന  കെസിസിയില്‍ ഡോ.സുശോഭന സേവനം ആരംഭിക്കുന്നത്. ഇവിടെ, രോഗം മൂര്‍ഛിക്കുന്ന ഘട്ടത്തിലാണ് പലരും ചികില്‍സ തേടി എത്തുന്നത് എന്നതാണ്, തന്നെ ബോധവല്‍ക്കരണ ആശയത്തിലേക്ക് നയിച്ചതെന്ന് ഇവര്‍ പറയുന്നു. ഇക്കാര്യം ശ്രദ്ധിച്ചപ്പോള്‍ വിഷയം ഡിപാര്‍ട്ട്‌മെന്റെ് മേധാവിയെ ധരിപ്പിച്ചു. അവരുടെ കൂടെ പിന്തുണയോടെ ബോധവല്‍ക്കരണത്തിന് തുടക്കമായി. ആദ്യം കുവൈത്ത് സ്വദേശികള്‍ക്കും പിന്നീട് പ്രവാസി സമൂഹത്തിന്റെ ആവശ്യം മനസിലാക്കി എല്ലാ തലത്തിലുള്ളവരിലേക്കും പ്രചരിപ്പിക്കാനുള്ള ശ്രമം ആരംഭിച്ചു. ഇതിനായി കുവൈത്തിലുള്ള സംഘടനകളുടെ സഹായം തേടി. ഇതാണ് ഇന്ന്, ചെറുതും വലുതുമായി 200-ലേറെ അര്‍ബുദ ബോധവല്‍ക്കരണ ക്ലാസുകള്‍ ഡോക്ടറമ്മയ്ക്ക് എടുക്കാനായത്.

ചിത്രം: സ്പെഷൽ അറേഞ്ച്മെന്റ്.
ചിത്രം: സ്പെഷൽ അറേഞ്ച്മെന്റ്.

 ∙ ഇന്ത്യന്‍ എംബസിയും അസോസിയേഷനുകളും
ഇന്ത്യന്‍ എംബസിയുമായി സഹകരിച്ച് നിരവധി ബോധവത്കരണ, രോഗനിര്‍ണയ ക്യാംപുകള്‍ പ്രത്യേകിച്ച് വനിത ഷെല്‍ട്ടറിലും നടത്തിയിട്ടുണ്ട്. ഫിലിപ്പീന്‍സ്, ബംഗ്ലദേശ് തുടങ്ങിയ രാജ്യങ്ങളുടെ എംബസികള്‍ ഡോക്ടറുടെ സേവനം പ്രയോജനപ്പെടുത്തുന്നു. ഇന്ത്യന്‍ സ്‌കൂളുകള്‍, വ്യാപാര സ്ഥാപനങ്ങള്‍, മതസംഘടനകള്‍, എന്നിവിടങ്ങളിലും കൂടാതെ, കഴിഞ്ഞ ഓഗസ്റ്റില്‍ പത്തനംതിട്ടയിലെ മൈലപ്രയിലും ഈ മലയാളി മരുമകളുടെ ബോധവല്‍ക്കരണ ക്ലാസുണ്ടായിരുന്നു.

ചിത്രം: സ്പെഷൽ അറേഞ്ച്മെന്റ്.
ചിത്രം: സ്പെഷൽ അറേഞ്ച്മെന്റ്.

ഡോക്ടറുടെ വിശിഷ്ട സേവനത്തിന് ഡല്‍ഹി ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന നാഷനല്‍ സര്‍വീസ് സൊസൈറ്റി ഫൗണ്ടേഷന്‍ 2019-ല്‍ നാരി ഉദ്ദ്യാമി അവാര്‍ഡ് നല്‍കി ആദരിച്ചു. കുവൈത്ത് ഇന്ത്യന്‍ ഡോക്ടേഴ്സ് ഫോറത്തിന്റെ വൈസ് പ്രസിഡന്റാണ് സുശോഭന. പശ്ചിമ ബംഗാളുകാരിയായ സുശോഭനയ്ക്ക് മലയാള ഭാഷയും വശമുണ്ട്. ഭര്‍ത്താവ് സുജിത് നായര്‍ പത്തനംതിട്ട റാന്നി സ്വദേശിയാണ്. കുടുംബസമ്മേതം റിഗ്ഗയിലാണ് താമസം.

English Summary:

Malayali Oncologist in Kuwait, Dr. Susovana Sujit Nair; Provides Comfort and Support to Cancer Patients

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com