ADVERTISEMENT

ദോഹ ∙ രണ്ടര പതിറ്റാണ്ട് കാലമായി  ഖത്തറിന്റെ കലാ-കായിക സാമൂഹിക സാംസ്കാരിക സേവന സന്നദ്ധ പ്രവർത്തനങ്ങളിൽ സജീവ സാന്നിധ്യമായ സംസ്കൃതി ഖത്തർ വിപുലമായ പരിപാടികളോടെ  രജത ജൂബിലി ആഘോഷം സംഘടിപ്പിക്കുന്നു. ഒരുവർഷം നീണ്ടുനിൽക്കുന്ന വൈവിധ്യങ്ങളായ പരിപാടികളാണ് രജതജൂബിലിയാഘോഷങ്ങളുടെ ഭാഗമായി സംസ്‌കൃതി  സംഘടിപ്പിക്കുന്നത്.

ആഘോഷപരിപാടികളുടെ ഉദ്ഘാടനവും കുടുബംസംഗമവും ഒക്‌ടോബർ 11ന് വുകൈർ മഷാഫ് പോഡാർ പേൾ ഇന്ത്യൻ സ്കൂൾ ഓഡിറ്റോറിയത്തിൽ നടക്കുമെന്ന് ഭാരവാഹികൾ അറിയിച്ചു. 

മാധ്യമ പ്രവർത്തകനും രാജ്യസഭ അംഗവുമായ ജോൺ ബ്രിട്ടാസ് രജത ജുബിലി ആഘോഷങ്ങളുടെ ഉദ്ഘാടനം നിർവഹിക്കും. ഖത്തറിലെ സാമൂഹിക സാംസ്കാരിക സംഘടന പ്രതിനിധികൾ, വാണിജ്യ-വ്യവസായ പ്രമുഖർ എന്നിവർ ചടങ്ങിൽ പങ്കെടുക്കും. രാവിലെ 9 മുതൽ  ജനകീയ നാടൻ കായിക മത്സരങ്ങളോടെ ആഘോഷപരിപാടികൾക്ക്  തുടക്കമാകും. രണ്ടായിരത്തിലധികം പേരുടെ മെഗാ കേരളീയസദ്യ, തിരുവാതിരകളി, മാർഗംകളി, ഒപ്പന, ചവിട്ട്നാടകം, പൂരക്കളി, ഫ്യൂഷൻ, ക്‌ളാസിക്കൽ സംഘനൃത്യങ്ങൾ, ഗാനമേള, വഞ്ചിപാട്ട്, വീരനാട്യം, കഥകളി, പഞ്ചാരിമേളം തുടങ്ങി മൂന്നര മണിക്കൂർ നീണ്ടു നിൽക്കുന്ന  കലാവിരുന്ന് അരങ്ങേറും. ഉച്ചക്ക് രണ്ടരയോടെ രജത ജൂബിലി ആഘോഷ ഉദ്ഘാടനസംസ്‍കാരിക സമ്മേളനം നടക്കും.

ഒരു വർഷം നീണ്ടുനിൽക്കുന്ന രജതജൂബിലി ആഘോഷങ്ങളുടെ ഭാഗമായി കേരളത്തിൽ നിന്നുള്ള സാഹിത്യ പ്രതിഭകൾ പങ്കെടുക്കുന്ന സാംസ്‌കാരിക സദസ്, പ്രഭാഷണ സദസ്‌, ആർദ്രനിലാവ് കാവ്യപരിപാടി, മലയാളം മിഷൻ വിവിധ പരിപാടികൾ, സി. വി ശ്രീരാമൻ സാഹിത്യപുരസ്‌കാരം, വനിതാ ശില്പശാല, ബോധവൽക്കരണ സെമിനാറുകൾ, മാധ്യമ സെമിനാറുകൾ സാംസ്‌കാരിക കലാപരിപാടികൾ, വിവിധ കായിക ടൂർണന്മെന്റുകൾ, മെഡിക്കൽ ക്യാംപുകൾ എന്നിവ സംഘടിപ്പിക്കുമെന്നും  സംസ്കൃതി ജനറൽ സെക്രട്ടറി ഷംസീർ അരീക്കുളം, പ്രസിഡന്റ്‌ സാബിത് സഹീർ, പ്രവാസിക്ഷേമനിധി ബോർഡ്‌ ഡയറക്ടർ ഇ എം സുധീർ, പ്രോഗ്രാം കൺവീനർ ഒക്കെ പരുമല എന്നിവർ അറിയിച്ചു.

English Summary:

Samskriti Qatar Silver Jubilee celebrations

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com