സായിദ് സസ്റ്റെയ്നബിലിറ്റി പ്രൈസ് ചുരുക്കപ്പട്ടികയിൽ ഇന്ത്യൻ സ്ഥാപനവും
Mail This Article
അബുദാബി ∙ സായിദ് സസ്റ്റെയ്നബിലിറ്റി പ്രൈസിനുള്ള ചുരുക്കപ്പട്ടികയിൽ ഇന്ത്യയും. സെർവിക്കൽ കാൻസർ നിർമിതബുദ്ധി സാങ്കേതികവിദ്യയുടെ സഹായത്തോടെ 30 സെക്കൻഡിനകം കണ്ടെത്താവുന്ന സംവിധാനമാണ് ഇന്ത്യയിൽനിന്നുള്ള പെരിവിങ്കിൾ ടെക്നോളജീസിന് പട്ടികയിൽ ഉയർന്ന സ്ഥാനം നേടിക്കൊടുത്തത്. ആശുപത്രിയിലെക്കെത്താൻ ബുദ്ധിമുട്ടുള്ളവർ, അവശരായവർ എന്നിവരുടെ പക്കലെത്തി രോഗനിർണയം നടത്തുന്ന ഈ സംവിധാനം ആരോഗ്യരംഗത്ത് വിപ്ലവം സൃഷ്ടിക്കുമെന്ന് ജൂറി വിലയിരുത്തി.
പരിസ്ഥിതിയുമായി ബന്ധപ്പെട്ട 6 വിഭാഗങ്ങളിലായി മത്സരിച്ച 5,980 പേരിൽനിന്ന് 33 പേരാണ് അന്തിമ പട്ടികയിലെത്തിയത്. അപേക്ഷകരുടെ എണ്ണത്തിൽ 15% വർധനയുണ്ട്.കാർബൺ ബഹിർഗമനം കുറയ്ക്കുന്നതിനും, സംശുദ്ധ ഊർജം, വെള്ളം, ഭക്ഷണം, ആരോഗ്യ പരിരക്ഷ എന്നിവ ഉറപ്പാക്കുന്നതിനും നിർമിതബുദ്ധിയും മറ്റ് സാങ്കേതികവിദ്യകളും ഉപയോഗപ്പെടുത്തിയവയാണ് ചുരുക്കപ്പട്ടികയിൽ ഇടംപിടിച്ച മറ്റുള്ളവ. ആരോഗ്യം, ഭക്ഷണം, ഊർജം, ജലം, കാലാവസ്ഥാ പ്രവർത്തനവിഭാഗങ്ങളിലെ വിജയിക്ക് 10 ലക്ഷം ഡോളറാണ് സമ്മാനം. കൂടാതെ ആഗോളതലത്തിൽ 6 ഹൈസ്കൂളുകൾക്ക് 1.5 ലക്ഷം ഡോളർ സമ്മാനമായി നൽകും. അബുദാബി സുസ്ഥിരതാ വാരാചരണത്തിന്റെ ഭാഗമായി ജനുവരി 14ന് നടത്തുന്ന ചടങ്ങിൽ വിജയികളെ പ്രഖ്യാപിക്കും.
നവീന സാങ്കേതികവിദ്യകൾ പ്രയോജനപ്പെടുത്തി മനുഷ്യരുടെ ആവശ്യങ്ങൾ എളുപ്പത്തിൽ നിറവേറ്റുകയും പരിസ്ഥിതിയെ സംരക്ഷിക്കുകയും ചെയ്യുന്ന ഫലപ്രദമായ രീതികൾ ആവിഷ്കരിക്കാൻ പുതുതലമുറയെ പ്രചോദിപ്പിക്കുന്നതിനാണ് പുരസ്കാരങ്ങൾ.
ഇതുവരെ 117 വിജയികളിലൂടെ 1.13 കോടി പേർക്ക് ശുദ്ധജലം, 5.4 കോടി വീടുകൾക്ക് സംശുദ്ധ ഊർജം, 36 ലക്ഷം പേർക്ക് പോഷകാഹാരം, 7.44 ലക്ഷം പേർക്ക് ആരോഗ്യ പരിരക്ഷ എന്നിവ ലഭ്യമാക്കി. സുസ്ഥിര ഭാവിയെക്കുറിച്ചുള്ള കാഴ്ചപ്പാട് പ്രതിഫലിക്കുന്നതാണ് ചുരുക്കപ്പട്ടികയിൽ എത്തിയവരുടെ പദ്ധതികളെന്ന് ജൂറി ചെയർമാൻ ഒലാഫർ റാഗ്നർ ഗ്രിംസൻ പറഞ്ഞു.