ADVERTISEMENT

ജിദ്ദ ∙ സൗദി അറേബ്യയിൽ ചരിത്രം തൊട്ടുറങ്ങുന്ന പൗരാണിക നഗരങ്ങളിലൊന്നാണ് അസീർ പ്രവിശ്യയിലെ അൽബിർക്. എ.ഡി മൂന്നാം നൂറ്റാണ്ടോളം പഴക്കമുള്ള ഈ പട്ടണം സമ്പന്നമായ സാംസ്കാരിക, നാഗരിക പൈതൃകവുമായി ചെങ്കടല്‍ തീരത്താണ് സ്ഥിതി ചെയ്യുന്നത്. എണ്ണൂറു വര്‍ഷത്തിലേറെ മുമ്പ് നിര്‍മിച്ച ചുറ്റുമതില്‍ അല്‍ബിര്‍കിലെ പ്രധാന ചരിത്രാടയാളങ്ങളില്‍ ഒന്നാണ്. ഇസ്‌ലാമിക ചരിത്രത്തിലെ ഒന്നാമത്തെ ഖലീഫയും പ്രവാചകൻ മുഹമ്മദ് നബിയുടെ സന്തത സഹചാരിയുമായ അബൂബക്കര്‍ സിദ്ദീഖിന്റെ പേരിലുള്ള മസ്ജിദാണ് അല്‍ബിര്‍കിലെ പ്രധാന ചരിത്ര, പൈതൃക കേന്ദ്രം. 

അറബ് പൈതൃകത്തെ കുറിച്ച് പ്രതിപാദിക്കുന്ന പുരാതന കൃതികളില്‍ ബിര്‍ക് അല്‍ഗമാദ് എന്ന പേരില്‍ പരാമര്‍ശിക്കുന്ന പ്രദേശം അല്‍ബിര്‍ക് ആണെന്ന് ചരിത്രകാരന്മാരും ഭൗമശാസ്ത്ര വിദഗ്ധരും പറയുന്നു. മക്കയില്‍ നിന്ന് അഞ്ചു ദിവസത്തെ യാത്രാ ദൈര്‍ഘ്യമുണ്ട് ബിര്‍ക് അല്‍ഗമാദിലേക്കെന്നും സമുദ്ര തീരത്താണ് ഈ പ്രദേശമെന്നും ബിന്‍ ദുറൈദ് തന്റെ കൃതിയില്‍ പറയുന്നു. യാഖൂത്ത് അല്‍ഹമവിയുടെ മുഅ്ജം അല്‍ബുല്‍ദാനിലും അല്‍ബിര്‍ക് അല്‍ഗമാദിനെ കുറിച്ച് പരാമര്‍ശമുണ്ട്. 

ചിത്രം: സൗദി പ്രസ് ഏജൻസി
ചിത്രം: സൗദി പ്രസ് ഏജൻസി

അല്‍ബിര്‍കിലെ ഏറ്റവും പ്രധാനപ്പെട്ട ചരിത്ര അടയാളം ഖലീഫ അബൂബക്കര്‍ സിദ്ദീഖ് മസ്ജിദ് ആണ്. 90 ചതുരശ്രമീറ്ററാണ് മസ്ജിദിന്റെ വിസ്തീര്‍ണം. രാജ്യാന്തര പാതയില്‍ നിന്ന് 300 മീറ്റര്‍ അകലെയാണിത്. ഒന്നാം ഖലീഫ അബൂബക്കര്‍ സിദ്ദീഖിന്റെ കാലത്താണ് ഈ മസ്ജിദ് നിര്‍മിച്ചതെന്ന് പ്രദേശവാസിയും ചരിത്ര ഗവേഷകനുമായ അബ്ദുറഹ്മാന്‍ ആലുഅബ്ദ പറയുന്നു. മക്കയില്‍ നിന്ന് എത്യോപ്യയിലേക്ക് പാലായനം ചെയ്യുന്നതിന് അല്‍ബിര്‍ക് വഴി കടന്നുപോയപ്പോഴാണ് അബൂബക്കര്‍ സിദ്ദീഖും ഒപ്പമുള്ളവരും ചേര്‍ന്ന് ഈ പള്ളി നിര്‍മിച്ചതെന്നാണ് കരുതുന്നത്. മസ്ജിദിന് സമീപം ചരിത്രപ്രാധാന്യമുള്ള അല്‍മജ്ദൂര്‍ കിണറുണ്ട്. രണ്ടു മീറ്റര്‍ വീതിയും ഒമ്പതു മീറ്റര്‍ ആഴവുമുള്ള കിണര്‍, ചെങ്കടലിനു സമീപമായിട്ടുകൂടി അല്‍ബിര്‍കിലെ ശുദ്ധജലത്തിന്റെ പ്രധാന ഉറവിടങ്ങളില്‍ ഒന്നാണ്. പ്രധാന പാതയോരങ്ങളിലെ മരങ്ങളും ചെടികളും നനയ്ക്കുന്നതിനുള്ള പ്രധാന ജല സ്രോതസ്സാണ് ഇന്നും ഈ കിണര്‍. അല്‍ബിര്‍കിലെ ചില പ്രദേശങ്ങളില്‍ മാസങ്ങള്‍ക്കു മുമ്പ് സൗദി, ബ്രിട്ടിഷ് ഗവേഷകര്‍ പുരാവസ്തു ഖനനങ്ങള്‍ നടത്തിയിരുന്നു. അല്‍ബിര്‍കിലെ പുരാതന ചരിത്ര പൈതൃകങ്ങളിലേക്ക് വെളിച്ചം വീശുന്ന അപൂര്‍വമായ നിരവധി പുരാവസ്തുക്കള്‍ ഖനനത്തില്‍ കണ്ടെത്തുകയും ചെയ്തു. 

ചിത്രം: സൗദി പ്രസ് ഏജൻസി
ചിത്രം: സൗദി പ്രസ് ഏജൻസി

അല്‍ബിര്‍കിലെ ദബ്സ എന്ന പ്രദേശത്താണ് ഖനനങ്ങള്‍ നടത്തിയതെന്ന് അസീര്‍ തീരത്ത് ചരിത്രാതീത കാലത്തെ പുരാവസ്തുക്കള്‍ക്കു വേണ്ടി ഖനനം നടത്തുന്നതിന് രൂപീകരിച്ച സൗദി, ബിട്ടിഷ് സംഘത്തിന്റെ നേതാവ് ഡോ. ദൈഫുല്ല അല്‍ഉതൈബി പറഞ്ഞു. ഫുര്‍സാന്‍ ദ്വീപ്, സൗദിയുടെ ദക്ഷിണ, പടിഞ്ഞാറന്‍ തീരങ്ങള്‍ എന്നിവിടങ്ങളില്‍ പുരാവസ്തു ഖനനം നടത്തുന്നതിന് രൂപീകരിച്ച സംഘം സൗദി ടൂറിസം, ദേശീയ പൈതൃക വകുപ്പിന്റെ മേല്‍നോട്ടത്തിലാണ് പ്രവര്‍ത്തിക്കുന്നത്. പുരാവസ്തുക്കള്‍ ശേഖരിച്ചും അവ പരിശോധിച്ചും പഠിച്ചും തരംതിരിച്ചും അസീര്‍ മ്യൂസിയത്തിലേക്ക് മാറ്റി ദബ്സയിലെ പ്രവര്‍ത്തനം ഖനന സംഘം പൂര്‍ത്തിയാക്കിയിട്ടുണ്ട്. ദബ്സയിലെ പുരാവസ്തുക്കളെയും ഭൗമശാസ്ത്ര പ്രത്യേകതകളെയും കുറിച്ച് താല്‍പര്യം ജനിപ്പിക്കുന്ന നിരവധി കാര്യങ്ങള്‍ സംഘം രേഖപ്പെടുത്തിയിട്ടുണ്ട്. സൗദി-ബ്രിട്ടിഷ് ഖനന സംഘത്തിന്റെ പ്രവര്‍ത്തനങ്ങളുടെ ഫലം അസീര്‍ ഗവര്‍ണര്‍ ഫൈസല്‍ ബിന്‍ ഖാലിദ് രാജകുമാരന്‍ വിലയിരുത്തിയിട്ടുണ്ട്. സംഘത്തിന് ഗവര്‍ണര്‍ നിര്‍ദേശങ്ങള്‍ നല്‍കുകയും ചെയ്തു. 

ആയിരക്കണക്കിന് വര്‍ഷം മുമ്പ് മുതല്‍ അറേബ്യന്‍ ഉപദ്വീപിന്റെ മധ്യഭാഗത്തിന്റെ ചരിത്ര, സാമ്പത്തിക പ്രധാന്യം വ്യക്തമാക്കുന്ന അടയാളങ്ങളും ശിലാലിഖിതങ്ങളും അല്‍ബിര്‍കിലുണ്ട്. ഇതില്‍ പ്രധാനം ജബല്‍ അല്‍ഇശ് ആണ്. പ്രദേശവാസികള്‍ ജബല്‍ ഉമ്മു ഇശ് എന്ന് പറയുന്ന മലയില്‍ പലയിടത്തും പുരാതന ലിപിയിലുള്ള ശിലാ ലിഖിതങ്ങള്‍ കാണാന്‍ കഴിയും. ചെങ്കടല്‍ തീരത്ത് വാദി അല്‍ദാഹിന്‍ അഴിമുഖത്തിന് തെക്കേ കരയിലാണ് ഈ മലയുള്ളത്. അല്‍ബിര്‍കിന് തെക്ക് പത്ത് കിലോമീറ്ററോളം ദൂരെയാണിത്. മലയ്ക്കു മുകളില്‍ തെക്കു ഭാഗത്ത് പതിനാലിലേറെ ശിലാ ലിഖിതങ്ങള്‍ കണ്ടെത്തിയിട്ടുണ്ടെന്ന് അല്‍ബിര്‍കിലെ പുരാതന അറബി ശിലാലിഖിതങ്ങള്‍ എന്ന ശീര്‍ഷകത്തില്‍ പ്രസിദ്ധീകരിച്ച പഠനത്തില്‍ കിങ് സൗദ് യൂനിവേഴ്സിറ്റി ചരിത്ര, പുരാവസ്തു വിഭാഗം പ്രഫസര്‍ ഡോ. സഈദ് ബിന്‍ ഫായിസ് അല്‍സഈദ് പറയുന്നു. ഇതിന് പുറമെ വടക്കു ഭാഗത്തും ശിലാലിഖിതങ്ങളുണ്ട്. മലയുടെ തെക്കുപടിഞ്ഞാറു ഭാഗത്ത് കല്ലുകള്‍ കൊണ്ട് നിര്‍മിച്ച മസ്ജിദുണ്ട്. ഇതിന്റെ ചുമരുകള്‍ക്ക് ഒരു മീറ്ററോളം ഉയരമുണ്ട്. ഇതിനു സമീപത്തായി മലമുകളില്‍ കല്ലുകള്‍ കൊണ്ട് നിര്‍മിച്ച മേല്‍ക്കൂരയില്ലാത്ത മുറികളുണ്ട്. പഴയ കാലത്ത് കാലികളെ സൂക്ഷിക്കുന്നതിന് ഉപയോഗിച്ചതാകും ഇവയെന്നാണ് കരുതുന്നത്. 

English Summary:

Al Birk is one of the ancient cities located in the Asir province

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com