ന്യൂയോർക്ക് സിറ്റി മാരത്തൺ: യുഎഇയുടെ പതാക വാഹകനായി കണ്ണൂർ സ്വദേശി
Mail This Article
അബുദാബി ∙ 54ാമത് ന്യൂയോർക്ക് സിറ്റി മാരത്തണിൽ യുഎഇ പതാക വാഹകനായി മലയാളി യുവാവ്. കണ്ണൂർ തളിപ്പറമ്പ സ്വദേശിയും അബുദാബിയിൽ അഡ്നോക് ജീവനക്കാരനുമായ സാദിഖ് അഹ്മദിനാണ് ഈ അവസരം കൈവന്നത്. നവംബർ 3നാണ് മാരത്തൺ. ഇതിനു മുന്നോടിയായി നവംബർ ഒന്നിനു നടക്കുന്ന ദേശീയ പരേഡിലാണ് സാദിഖ് യുഎഇയുടെ പതാക വഹിക്കുക. ഇതിനായി 31ന് സാദിഖ് യാത്ര തിരിക്കും.
2023ൽ ഷിക്കാഗോയിൽ നടന്ന വേൾഡ് മാരത്തണിൽ ഇന്ത്യയെ പ്രതിനിധീകരിച്ചാണ് സാദിഖ് അഹ്മദ് ഓടിയത്. 3 മണിക്കൂർ 29 മിനിറ്റ് 29 സെക്കൻഡ് കൊണ്ട് അന്ന് ഫിനിഷ് ചെയ്തു. നേരത്തെ ബർലിൻ മാരത്തണിൽ 3 മണിക്കൂർ 37 മിനിറ്റ് 17 സെക്കൻഡ് കൊണ്ട് പൂർത്തിയാക്കിയിരുന്നു. സാദിഖിന്റെ മൂന്നാമത് രാജ്യാന്തര മാരത്തണാണിത്. ലോകത്തെ ഏറ്റവും വലിയ 6 മാരത്തണിൽ പങ്കെടുത്ത് സിക്സ് സ്റ്റാർ സ്വന്തമാക്കുകയാണ് ലക്ഷ്യം. ടോക്കിയോ, ലണ്ടൻ, ബോസ്റ്റൺ മാരത്തണിൽകൂടി പങ്കെടുക്കാനുള്ള തയാറെടുപ്പ് തുടരുമെന്നും പറഞ്ഞു.
യുഎഇയിൽ നടന്ന അഡ്നോക് മാരത്തണിൽ 2022ൽ അഡ്നോകിന്റെ ഡ്യൂട്ടി വസ്ത്രവും ഹെൽമറ്റും ധരിച്ച് (കവറോൾ) ഓടിയതിന് ഇന്ത്യ ബുക്സ് ഓഫ് റെക്കോർഡ് സ്വന്തമക്കിയിരുന്നു. യുഎഇയിൽ നടക്കുന്ന രാജ്യാന്തര മാരത്തണുകളിൽ ഓടാറുണ്ട്. കേരള റൈഡേഴ്സ്, അബുദാബി റണ്ണിങ് ടീം എന്നീ ക്ലബ് അംഗംകൂടിയാണ് 32കാരൻ. ഭാര്യ സൈബ സാദിഖ്. മകൾ അസ്റ സാദിഖ്.