മൊബൈൽ സ്ട്രോക്ക് യൂണിറ്റ് ആരംഭിച്ച് സൗദി
Mail This Article
റിയാദ് ∙ സൗദിയിൽ പക്ഷാഘാത രോഗികൾക്കായ് മൊബൈൽ സ്ട്രോക്ക് യൂണിറ്റ് ആരംഭിച്ചു. ഇതാദ്യമായാണ് മിഡിൽ ഈസ്റ്റിൽ ഇത്തരത്തിൽ ചികിത്സാ യൂണിറ്റ് സംവിധാനം ഒരുക്കുന്നത്. റിയാദിൽ നടക്കുന്ന ഗ്ലോബൽ ഹെൽത്ത് ഫോറത്തിലൂടെ കിങ് ഫൈസൽ സ്പെഷലിസ്റ്റ് ഹോസ്പിറ്റൽ ആൻഡ് റിസർച്ച് സെന്ററാണ് പുതിയ സംരംഭം അവതരിപ്പിച്ചത്. സൗദിക്ക് പുറമേ നോർത്ത് ആഫ്രിക്കയിലും മൊബൈൽ സ്ട്രോക്ക് യൂണിറ്റ് പ്രവർത്തിപ്പിക്കും.
അത്യാഹിത വിഭാഗങ്ങളിൽ ലഭ്യമായ എല്ലാ ചികിത്സാ സംവിധാനങ്ങളൊടുകൂടിയതാണ് മൊബൈൽ സ്ട്രോക്ക് യൂണിറ്റ്. മൊബൈൽ യൂണിറ്റിൽ തന്നെ ബ്രെയിൻ ഇമേജിങ് നടത്തുകയും സ്ട്രോക്കിന്റെ തരം നിർണ്ണയിക്കുകയും ചികിത്സ നൽകുകയും ചെയ്യുന്നു. ഇത് പക്ഷാഘാത ഫലങ്ങൾ ലഘൂകരിക്കാൻ സഹായിക്കുന്നു. കൂടാതെ രോഗിയെ ആശുപത്രിയിലേക്ക് ചികിത്സയ്ക്കായി കൊണ്ടുപോകുന്നതിനൊപ്പം രോഗിയുടെയും കുടുംബത്തിന്റെയും ചികിത്സാ ചെലവ് കുറയ്ക്കുന്നതിന് സഹായിക്കുന്നുവെന്ന് ആശുപത്രിയിലെ ന്യൂറോളജി ആൻഡ് സ്ട്രോക്ക് കൺസൾട്ടന്റായ ഡോ. ഫഹദ് അൽ-അജ്ലാൻ വിശദീകരിച്ചു.
സ്ട്രോക്ക് ചികിത്സിക്കാൻ ആവശ്യമായ സമയം കുറയ്ക്കുന്നതിന്റെ പ്രാധാന്യത്തെക്കുറിച്ച്, ഡോ. അൽ അജ്ലാൻ ചൂണ്ടിക്കാട്ടി. ഓരോ മിനിറ്റ് കഴിയുമ്പോൾ ഒരു സ്ട്രോക്ക് രോഗിക്ക് ഏകദേശം രണ്ട് ദശലക്ഷം നാഡീകോശങ്ങൾ നഷ്ടപ്പെടുന്നതായി പഠനങ്ങൾ തെളിയിച്ചിട്ടുണ്ട്. സ്ട്രോക്ക് രോഗികൾക്കുള്ള ചികിത്സാ സമയം ഏകദേശം 30 മിനിറ്റ് കുറയ്ക്കാൻ യൂണിറ്റ് സഹായിക്കുന്നു. അതായത് 60 ദശലക്ഷം നാഡീകോശങ്ങളെ സംരക്ഷിക്കുന്നു.
സ്ട്രോക്കുകൾ നിർണയിക്കുന്നതിനും ചികിത്സിക്കുന്നതിനുമായി മൂന്ന് നൂതന ഉപകരണങ്ങൾ യൂണിറ്റിലുണ്ടെന്ന് ഡോ. അൽ-അജ്ലാൻ പറഞ്ഞു. കൂടാതെ രോഗിയെ പരിശോധിക്കുന്നതിനും ഏതാനും മിനിറ്റുകൾക്കുള്ളിൽ എക്സ്റേകൾ, വിശകലനങ്ങൾ എന്നിവയ്ക്ക് സഹായിക്കുന്ന വിപുലമായ ടെലിമെഡിസിൻ സംവിധാനവും സജ്ജമാക്കിയിട്ടുണ്ട്.