അതുല്യ നേട്ടവുമായ് കിങ് ഫൈസൽ സ്പെഷലിസ്റ്റ് ആശുപത്രി
Mail This Article
റിയാദ് ∙2011 മുതൽ കിഡ്‌നി പെയർഡ് ഡൊണേഷൻ പ്രോഗ്രാമിന് കീഴിൽ വിജയകരമായ് 500 ജോടി വൃക്ക മാറ്റിവയ്ക്കൽ ശസ്ത്രക്രിയ നടത്തി കിങ് ഫൈസൽ സ്പെഷലിസ്റ്റ് ആശുപത്രി ആൻഡ് റിസർച്ച് സെന്റർ. ഈ വർഷം മാത്രം 100 ജോടി വൃക്ക മാറ്റിവയ്ക്കൽ ശസ്ത്രക്രിയകളാണ് കിങ് ഫൈസൽ സ്പെഷലിസ്റ്റ് ആശുപത്രി വിജയകരമായി നടത്തിയത്. നൂതനമായ ആരോഗ്യപരിരക്ഷ പരിഹാരങ്ങളിൽ ഗണ്യമായ നേട്ടം അടയാളപ്പെടുത്തുകയും രോഗിക്ക് അനുയോജ്യമായ വൃക്ക ലഭിക്കാനുള്ള സാധ്യത മെച്ചപ്പെടുത്തുകയും ചെയ്തു. കിഡ്‌നി പെയർഡ് ഡൊണേഷൻ പ്രോഗ്രാമിന്റെ ഗുണഭോക്താക്കളിൽ 62 ശതമാനം സ്ത്രീകളാണ്. അതേസമയം പുരുഷന്മാർ 38ശതമാനമാണ്. 29 കുട്ടികൾ പ്രോഗ്രാമിൽ നിന്ന് പ്രയോജനം നേടി.
റിയാദിൽ നടക്കുന്ന ഗ്ലോബൽ ഹെൽത്ത് എക്‌സിബിഷനിൽ പ്ലാറ്റിനം സ്‌പോൺസർ എന്ന നിലയിൽ കിങ് ഫൈസൽ സ്പെഷലിസ്റ്റ് ആശുപത്രി സന്ദർശകർക്ക് കിഡ്‌നി പെയർഡ് ഡൊണേഷൻ പ്രോഗ്രാമിനെ കുറിച്ചും ആരോഗ്യ സംരക്ഷണം മെച്ചപ്പെടുത്തുന്നതിലെ അതിന്റെ സ്വാധീനത്തെ കുറിച്ചും മറ്റ് ആരോഗ്യ പരിഹാരങ്ങളും നൂതനാശയങ്ങളും അവതരിപ്പിക്കുന്നുണ്ട്.
1981ൽ ആരംഭിച്ച ഓർഗൻ ട്രാൻസ്‌പ്ലാന്റ് പ്രോഗ്രാമിന്റെ തുടക്കം മുതൽ കെഎഫ്എസ്എച്ച്ആർസിയിൽ 5,000 വൃക്ക മാറ്റിവയ്ക്കലുകൽ നടത്തിയിട്ടുണ്ട്. ഒരു വർഷത്തെ പോസ്റ്റ് ട്രാൻസ്പ്ലാന്റ് രോഗികളുടെ അതിജീവന നിരക്ക് 97% മുതൽ 99% വരെയാണ്. കഴിഞ്ഞ നാല് പതിറ്റാണ്ടുകളായി നടത്തിയ ട്രാൻസ്പ്ലാന്റുകളുടെ എണ്ണത്തിലും രോഗികളുടെ അതിജീവന നിരക്കിലും സ്ഥിരമായ വളർച്ചയാണ് ആശുപത്രി സ്വന്തമാക്കിയത്.