ഒമാനിലെ പമ്പുകളിലും സ്വദേശി നിയമനം; ഒട്ടേറെ മലയാളികൾക്ക് ജോലി നഷ്ടപ്പെടും
Mail This Article
മസ്‌കത്ത് ∙ ഒമാനില്‍ പെട്രോള്‍ പമ്പുകളില്‍ സ്വദേശികളെ മാത്രമേ സൂപ്പര്‍വൈസര്‍മാരായും മാനേജര്‍മാരായും നിയമിക്കാൻ പാടുള്ളുവെന്ന് കമ്പനികളോട് തൊഴിൽ മന്ത്രാലയം ആവശ്യപ്പെട്ടു. സ്വദേശിവത്കരണം ത്വരിതപ്പെടുത്തണമെന്നും കമ്പനികള്‍ക്ക് നിർദേശമുണ്ട്. മലയാളികള്‍ ഉള്‍പ്പെടെ നൂറു കണക്കിന് പേർ തൊഴിലെടുക്കുന്ന മേഖലയാണിത്.
ഇന്ധന സ്‌റ്റേഷനുകളിലെ സ്‌റ്റേഷന്‍ മാനേജര്‍ തസ്തികയില്‍ സ്വദേശികളെ നിയമിക്കുന്നതിന് തൊഴില്‍ മന്ത്രാലയവും ഒമാന്‍ സൊസൈറ്റി ഫോര്‍ പെട്രോളിയം സര്‍വീസസും 2021ല്‍ കരാറില്‍ എത്തിയിരുന്നു.
നിര്‍ദേശം പ്രാബല്യത്തില്‍ കൊണ്ടുവരുന്നതോടെ ഇന്ധന സ്‌റ്റേഷനുകളിലെ വിദേശികളായ സ്‌റ്റേഷന്‍ മാനേജര്‍മാര്‍ക്കു ജോലി നഷ്ടപ്പെടും. നോട്ടിസ് ലഭിച്ച് ഒരു മാസത്തിനുള്ളില്‍ തന്നെ സ്വദേളികളെ നിയമിക്കുന്നതിനുള്ള നടപടിക്രമങ്ങള്‍ ആരംഭിക്കണമെന്നാണ് മന്ത്രാലയം കമ്പനികളോട് അറിയിച്ചത്.