ADVERTISEMENT

ഷാർജ ∙ കഥയും കവിതയും നോവലും ആത്മകഥകളും യാത്രാ വിവരണങ്ങളും നിറഞ്ഞാടുന്ന ഷാർജ രാജ്യാന്തര പുസ്തകമേളയിൽ മറ്റു വിവിധ വിഷയങ്ങളിലുള്ള പുസ്തകങ്ങളും വെളിച്ചം കാണാറുണ്ട്. അതിലൊന്നാണ് ചിത്രരചനയെക്കുറിച്ചുള്ള പുസ്തകം. നവംബർ 6 മുതൽ 17 വരെ ഷാർജ എക്സ്പോ സെന്ററിൽ നടക്കുന്ന ഈ വർഷത്തെ പുസ്തകമേളയിൽ ചിത്രകാരി സ്മിത ഗുണാളൻ വരച്ച മ്യൂറൽ പെയ്ന്റിങ്ങുകളും ഒപ്പം ഓർമക്കുറിപ്പുകളുമടങ്ങുന്ന ഒരു സമാഹാരം പുറത്തിറങ്ങുന്നു. തന്റെ പുസ്തകത്തെക്കുറിച്ച് ചിത്രകാരിയുടെ വാക്കുകൾ വായിക്കാം:

ചിത്രകാരിയുടെ ഓർമകളിൽ വിടരുന്ന വര
മനസ്സിന് സ്വച്ഛത നൽകുന്നതാണ് നല്ല ചിത്രങ്ങൾ എന്നാണ് എന്റെ അഭിപ്രായം. ശിൽപിയായ അച്ഛന്റെ സ്വാധീനം എന്‍റെ ചിന്തകളിൽ അലിഞ്ഞുചേർന്നിട്ടുണ്ട്. ഭർത്താവ് ബിജു സുബ്രഹ്മണ്യന്റെ പിന്തുണ കൂടി ആയപ്പോൾ അത് സർഗാത്മകമായ ആത്മ പ്രകാശനങ്ങൾക്ക് ഊർജ്ജപ്രവാഹമായി.  ഷാർജയിലെ ഫ്ലാറ്റിലാണ് കുറേ വർഷമായി ഞാൻ കുടുംബ സമേതം ജീവിക്കുന്നത്. ഞാൻ ഷാർജയിലേയ്ക്ക് വരുന്ന നാളുകളിൽ അമ്മയുടെ ചേച്ചി ഇവിടെയുണ്ടായിരുന്നു. അവർ ഇവിടെ അധ്യാപികയായിരുന്നു. ഞങ്ങൾ ഒന്നിച്ചാണ് താമസിച്ചത്. കല്യാണത്തിനു ശേഷം ആ ബിൽഡിങ്ങിൽ തന്നെ മറ്റൊരു മുറിയിലേയ്ക്ക് ഞാനും ഭർത്താവും മാറി. ആ കാലത്ത് ഞാനൊരു ഒപ്റ്റിക്കൽ ഷോപ്പിൽ ആയിരുന്നു ജോലി ചെയ്തത്. പിന്നെ ആ ജോലി ഉപേക്ഷിച്ചു.

പിന്നീട്  ഒരു മറൈൻ കമ്പനിയിൽ സെക്രട്ടറിയായി ജോലിയിൽ പ്രവേശിച്ചു. ഒൻപത് വർഷത്തോളം ആ ജോലിയിൽ തുടർന്നു. പിന്നീട് മക്കളുടെ വളർച്ചയുടെ ഘട്ടത്തിൽ പാരന്റിങ്ങിന്റെ ഭാഗമായി  ജോലി ഉപേക്ഷിച്ചു. കുട്ടികളുടെ കാര്യത്തിൽ എനിക്ക് കൂടുതൽ ശ്രദ്ധ കൊടുക്കേണ്ടതുണ്ടായിരുന്നു. അവരുടെ വളർച്ചയിൽ  ജീവിതത്തെ മനോഹരമായി മനസ്സിലാക്കാനും പഠനകാര്യങ്ങളിൽ സഹായിയായും ഞാൻ ഒപ്പം തന്നെ നിന്നു. അത് വേറൊരു തരത്തിൽ കുട്ടികൾക്ക് സന്തോഷകരമായിത്തീർന്നെങ്കിലും എന്നിൽ മാനസികമായ വലിയ പിരിമുറുക്കങ്ങളുണ്ടാക്കി. മക്കൾ സ്കൂളിലേയ്ക്കും ഭർത്താവ് ഹോട്ടലിലേയ്ക്കും പോയാൽ എന്റെ ഫ്ലാറ്റിലെ ജീവിതം ഒരു തരം  ബോറടിയായി മാറി.

ഏകാന്തവും ആരോടും ഒന്നും പറയാനുമില്ലാത്ത ഒറ്റയിരിപ്പ് അല്ലെങ്കിൽ ടെലിവിഷൻ കണ്ട് കണ്ട് സ്വയം വെറുക്കുവോളം ഇരുന്നു. ഫ്ലാറ്റിലെ ഒറ്റയ്ക്കുള്ള ഇരുത്തം ഒരു തരം തരിപ്പായിട്ടാണ് അനുഭവപ്പെടുക. ഒരു തരത്തിലും പ്രചോദിപ്പിക്കില്ല . മുറ്റത്ത് ഒരു ഇല പോലും നാം കാണുന്നില്ല. അനക്കമറ്റ അവസ്ഥ. ആ അവസ്ഥയെ മറികടക്കാനാണ് ഞാൻ മ്യൂറൽ പെയ്ന്റിങ്ങിലേയ്ക്ക് കടന്നത്. അച്ഛൻ എന്റെ വിരൽ പിടിച്ചു വരയുടെ ലോകത്തേയ്ക്കു നടത്തിക്കുന്നതായി എനിക്കു തോന്നി. ഇങ്ങനെ വെറുതെ ഇരുന്നാൽ മതിയോ എന്ന് അച്ഛൻ ഉള്ളിൽ നിന്നു ചോദിക്കുന്നു. കണ്ണുകളടച്ചു ഞാൻ ഓർമിച്ചു:

നാട് ... നാട്ടിലെ മരങ്ങൾ... വാക്കും വരയും നിറഞ്ഞതാണ് 'മന്ദസ്മിതം ' എന്ന പുസ്തകം. വായനക്കാർ അതു ഹൃദയത്തിലേറ്റു വാങ്ങുമെന്നാണ് വിശ്വാസം. നവംബർ 11ന് രാവിലെ 11 ന് ഷാർജ രാജ്യാനന്തര പുസ്തകമേള ഹാൾ നമ്പർ 7 ൽ പുസ്തകം പ്രകാശനം ചെയ്യും.

എഴുത്തുകാർക്ക് സ്വന്തം പുസ്തകം പരിചയപ്പെടുത്താം
നവംബർ ആറിന് ആരംഭിക്കുന്ന ഷാർജ രാജ്യാന്തര പുസ്തകമേള 2024ൽ പ്രകാശനം ചെയ്യുന്ന പ്രവാസികളുടെ പുതിയ പുസ്തകങ്ങൾ പരിചയപ്പെടുത്താൻ ഇപ്രാവശ്യവും മനോരമ ഒാൺലൈൻ അവസരമൊരുക്കുന്നു.എന്താണ് പുസ്തകത്തിലൂടെ പറയാൻ ഉദ്ദേശിക്കുന്നത്, എഴുത്തിന് പിന്നിലെ അനുഭവങ്ങൾ സഹിതം 500 വാക്കുകളിൽ കുറയാതെ സ്വന്തം പുസ്തകം പരിചയപ്പെടത്താം. അതോടൊപ്പം, പുസ്തകം പ്രകാശനം ചെയ്യുന്ന തിയതി, സമയം എന്നിവയുമെഴുതാം. പുസ്തകത്തിന്റെ കവർ (jpeg ഫയൽ), രചയിതാവിന്റെ 5.8 x 4.2 സൈസിലുള്ള പടം (പാസ്പോർട് സൈസ് സ്വീകാര്യമല്ല) എന്നിവ *mynewbook.sibf@gmail.com* എന്ന മെയിലിലേയ്ക്ക് അയക്കുമല്ലോ. സബ്ജക്ടിൽ My BOOK@SIBF 2024 എന്ന് എഴുതാൻ മറക്കരുതേ. കൂടുതൽ വിവരങ്ങൾക്ക്: ഇ– മെയിൽ-  mynewbook.sibf@gmail.com ,  0567 371 376 (വാട്സാപ്)

English Summary:

Smita Gunalan to participate in Sharjah International Book Fair

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com