ADVERTISEMENT

റിയാദ് ∙ സൗദിയിൽ നടന്ന ലോകത്തിലെ ആദ്യത്തെ റോബോട്ടിക് കരൾ മാറ്റിവയ്ക്കൽ ശസ്ത്രക്രിയ വിജയിച്ചു. കിങ് ഫൈസൽ സ്‌പെഷ്യലിസ്റ്റ് ഹോസ്പിറ്റൽ ആൻഡ് റിസർച്ച് സെന്ററാണ് ജീവിച്ചിരിക്കുന്ന ദാതാവിൽ നിന്ന്  ഇടതുഭാഗത്തേക്ക് (റോബോട്ടിക് ലെഫ്റ്റ് ലോബ് ലിവർ ട്രാൻസ്പ്ലാന്റ്) കരൾ മാറ്റിവയ്ക്കൽ ശസ്ത്രക്രിയ നടത്തിയത്. മുപ്പതും അൻപതും വയസ്സുള്ള രണ്ട് കരൾ രോഗികളിലാണ് ലോകത്തിലെ ആദ്യത്തെ സമ്പൂര്‍ണ റോബോട്ടിക് കരള്‍ മാറ്റിവയ്ക്കല്‍ വിജയകരമായി നടത്തിയത്. അവരിൽ ഒരാൾക്ക് ഓട്ടോ ഇമ്മ്യൂൺ ഹെപ്പറ്റൈറ്റിസും മറ്റൊരാൾക്ക് പ്രൈമറി ബിലിയറി സിറോസിസും ആയിരുന്നു. 

ശരീരഘടനാപരമായ അല്ലെങ്കിൽ വൈദ്യശാസ്ത്രപരമായ വെല്ലുവിളികൾ കാരണം മുൻപ് അവയവ മാറ്റത്തിന് സാധ്യമല്ലാത്തവരെന്ന് തരംതിരിക്കപ്പെട്ടിരുന്ന കൂടുതൽ രോഗികളുടെ പ്രതീക്ഷ പുനഃസ്ഥാപിക്കുകയാണ് ഈ ഓപ്പറേഷൻ. റോബോട്ടിക് സർജറി ടെക്നിക്കുകൾ ശസ്ത്രക്രിയയിലെ കൃത്യതയുടെ തോത് വർധിപ്പിക്കുകയും വീണ്ടെടുക്കുന്ന കാലയളവ് കുറയ്ക്കുകയും സങ്കീർണതകളുടെ നിരക്ക് കുറയ്ക്കുകയും ചെയ്യുന്നു. സെന്റർ ഓഫ് എക്‌സലൻസ് ഫോർ ഓർഗൻ ട്രാൻസ്‌പ്ലാന്റേഷന്റെ സിഇഒ പ്രഫസർ ഡയറ്റർ ബ്രോറിങ്ങിന്റെ നേതൃത്വത്തിൽ നടത്തിയ നൂതന മെഡിക്കൽ നടപടിക്രമം, രക്തയോട്ടം ഗണ്യമായി മെച്ചപ്പെടുത്തുകയും രോഗികളിലും ദാതാക്കളിലും സമ്മർദ്ദം കുറയ്ക്കുകയും ചെയ്തു. റോബോട്ടിക് സംവിധാനത്തിന്റെ കൃത്യത കൊണ്ട് മെഡിക്കൽ ടീമിന് വ്യക്തമായ ശസ്ത്രക്രിയാ ധാരണ ലഭിച്ചു. രണ്ട് കേസുകളിലും കുറഞ്ഞ രക്തനഷ്ടവും തീവ്രപരിചരണ വിഭാഗത്തിൽ രണ്ടോ നാലോ ദിവസത്തെ താമസവും ഉണ്ടായിരുന്നുള്ളു എന്നതാണ് പ്രത്യേകത. അവയവം മാറ്റി വയ്ക്കുന്നതിലെ സങ്കീർണ്ണതയെ വളരെ കുറച്ചു കൊണ്ടുവരുകയാണ് റോബോട്ടിക് സംവിധാനം. 

മുൻപ്, റോബോട്ടിക് കരൾ മാറ്റിവയ്ക്കൽ ശസ്ത്രക്രിയ വലത് ഭാഗത്തേക്ക് പരിമിതപ്പെടുത്തിയിരുന്നു, കാരണം ശരീരഘടനാപരമായ നിയന്ത്രണങ്ങളും മെഡിക്കൽ വിപരീതഫലങ്ങളും ഇടത് ലോബിന്റെ ഉപയോഗം തടഞ്ഞിരുന്നു. എങ്കിലും  ഇടതുഭാഗം മാറ്റിവയ്ക്കാൻ റോബോട്ട് ഉപയോഗിക്കുന്ന ഈ ആധുനിക അതിനൂതന മെഡിക്കൽ നടപടിക്രമം, മുമ്പ് മാറ്റിവയ്ക്കലിൽ നിന്ന് ഒഴിവാക്കിയ സങ്കീർണ്ണമായ കേസുകളുടെ ചികിത്സയ്ക്കാണ് വഴിയൊരുക്കുന്നത്. ലോകത്തിലെ ആദ്യത്തെ സമ്പൂർണ റോബോട്ടിക് കരൾ മാറ്റിവയ്ക്കൽ നടത്തി അഭൂതപൂർവമായ നേട്ടം കൈവരിക്കാൻ 2023-ൽ തന്നെ കിങ് ഫൈസൽ സ്പെഷലിസ്റ്റ് ഹോസ്പിറ്റൽ ആൻഡ് റിസർച്ച് സെന്ററിന് കഴിഞ്ഞിരുന്നു. ഇതുവരെ 31 ഓപ്പറേഷനുകളാണ് കിങ് ഫൈസൽ സ്പെഷലിസ്റ്റ് ഹോസ്പിറ്റൽ ആൻഡ് റിസർച്ച് സെന്റർ നടത്തിയിരിക്കുന്നത്. 

English Summary:

Novel Technique Hopes to Extend Robotic Transplant to More Patients King Faisal Specialist Hospital and Research Centre Performs World First Robotic Left Liver Lobe Transplant

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com