ശൈത്യകാലം വരവായി; വീടിനുള്ളിൽ വിറക് കൂട്ടി തീ കായുന്നത് ഒഴിവാക്കണമെന്ന് സൗദി ആരോഗ്യ മന്ത്രാലയം
Mail This Article
റിയാദ്∙ സൗദി അറേബ്യയിൽ ശൈത്യകാലം അടുത്തതോടെ തീ കായുന്ന പതിവ് പലരും അവലംബിക്കാറുണ്ട്. എന്നാൽ, വീടിനുള്ളിൽ വിറക് കൂട്ടി തീ കായുന്നത് ഗുരുതര ആരോഗ്യ പ്രശ്‌നങ്ങൾക്ക് കാരണമാകുമെന്ന് സൗദി ആരോഗ്യ മന്ത്രാലയം മുന്നറിയിപ്പ് നൽകി.
വിറക് കത്തിക്കുന്നത് മൂലം ഉണ്ടാകുന്ന പുകയിൽ വിഷമയമായ കാർബൺ മോണോക്സൈഡ് അടങ്ങിയിരിക്കുന്നു. ഇത് ആസ്ത്മ, ചുമ, കഫക്കെട്ട്, ശ്വാസംമുട്ടൽ, തുമ്മൽ, ഹൃദയാഘാതം തുടങ്ങിയ ഗുരുതര ആരോഗ്യ പ്രശ്‌നങ്ങൾക്ക് കാരണമാകും. പ്രത്യേകിച്ച്, ആസ്തമ രോഗികളും പ്രായമായവരും പ്രത്യാഘാതങ്ങൾക്ക് കൂടുതൽ സാധ്യതയുണ്ട്
വീടിനുള്ളിൽ വിറക് കത്തിക്കുന്നത് ഒഴിവാക്കണമെന്ന് മന്ത്രാലയം നിർദേശിച്ചു. വായുസഞ്ചാരം ഉറപ്പാക്കുന്ന സ്ഥലങ്ങളിൽ മാത്രം തീ കായ്ക്കുക. കാർബൺ മോണോക്സൈഡ് ഡിറ്റക്ടറുകൾ സ്ഥാപിക്കുന്നത് കാർബൺ മോണോക്സൈഡ് വാതകത്തിന്റെ അളവ് നിരീക്ഷിക്കാൻ സഹായിക്കും. അലർജി ബാധിതർക്ക് പ്രത്യേക ശ്രദ്ധ ആവശ്യമാണെന്നും മന്ത്രാലയം അറിയിച്ചു.
സൗദിയിൽ ശൈത്യകാലത്ത് തീ കായുന്നത് ഒരു പാരമ്പര്യമാണ്. എന്നാൽ, ആരോഗ്യ പ്രശ്‌നങ്ങളെക്കുറിച്ച് ബോധവാൻമാരാകേണ്ടത് അത്യാവശ്യമാണ്. ആധുനിക സൗകര്യങ്ങൾ ഉപയോഗിച്ച് തണുപ്പിൽ നിന്ന് രക്ഷനേടുന്നതാണ് കൂടുതൽ സുരക്ഷിതം.