ഗതാഗതം സുഗമമാക്കാൻ ഇലക്ട്രിക് മോണോ റെയിലുമായ് സൗദി
Mail This Article
റിയാദ് ∙ ഇലക്ട്രിക് മോണോ റെയിൽ പദ്ധതിയുമായ് കിങ് അബ്ദുല്ല ഫിനാൻഷ്യൽ സെന്റർ. റിയാദിൽ നടക്കുന്ന എട്ടാമത് ഫ്യൂച്ചർ ഇൻവെസ്റ്റ്മെന്റ് ഇനിഷ്യേറ്റീവിലാണ് ഇത് സംബന്ധിച്ചുള്ള കരാർ ഒപ്പുവച്ചത്. ഡ്രൈവറില്ലാതെ ഓട്ടോമേറ്റഡ് സാങ്കേതികവിദ്യയിൽ പ്രവർത്തിക്കുന്നതാണ് 10 മിനിറ്റ് സിറ്റി എന്ന് പേരിട്ടിരിക്കുന്ന കിങ് അബ്ദുല്ല ഫിനാൻഷ്യൽ ഡിസ്ട്രിക്ട് ഡെവലപ്പമെന്റ് കമ്പനി (കെഎഎഫ്ഡി)യുടെ പദ്ധതി.
ഫിനാൻഷ്യൽ കേന്ദ്രത്തിലേക്കെത്തുന്നവർക്ക് സേവനം ലക്ഷ്യമിടുന്ന പദ്ധതിയിൽ, തിരക്കേറിയ സമയത്ത് മണിക്കൂറിൽ 3500 യാത്രാക്കാരെ ഉൾക്കൊള്ളുന്നതിനും മോണോറെയിൽ പ്രയോജനപ്പെടുമെന്ന് ബന്ധപ്പെട്ട വൃത്തങ്ങൾ അറിയിച്ചു. കിങ് അബ്ദുല്ല ഫിനാൻഷ്യൽ ഡിസ്ട്രിക്ട് ഡെവലപ്‌മെന്റ് ആൻഡ് മാനേജ്‌മെന്റ് കമ്പനി (കെഎഎഫ്‌ഡി), സിആർആർസി ഹോങ്കോങ് ലിമിറ്റഡ്, സിആർആർസി നാൻജിങ് പുഴെൻ ലിമിറ്റഡ്, ഹസൻ അൽലാം കൺസ്ട്രക്ഷൻ സൗദി അറേബ്യ ലിമിറ്റഡ് എന്നിവ ചേർന്നാണ് മോണോറെയിൽ പദ്ധതി ആരംഭിക്കുന്നതിനുള്ള കരാർ ഒപ്പിട്ടത്. അർബൻ മൊബിലിറ്റി എന്ന ആശയം മെച്ചപ്പെടുത്തുകയും ഫിനാൻഷ്യൽ സെന്ററിൽ ആരോഗ്യഗുണപരമായ കാൽനടസൗഹൃദ അനുഭവം നൽകുകയും ചെയ്യും. സ്വകാര്യ വാഹനങ്ങളെ ആശ്രയിക്കുന്നത് കുറയ്ക്കുന്ന നൂതന ഗതാഗത മാർഗങ്ങളെ അടിസ്ഥാനമാക്കിയുളള ഒരു സ്മാർട്ട് സിറ്റി സൃഷ്ടിക്കുന്നതിനുള്ള കെഎഎഫഡിയുടെ കാഴ്ചപ്പാട് വർധിപ്പിച്ചുകൊണ്ട് എളുപ്പവും സുസ്ഥിരവും കാര്യക്ഷമവുമായ ഗതാഗത പരിഹാരങ്ങൾ നൽകാനാണ് പദ്ധതി ലക്ഷ്യമിടുന്നത്.
ഗതാഗത മേഖലയിലെ കാര്യക്ഷമതയ്ക്കും സുരക്ഷയ്ക്കും പുതിയ മാനദണ്ഡങ്ങൾ പാലിച്ചാണ് 3.6 കിലോമീറ്റർ നീളമുള്ള ഇലക്ട്രിക് ട്രെയിൻ ട്രാക്ക് ഡ്രൈവറില്ലാതെ ഓട്ടോമേഷൻ സാങ്കേതികവിദ്യ ഉപയോഗിച്ച് പ്രവർത്തിക്കുന്നത്. ഓഫിസുകൾ, കടകൾ, വിനോദ സൗകര്യങ്ങൾ എന്നിവയുൾപ്പെടെയുള്ള ഇടങ്ങളിലേക്ക് ചുറ്റി സഞ്ചരിക്കും വിധം ഫിനാൻഷ്യൽ ഡിസ്ട്രിക്ടിന്റെ പ്രധാന മേഖലകളിലേക്കുള്ള പ്രവേശനം സുഗമമാക്കിക്കൊണ്ട് ക്രമീകരിച്ചിരിക്കുന്ന ആറ് സ്റ്റേഷനുകളാണ് ഉണ്ടാവുന്നത്.
ഫിനാൻഷ്യൽ സിറ്റി കേന്ദ്രത്തിനെ ബന്ധിപ്പിക്കുന്ന ട്രാക്കിൽ ഓടുന്ന ആറ് ട്രെയിനുകളും പദ്ധതിയിൽ ഉൾപ്പെടുന്നു. റിയാദ് മെട്രോയുമായുള്ള കണക്ഷനിലൂടെയും ഇത് വേറിട്ടുനിൽക്കുന്നു. സിറ്റിയുടെ എല്ലാ ഭാഗങ്ങളിലേക്കും എളുപ്പത്തിൽ പ്രവേശനം അനുവദിക്കുകയും "10 മിനിറ്റ് നഗരം" എന്ന കെഎഎഫ്ഡിയുടെ കാഴ്ചപ്പാടിനെ പിന്തുണയ്ക്കുന്നതൊടൊപ്പം താമസക്കാരുടെയും സന്ദർശകരുടെയും യാത്രാമാർഗ്ഗം എളുപ്പമാക്കുന്നു
കിങ് അബ്ദുല്ല ഫിനാൻഷ്യൽ ഡിസ്ട്രിക്റ്റ് രാജ്യത്തെ പ്രധാന ബിസിനസ്, ലൈഫ്സ്റ്റൈൽ ഡെസ്റ്റിനേഷനും റിയാദിന്റെ സാമ്പത്തിക സ്വപ്നങ്ങളുടേയും പദ്ധതികളുടേയും ഒരു പ്രധാന ചാലകവുമാണ്. 10 മിനിറ്റ് നടന്നാൽ എവിടേക്കും എത്തിച്ചേരാനാവും വിധമാണ് ഇവിടം രൂപഘടന നൽകിയിരിക്കുന്നത്. വിഷൻ 2030 ന്റെ ലക്ഷ്യങ്ങൾക്ക് അനുസൃതമായി പദ്ധതി പ്രവർത്തനക്ഷമമാകുന്നതോടെ സുസ്ഥിര നഗര ഗതാഗതത്തിനുള്ള ആഗോള മാതൃകയായി മാറുമെന്നാണ് പ്രതീക്ഷ.