സംശയാസ്പദമായ ശബ്ദങ്ങൾ ശ്രദ്ധയിൽപ്പെട്ടു; പരാതിയെ തുടർന്ന് 19 അനധികൃത പക്ഷി വേട്ട ഉപകരണങ്ങൾ കണ്ടുകെട്ടി ഫുജൈറ പരിസ്ഥിതി അതോറിറ്റി
Mail This Article
ഫുജൈറ ∙ വന്യജീവികളെ സംരക്ഷിക്കുന്നതിനായി നടത്തിയ ഓപ്പറേഷനിൽ 19 അനധികൃത പക്ഷി വേട്ട ഉപകരണങ്ങൾ കണ്ടുകെട്ടിയതായി ഫുജൈറ പരിസ്ഥിതി അതോറിറ്റി അറിയിച്ചു. വേട്ടയാടൽ ഉപകരണങ്ങളുമായി ബന്ധപ്പെട്ട സംശയാസ്പദമായ ശബ്ദങ്ങൾ ശ്രദ്ധയിൽപ്പെട്ട പ്രദേശത്തെ ഒരാൾ റിപ്പോർട്ട് ചെയ്തതിനെ തുടർന്നായിരുന്നു പരിശോധന. അടിയന്തര പാരിസ്ഥിതിക പ്രശ്നങ്ങളോട് പ്രതികരിക്കാൻ വേണ്ടിയൊരുക്കിയ 24 മണിക്കൂർ എമർജൻസി ഹോട്ട്‌ലൈൻ (800368) വഴിയാണ് ഇദ്ദേഹം വിവരം അറിയിച്ചതെന്ന് അധികൃതർ പറഞ്ഞു.
റിപ്പോർട്ട് ലഭിച്ചയുടൻ ജൈവവൈവിധ്യ സംഘം പ്രദേശത്തും ചുറ്റുമുള്ള സ്ഥലങ്ങളിലും വിശദമായ പരിശോധന നടത്തുകയും 19 ഉപകരണങ്ങൾ കണ്ടെത്തുകയും ചെയ്തു. ഇവ അജ്ഞാത വ്യക്തികൾ ഒറ്റപ്പെട്ട സ്ഥലങ്ങളിൽ ഒളിപ്പിച്ച്, വ്യക്തിഗത ലാഭത്തിനായി പക്ഷികളെ ആകർഷിക്കാനും വേട്ടയാടാനും ഉപയോഗിച്ചുവരികയായിരുന്നു. ഫുജൈറയുടെ ജൈവവൈവിധ്യം സംരക്ഷിക്കുന്നതിനുള്ള തുടർച്ചയായ ശ്രമങ്ങളുടെ ഭാഗമായി എമിറേറ്റിൻ്റെ പരിസ്ഥിതി അധികൃതർ ജൈവവൈവിധ്യ, പരിസ്ഥിതി നിരീക്ഷണ ടീമിൻ്റെ നേതൃത്വത്തിൽ വാർഷിക നിരീക്ഷണ ക്യാംപെയ്നും നടത്തുന്നുണ്ട്.
ഈ ക്യാംപെയ്നുകൾ പ്രദേശത്തിൻ്റെ പ്രകൃതി വിഭവങ്ങൾക്ക് ഭീഷണിയാകുന്ന ലംഘനങ്ങൾ കണ്ടെത്താനും തടയാനും വേണ്ടി പ്രവർത്തിക്കുന്നതായി ഫുജൈറ പരിസ്ഥിതി അതോറിറ്റി ഡയറക്ടർ അസീല അൽ മുഅല്ല പറഞ്ഞു. എമിറേറ്റിൻ്റെ പരിസ്ഥിതിക്കും പാരിസ്ഥിതിക സന്തുലിതാവസ്ഥയ്ക്കും അപകടമുണ്ടാക്കുന്നവരോട് ഒരു ദയയും കാണിക്കില്ലെന്ന് മുന്നറിയിപ്പ് നൽകി. നിയമലംഘകർക്കെതിരെ കർശനമായ ശിക്ഷകൾ നടപ്പാക്കാൻ പ്രാദേശിക സുരക്ഷാ സേനയുമായി അതോറിറ്റി സഹകരിക്കുന്നു.