അഡിപെക്കിന് അബുദാബിയിൽ തുടക്കം; ബുർജീൽ ഹോൾഡിങ്‌സ് ബൂത്ത് ഉദ്ഘാടനം ചെയ്തു
Mail This Article
അബുദാബി ∙ ലോകത്തെ ഏറ്റവും വലിയ ഊർജ എക്സിബിഷനായ അഡിപെക് അബുദാബിയിൽ ആരംഭിച്ചു. ഊർജ മേഖലയിലെ തൊഴിലാളികളുടെ ആരോഗ്യവും ക്ഷേമവും വർധിപ്പിക്കുന്നതിനുള്ള നൂതനാശയങ്ങൾ ബുർജീൽ ഹോൾഡിങ്സും ആർപിഎമ്മും പങ്കുവച്ചു. അബുദാബിയിൽ ആരംഭിച്ച മേളയിൽ മെനയിലെ പ്രമുഖ സൂപ്പർ സ്പെഷ്യലിറ്റി ആരോഗ്യസേവന ദാതാവായ ബുർജീലിന്റെയും ഓൺസൈറ്റ് ആരോഗ്യസേവന ദാതാവായ ആർപിഎമ്മിന്റെയും സംയുക്ത ബൂത്ത് യുഎഇ യിലെ ഇന്ത്യൻ സ്ഥാനപതി സഞ്ജയ് സുധീർ ഉദ്ഘാടനം ചെയ്തു. ബുർജീൽ ഹോൾഡിങ്‌സ് സ്ഥാപകനും ചെയർമാനുമായ ഡോ. ഷംഷീർ വയലില്‍ സംബന്ധിച്ചു.
ലോകത്തിൻ്റെ വിവിധ ഭാഗങ്ങളിൽ നിന്നുള്ള 2200 ലേറെ കമ്പനികൾ പങ്കെടുക്കുന്ന നാല് ദിവസത്തെ മേളയിൽ എണ്ണ, വാതക മേഖലകളിലെ പ്രധാന കണ്ടുപിടുത്തങ്ങളാണ് പ്രദർശിപ്പിക്കുന്നത്. ബുർജീൽ ഹോൾഡിങ്സും ആർപിഎമ്മും യഥാക്രമം 'മാനുഷിക ഊർജത്തിന്റെ ശക്തിപ്പെടുത്തൽ', 'മാനുഷിക ഊർജത്തിന്റെ സുസ്ഥിരത' എന്നീ രണ്ട് വിഷയങ്ങളിലൂന്നിയുള്ള പരിഹാരങ്ങളാണ് മേളയിൽ അവതരിപ്പിക്കുന്നത്.
ഊർജ വ്യവസായ മേഖലയിലെ തൊഴിലാളികൾ, പ്രത്യേകിച്ച് വിദൂര സ്ഥലങ്ങളിൽ ജോലി ചെയ്യുന്നവർ, മാനസികവും ശാരീരികവുമായി നേരിടുന്ന സമ്മർദ്ദങ്ങളെ ആരോഗ്യപരമായി നേരിടാനുള്ള പരിഹാരം അവതരിപ്പിക്കുകയാണ് ബുർജീലും ആർപിഎമ്മും. തൊഴിലാളികൾക്ക് അനുയോജ്യമായ പിന്തുണ, അവരുടെ ആരോഗ്യം, സുരക്ഷ, ഉൽപ്പാദനക്ഷമത, മൊത്തത്തിലുള്ള ക്ഷേമം, മാനസിക ദൃഢത, ശാരീരിക ക്ഷേമം എന്നിവയിൽ ശ്രദ്ധ കേന്ദ്രീകരിക്കുന്ന നൂതന സംരംഭങ്ങൾ മേളയിലുണ്ട്.