ഭരണഘടന ഭേദഗതി: ഹിതപരിശോധനക്ക് ഒരുക്കങ്ങള് പൂർത്തിയാക്കി ഖത്തർ; മുഴുവൻ സ്കൂളുകൾക്കും നാളെ അവധി
Mail This Article
ദോഹ ∙ ഭരണഘടന ഭേദഗതിയുമായി ബന്ധപ്പെട്ട ഹിതപരിശോധനക്ക് എല്ലാം ഒരുക്കങ്ങളും പൂർത്തിയാക്കി ഖത്തർ. നാളെ നടക്കുന്ന ഭരണഘടനാ ഭേദഗതി ഹിതപരിശോധനയുടെ ഭാഗമായി രാജ്യത്തെ മുഴുവൻ സ്കൂളുകൾക്കും വിദ്യാഭ്യാസ ഉന്നത വിദ്യാഭ്യാസ മന്ത്രാലയം അവധി പ്രഖ്യാപിച്ചു . ഹിതപരിശോധനയിൽ രാജ്യത്തെ മുഴുവൻ പൗരന്മാരുടെയും പങ്കാളിത്തം ഉറപ്പുവരുത്താൻ വേണ്ടിയാണ് അവധി പ്രഖ്യാപിച്ചത്.
സ്കൂളുകളിലെ അക്കാദമിക്, അഡ്മിനിസ്‌ട്രേറ്റീവ് സ്റ്റാഫ് ഉൾപ്പെടെ ഖത്തറിലെ എല്ലാ പൊതു, സ്വകാര്യ സ്‌കൂളുകൾക്കും നാളെ അവധിയായിരിക്കുമെന്ന് മന്ത്രാലയം സോഷ്യൽ മീഡിയയിലൂടെ അറിയിച്ചു . അതെ സമയം യൂണിവേഴ്സിറ്റികൾ ഉൾപ്പെടെ ഉന്നത വിദ്യാഭ്യസ സ്ഥാപനങ്ങൾക്ക് ഇതുവരെ അവധി പ്രഖ്യാപിച്ചിട്ടില്ല.
അമീർ ശൈഖ് തമീം ബിൻ ഹമദ് ആൽഥാനിയുടെ നിർദേശപ്രകാരം നാളെ നടക്കുന്ന ഹിതപരിശോധന വിജയകരമായി പൂർത്തിയാക്കാൻ വിപുലമായ ഒരുക്കങ്ങളാണ് ജനറൽ റഫറണ്ടം കമ്മിറ്റിയുടെ നേതൃത്വത്തിൽ നടത്തിയത്. രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിലായി പേപ്പർ വോട്ടിങ്ങിന് പത്തുകേന്ദ്രങ്ങളും, ഇലക്ട്രോണിക് വോട്ടിങ്ങിന് 18 കേന്ദ്രങ്ങളും സജ്ജമാക്കിയതായി അധികൃതർ അറിയിച്ചു.
ചൊവ്വാഴ്ച രാവിലെ ഏഴ് മുതൽ രാത്രി ഏഴുവരെ നീളുന്ന ഹിതപരിശോധനയിൽ രാജ്യത്തിനകത്തും പുറത്തുമുള്ള മുഴുവൻ പൗരന്മാരും പങ്കെടുക്കണമെന്ന് റഫറണ്ടം കമ്മിറ്റി അഭ്യർഥിച്ചു.പോളിങ് സ്റ്റേഷനിൽ എത്തി വോട്ട് ചെയ്യാനുള്ള സൗകര്യത്തിനു പുറമെ മെട്രാഷ് ഉപയോഗിച്ച് ഓൺലൈൻ വഴി വോട്ട് രേഖപ്പെടുത്താനും സൗകര്യമുണ്ട്. പോളിങ് സ്റ്റേഷനുകളിലെത്തി പേപ്പർ, ഇലക്ട്രോണിക് സൗകര്യങ്ങളിലൂടെയാണ് വോട്ട് ചെയ്യാൻ കഴിയുന്നത്.
ഖത്തർ ഐഡിയോ ഡിജിറ്റൽ ഐഡിയോ തിരിച്ചറിയൽ രേഖയായി ഉപയോഗിച്ച് വോട്ട് രേഖപ്പെടുത്താം. ‘മെട്രാഷ് ടു' ആപ് ഉപയോഗിച്ചും വോട്ടു ചെയ്യാനുള്ള സൗകരൃം ഒരുക്കിയിട്ടുണ്ട്. ഇതിനു പുറമെ, ആശുപത്രികളിൽ കഴിയുന്നവരും രോഗികളും ഉൾപ്പെടെയുള്ളവർക്കായി മൊബൈൽ വോട്ടിങ് സൗകര്യവും ഏർപ്പെടുത്തിയിട്ടുണ്ട്. വോട്ടെടുപ്പിന്റെ തയാറെടുപ്പുകൾ ജനറൽ റഫറണ്ടം കമ്മിറ്റി ചെയർമാനും ആഭ്യന്തര മന്ത്രിയുമായ ഷെയ്ഖ് ഖലീഫ ബിൻ ഹമദ് ബിൻ ഖലീഫ ആൽത്താനി വിലയിരുത്തി.
ഹിതപരിശോധന അവസാനിച്ച് 24 മണിക്കൂറിനുള്ളിൽ ഫലങ്ങൾ പ്രഖ്യാപിക്കാനാകുമെന്ന് പ്രതീക്ഷിക്കുന്നതായി ജനറൽ റഫറണ്ടം കമ്മിറ്റി അറിയിച്ചു.