സനാരി സുഹയുടെ "റെയിൻ ഓഫ് ഇൻസാനിറ്റി" ഷാർജ പുസ്തകമേളയിൽ പ്രകാശനം ചെയ്യും
Mail This Article
ഷാർജ ∙ എപ്പോഴൊക്കെയോ ഡയറിയിൽ കുറിച്ചിട്ട അക്ഷരങ്ങൾ പുസ്തകമായതിൻ്റെ അതിരറ്റ സന്തോഷത്തിലാണ് ഷാർജയിൽ വിദ്യാർഥിയായ സനാരി സുഹ. ഇൗ മാസം 6 മുതൽ 17 വരെ എക്സ്പോ സെൻ്ററിൽ നടക്കുന്ന ഷാർജ രാജ്യാന്തര പുസ്തകമേളയിലാണ് "റെയിൻ ഓഫ് ഇൻസാനിറ്റി എന്ന നോവലിൻ്റെ പ്രകാശനം. പുസ്തകത്തെക്കുറിച്ച് സനാരി പറയുന്നു: ഓരോ പുസ്തകവും വായിക്കുമ്പോഴും ഇതുപോലെ എഴുതാൻ കഴിഞ്ഞെങ്കിൽ എന്ന് ആഗ്രഹിച്ചിരുന്നു.
ഇഷ്ടമുള്ള പുസ്തകങ്ങളിലെ മനസ്സിൽ തറക്കുന്ന വരികൾ, വാചകങ്ങൾ എന്നിവ എഴുതി സൂക്ഷിക്കുകയും വീണ്ടും വീണ്ടും അതെടുത്ത് വായിക്കുകയും ചെയ്യുമായിരുന്നു. ക്ലാസ് കഴിഞ്ഞാൽ ഞാൻ എൻ്റെ ബുക്കുകളോടൊപ്പം ആയിരിക്കും. യാഥാർഥത്തിൽ കോവിഡ് കാലത്താണ് പുസ്തകങ്ങളോട് കൂടുതൽ അടുത്തത്. "റെയിൻ ഓഫ് ഇൻസാനിറ്റി" എന്ന നോവലിലേക്കുള്ള എൻ്റെ പ്രവേശനം ഈ സമയത്തായിരുന്നു.
ഒരു വൈറസിന്റെ മുന്നിൽ ലോകം മുഴുവൻ നിശ്ചലമായതിനെക്കുറിച്ചുള്ള വാർത്തകൾ എന്നിൽ വല്ലാതെ സങ്കടം നിറച്ചിരുന്നു. ചൈനയിലെ ഒരു ലാബിലാണ് കൊറോണ വൈറസ് സൃഷ്ടിക്കപ്പെട്ടതെന്ന അഭ്യൂഹങ്ങൾ പുറത്തു വന്നു. ലോകം മുഴുവൻ അത് കാരണം നിശ്ചലമായ ആ വാർത്ത എന്നിലും അസ്വസ്ഥത നിറച്ചു. ഈ വൈറസ് കാരണം 2020 മുതൽ 2022 വരെ നാട്ടിൽ കുടുങ്ങി. ഇടയ്ക്ക് ഈ വൈറസ് മൂലം ഏറ്റവും പ്രിയപ്പെട്ട സലാഹ് വാപ്പിയുടെ മരണവും സംഭവിച്ചു. ലോകം വെട്ടിപ്പിടിക്കാനുള്ള അധികാരികളുടെയോ മറ്റുള്ളവരുടെയോ ഭ്രാന്താണോ ഈ വൈറസിന് കാരണം?
ശാസ്ത്രം അത്രമേൽ വികാസം പ്രാപിച്ച ഈ കാലത്ത് ഒരു വൈറസ്സിനെ കീഴടക്കാൻ എന്തുകൊണ്ട് നമുക്ക് കഴിയുന്നില്ല? തുടങ്ങിയ ഉത്തരമില്ലാത്ത നിരവധി ചോദ്യങ്ങൾ എന്നിലൂടെ കടന്നു പോയി. ആ അസ്വസ്ഥകൾക്കിടയിൽ ഞാൻ കണ്ടെത്തിയ ഉത്തരങ്ങളാണ് ഈ നോവൽ സംവദിക്കുന്നത്. എൻ്റെ ആദ്യ പുസ്തകം ആണ് സൈകതം ബുക്സിലൂടെയാണ് പുറത്തിറങ്ങുന്നത്. പുസ്തകമേളയിൽ ഏഴാം നമ്പർ ഹാളിലെ റൈറ്റേഴ്‌സ് ഫോറത്തിൽ നവംബർ 10 ന് രാത്രി 9 ന് ആണ് പ്രകാശന ചടങ്ങ്.