ഏഷ്യൻ യോഗാസൻ സ്പോർട്സ ഫെഡറേഷന്‍റെ പ്രസിഡന്‍റായി നൗഫ് അൽ മർവായിയെ തിരഞ്ഞെടുത്തു
Mail This Article
റിയാദ് ∙ ഏഷ്യൻ യോഗാസൻ സ്പോർട്സ ഫെഡറേഷന്‍റെ പ്രസിഡന്‍റായി സൗദിയിൽ നിന്നുള്ള നൗഫ് അൽ മർവായിയെ തിരഞ്ഞെടുത്തു. ദുബായിൽ നടന്ന ഏഷ്യൻ ഫെഡറേഷന്‍റെ ആറാമത് ജനറൽ അസംബ്ലി യോഗത്തിലാണ് സൗദി യോഗ കമ്മിറ്റിയുടെ പ്രസിഡന്‍റ് കൂടിയായ നൗഫ് അൽ മർവായിയെ ഏകകണ്ഠമായി നിയമിച്ചത്. 13 രാജ്യങ്ങളിലെ ദേശീയ യോഗ ഫെഡറേഷനുകളുടെ പ്രതിനിധികൾ പരിപാടിയിൽ പങ്കെടുത്തു.
2024 മുതൽ 2028 വരെയാണ് കാലാവധി. കായിക മേഖലയിൽ സൗദി അറേബ്യയുടെ വർധിച്ചുവരുന്ന സ്വാധീനമാണ് തന്‍റെ തിരഞ്ഞെടുപ്പിന് കാരണമെന്നും, ഏഷ്യൻ ഫെഡറേഷൻ അംഗങ്ങൾ തന്നിൽ അർപ്പിക്കുന്ന വിശ്വാസത്തെ കൃതഞ്ജതയോടെ അൽ മർവായ് പറഞ്ഞു. ആരോഗ്യവും ഫിറ്റ്‌നസും പ്രോത്സാഹിപ്പിക്കുന്നതിനുള്ള സൗദി അറേബ്യയുടെ സമർപ്പണത്തെ പ്രതിനിധീകരിക്കുന്നതിനിടയിൽ ഏഷ്യയിലുടനീളമുള്ള യോഗ തുടരാനുള്ള തന്‍റെ പ്രതിബദ്ധതയും അവർ പങ്കുവെച്ചു.
സൗദി യോഗാ കമ്മിറ്റിയുടെ പ്രസിഡന്‍റായി സൗദിയെ സേവിക്കുന്നത് ഒരു പ്രത്യേക പദവിയാണ്, ഏഷ്യൻ യോഗാസൻ സ്‌പോർട്‌സ് ഫെഡറേഷന്‍റെ പ്രസിഡന്‍റായി രാജ്യത്തെ സേവിക്കുന്നതിലൂടെ ആ ബഹുമതി ഉയർത്തിയതിൽ ഞാൻ അഭിമാനിക്കുന്നുവെന്നും അൽ-മർവായ് കൂട്ടിചേർത്തു. സൗദിയിലുടനീളം യോഗക്ക് ഏറെ പ്രചരണമാണ് നൗഫ് അൽ മർവായി നൽകി വരുന്നത്. 2018- ൽ ഇന്ത്യ പത്മശ്രീ നൽകി സൗദി അറേബ്യയിലെ ആദ്യത്തെ അംഗീകൃത യോഗ പരിശീലകയായ നൗഫ് അൽ മർവയെ ആദരിച്ചു.
അന്നത്തെ പ്രസിഡന്‍റ് രാംനാഥ് കോവിന്ദിൽ നിന്നായിരുന്നു ബഹുമതി സ്വീകരിച്ചത്. രാജ്യത്തിനു പുറത്ത് ഗൾഫ് രാജ്യങ്ങളിൽ നിന്നും പത്മശ്രീ ബഹുമതി ലഭിക്കുന്ന ആദ്യ വനിതയാണ് അവർ. സൗദി അറേബ്യയിൽ യോഗയ്ക്ക് നൽകിയ സംഭാവനകളെ മാനിച്ചാണ് ഇന്ത്യ നൗഫ് അൽ മർവായിക്ക് പത്മശ്രീ സമ്മാനിച്ച് അദരിച്ചത്. കഴിഞ്ഞ സെപ്റ്റംബറിൽ ഡൽഹിയിൽ നടന്ന രണ്ടാമത് ന്യൂസ് 18 ഷീ ശക്തി പരിപാടിയിൽ ഇന്ത്യയുടെ ഉപരാഷ്ട്രപതി ജഗദീപ് ധൻഖറും നൗഫയെ ആദരിച്ചിരുന്നു.