മരുഭൂമിയിൽ കൃഷി ചെയ്തു വിജയിച്ച കർഷകരെ ആദരിച്ചു
Mail This Article
ഷാർജ ∙ ഗൾഫിലെ മരുഭൂമിയിൽ കൃഷി ചെയ്ത് വിജയം നേടിയ 10 മലയാളികളെ ഷാർജ ഇന്ത്യൻ അസോസിയേഷൻ ലിറ്റററി കമ്മിറ്റി സംഘടിപ്പിച്ച ചടങ്ങിൽ തൃശൂർ കേന്ദ്രമായി പ്രവർത്തിക്കുന്ന പ്രഫ. ടി.എ. ഉഷാകുമാരിയുടെ നേതൃത്വത്തിലുള്ള പെൺകൂട്ടായ്മയായ 'സമത' ആദരിച്ചു. ഹരിതസമൃദ്ധി ആദരസന്ധ്യ എന്ന പരിപാടിയിൽ ഷാർജ റിസർച്ച് ആൻഡ് സ്റ്റഡീസ് ഡിപ്പാർട്ട്‌മെന്റ് ഓഫ് കൾച്ചറൽ ആൻഡ് ഇൻഫർമേഷൻ തലവൻ ഡോ.ഒമർ അബ്ദുൽ അസീസ്, പരിസ്ഥിതി മന്ത്രാലയം ആൻഡ് വാട്ടർ ടെക്‌നിക്കൽ അഫയേഴ്‌സ് മുൻ അസിസ്റ്റന്റ് അണ്ടർ സെക്രട്ടറി ഡോ. മറിയം അൽ ഷെനാസി, ഷാർജ ഇന്ത്യൻ അസോസിയേഷൻ പ്രസിഡന്റ് നിസാർ തളങ്കര, ജനറൽ സെക്രട്ടറി ശ്രീപ്രകാശ്, ട്രഷറർ ഷാജി ജോൺ, എഴുത്തുകാരനും ചലച്ചിത്ര പ്രവർത്തകനുമായ ഇ.എം.അഷ്‌റഫ് എന്നിവർ പങ്കെടുത്തു.
സമത പ്രസിദ്ധീകരിച്ച എം ഒ രഘുനാഥിന്റെ 'ഈന്തപ്പന: മരുഭൂമിയിലെ ജീവ വൃക്ഷം' പ്രകാശനം ഡോ. ഒമർ അബ്ദുൽ അസീസ്, ഡോ. മറിയം അൽ ഷെനാസിക്ക് നൽകി നിർവഹിച്ചു. രാധാകൃഷ്ണൻ മച്ചിങ്ങൽ പുസ്തകം പരിചയപ്പെടുത്തി. വിജയൻ പിള്ള, രാജി ശ്യാം സുന്ദർ, സുനി ശ്യാം, രാഗേഷ് കേളോത്ത്, സുധീഷ് ഗുരുവായൂർ, മുഹമ്മദ് റഷീദ്, പ്രവീൺ കോട്ടവാതുക്കൽ, അബ്ദുൽ ഷുക്കൂർ എന്നിവരും മൊയ്തുണ്ണിക്കു വേണ്ടി സുനിൽ രാജും ആദരം ഏറ്റുവാങ്ങി. ഇ.എം.അഷ്‌റഫിന്റെ ' അറേബ്യൻ മണ്ണിലെ മലയാളി കർഷകർ' എന്ന പുസ്തകത്തിലൂടെ പരിചയപ്പെടുത്തിയവരാണ് പത്ത് കർഷകരും. ലിറ്റററി കമ്മിറ്റി കോ ഓഡിനേറ്ററും മാനേജിങ് കമ്മിറ്റി അംഗവുമായ യൂസഫ് സഗീർ അധ്യക്ഷത വഹിച്ചു. കൺവീനർ പി.മോഹനൻ പ്രസംഗിച്ചു.