പഞ്ചാബ് രുചികളുമായി മലയാളിയുടെ 'ഹോയ് പഞ്ചാബ്' ദുബായിൽ
Mail This Article
ദുബായ് ∙ പരമ്പരാഗത പഞ്ചാബി രുചികൾ പരിചയപ്പെടുത്തി ഇന്ത്യയിൽ ശ്രദ്ധ നേടിയ ഹോയ് പഞ്ചാബ് ബ്രാൻഡിന്റെ പുതിയ റസ്റ്ററന്റ് ദുബായിലെ കരാമയിൽ തുറന്നു. മലയാളികളുടെ നേതൃത്വത്തിൽ പ്രവർത്തിക്കുന്ന ഈ ബ്രാൻഡ്, പ്രവാസി മലയാളികളുടെ അഭിരുചികനുസരിച്ചുള്ള പഞ്ചാബി ഉത്തരേന്ത്യൻ വിഭവങ്ങൾ അണിനിരത്തിയാണ് ഗൾഫ് മേഖലയിലെ അവരുടെ ആദ്യത്തെ ശാഖ തുറന്നത്.
പഞ്ചാബിലെ പരമ്പരാഗത ഭക്ഷണപാചകരീതികൾ അനുസരിച്ചാണ് ഇവിടെ ഭക്ഷണങ്ങൾ തയാറാക്കുന്നതെന്ന് അധികൃതർ പറഞ്ഞു. ഹിമാചൽ പ്രദേശത്ത് നിന്നുള്ള അപൂർവ സസ്യമായ ഗുച്ചി ഉപയോഗിച്ച് തയാറാക്കുന്ന തണ്ടൂരി ഗുച്ചി, കബാബ് എന്നിവ ഇവിടുത്തെ പ്രശസ്തമായ സ്റ്റാർ ഡിഷുകളിൽ ഒന്നാണ്. മാംസാഹാര പ്രേമികൾക്കായി ലാംബ് ചോപ്സ് കബാബും തണ്ടൂരി റാനും വ്യത്യസ്ത ചിക്കൻ ടിക്കകളും ലഭ്യമാണ്. മലയാളികൾ അടക്കമുള്ള പ്രവാസികൾ ഇഷ്ടപ്പെടുന്ന തരത്തിൽ വെജിറ്റേറിയനിലും നോൺ വെജിറ്റേറിയനിലുമുള്ള ഏറെ രുചികരമായ വിഭവങ്ങളുമുണ്ട്.
കൊച്ചിയും ബാംഗ്ലൂരും ഹൈദരാബാദ് അടക്കം പത്തോളം സ്ഥലങ്ങളിൽ വിജയകരമായി പ്രവർത്തിക്കുന്ന ഹോയ് പഞ്ചാബ്, പ്രവാസ ലോകത്തെ ഭക്ഷണപ്രിയർക്ക് തങ്ങളുടെ 'ഭക്ഷണപ്പെരുമ' പരിചയപ്പെടുത്തുക എന്ന ലക്ഷ്യത്തോടെയാണ് ആരംഭിച്ചതെന്ന് പാർട്‌ണർ ഷമീർ മുഹമ്മദ് പറഞ്ഞു. മാനേജ്മെന്റ് മലയാളികൾ ആണെങ്കിലും പ്രധാന ഷെഫും മറ്റു പാചക്കാരും പഞ്ചാബിൽ നിന്നുള്ളവരാണ്. മധ്യപൂർവദേശത്ത് കൂടുതൽ ഹോയ് പഞ്ചാബ് റസ്റ്ററന്റുകൾ തുറക്കുമെന്നും അദ്ദേഹം അറിയിച്ചു.