‘നിർമിതബുദ്ധിയുടെ കാലത്ത് മനുഷ്യന് സ്വന്തമായുള്ളത് ഇന്ദ്രിയങ്ങൾ മാത്രം’
Mail This Article
ഷാർജ ∙ വിമാനം പറത്തുന്നതു മുതൽ അഴുക്കുചാൽ വൃത്തിയാക്കുന്നതു വരെ നിർമിത ബുദ്ധി ഉപകരണങ്ങൾ നിർവഹിക്കുന്ന കാലത്ത്, മനുഷ്യനു മാത്രമായുള്ളത് അവന്റെ ഇന്ദ്രിയങ്ങൾ മാത്രമായിരിക്കുമെന്നു ഐറിഷ് – ഈജിപ്ഷ്യൻ സംരംഭകനും എഴുത്തുകാരനുമായ നാദിം സാദേക്.
വിജ്ഞാനത്തിന്റെ രൂപം തന്നെ മാറി. അറിവ് നേടുക, അറിഞ്ഞതിനെ ഓർത്തുവയ്ക്കുക എന്നിവയായിരുന്നു ഒരുകാലത്ത് പ്രധാനമെങ്കിൽ ഇന്ന്, ആവശ്യമുള്ള അറിവിനെ മാത്രം എടുത്ത് ഉപയോഗിക്കുക എന്നതിലേക്കു നമ്മുടെ മുൻഗണനകൾ മാറി.
എഐ സാങ്കേതികത നമ്മുടെ മുന്നിൽ വിജ്ഞാനത്തിന്റെ പ്രളയം സൃഷ്ടിക്കുമ്പോൾ വിവരങ്ങളുടെ തിരഞ്ഞെടുപ്പിൽ വിമർശന ബുദ്ധിയോടെയുള്ള ചിന്തകളും അറിവുകളുടെ ഉറവിടം സംബന്ധിച്ച പരിശോധനകളും മാത്രമായി മനുഷ്യന്റെ ജോലി പരിമിതപ്പെട്ടെന്നും അദ്ദേഹം പറഞ്ഞു.
ഷാർജ രാജ്യാന്തര പുസ്തകോത്സവത്തിൽ ‘ബിസിനസ് മാനേജ്മെന്റ് – വർത്തമാനകാലത്തെ ദിശാസൂചികയും ഭാവിയുടെ രൂപീകരണവും എന്ന വിഷയത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
സാങ്കേതിക വിദ്യയെ അന്ധമായി ആശ്രയിക്കുന്നതിനു പകരം സാങ്കേതിക വിദ്യയെ നയിക്കുന്നതിലാകണം മനുഷ്യന്റെ ശ്രമങ്ങളെന്ന് സാമ്പത്തിക പരിശീലകനും ചിന്തകനുമായ അബ്ദുല്ല അൽഹസാവി പറഞ്ഞു.